അതിരൂപതയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കും: കര്‍ദിനാള്‍ ആലഞ്ചേരി
അതിരൂപതയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കും: കര്‍ദിനാള്‍ ആലഞ്ചേരി
ഭൂമിയിടപാടില്‍ എറണാകുളം - അങ്കമാലി അതിരൂപതയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്ന ഉറപ്പ് പാലിക്കുമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.
ഭൂമിയിടപാടില്‍ എറണാകുളം - അങ്കമാലി അതിരൂപതയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്ന ഉറപ്പ് പാലിക്കുമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി കൊച്ചിയില്‍ നടത്തിയ സമവായ ചര്‍ച്ചയിലാണ് കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമവായ ചര്‍ച്ചയ്ക്കായി നാളെ ചേരുന്ന വൈദിക സമിതിയിലും കര്‍ദിനാള്‍ പങ്കെടുക്കും.
കെസിബിസി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം, മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് സമവായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് അലഞ്ചേരി, സഹായ മെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍ വീട്ടില്‍, ഫാദര്‍ കുര്യാക്കോസ് മുണ്ടാടനടക്കമുള്ള വൈദിക സമിതി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. അതിരൂപതയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താമെന്ന ഉറപ്പ് നേരത്തെ നല്‍കിയിരുന്നുവെന്നും ഇത് പാലിക്കുമെന്നും കര്‍ദിനാള്‍ യോഗത്തെ അറിയിച്ചു. ഇതോടെയാണ് അതിരൂപതയ്ക്കകത്ത് ചേരിതിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം കെസിബിസി നേതൃത്വം മുന്നോട്ട് വെച്ചത്.
കെസിബിസി നിര്‍ദേശം വൈദിക സമിതി വിളിച്ച് ചേര്‍ത്ത് ചര്‍ച്ച ചെയ്യാമെന്ന് സമിതി സെക്രട്ടറി നിലപാടെടുത്തു. നാളെ വൈകിട്ട് മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും. വീഴ്ചകള്‍ വൈദിക സമിതി യോഗത്തില്‍ തുറന്ന് പറഞ്ഞ് സമവായത്തിന് തയ്യാറാകണമെന്ന കെസിബിസി നിര്‍ദേശം മാര്‍ ജോര്‍ജ് ആലഞ്ചേരി അംഗീകരിച്ചു. ഇതോടെയാണ് ഒത്തുതീര്‍പ്പിന് അവസരമൊരുങ്ങിയത്. എന്നാല്‍ ഭൂമിയിടപാട് വിഷയത്തിലെ കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച കാര്യം യോഗം ചര്‍ച്ച ചെയ്തില്ല. ഇതോടെ ഭൂമിയിടപാട് വിവാദത്തില്‍ നാളെ നടക്കുന്ന വൈദിക സമിതി യോഗം നിര്‍ണായകമായി മാറും.
Adjust Story Font
16