Quantcast

വരാപ്പുഴ കസ്റ്റഡി കൊലപാതകം: സി ഐ ക്രിസ്‍പിൻ സാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

MediaOne Logo

Khasida

  • Published:

    28 May 2018 11:30 PM GMT

വരാപ്പുഴ കസ്റ്റഡി കൊലപാതകം: സി ഐ ക്രിസ്‍പിൻ സാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
X

വരാപ്പുഴ കസ്റ്റഡി കൊലപാതകം: സി ഐ ക്രിസ്‍പിൻ സാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പരമാവധി നാല് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന ഐ പി സി 342, 218 വകുപ്പുകളാണ് സി ഐ ക്രിസ്‍പിൻ സാമിനെതിരെ ചുമത്തിയിരിക്കുന്നത്.

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ അറസ്റ്റിലായ പറവൂർ സി ഐ ക്രിസ്‍പിൻ സാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചു, തെറ്റായ കേസ് രേഖ കോടതിയിൽ സമർപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കേസിലെ അഞ്ചാം പ്രതിയായ ക്രിസ്‍പിൻ സാമിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ടോടെയാകും ക്രിസ്‍പിൻ സാമിനെ പറവൂർ കോടതിയിൽ ഹാജരാക്കുക.

പരമാവധി നാല് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന ഐ പി സി 342, 218 വകുപ്പുകളാണ് സി ഐ ക്രിസ്‍പിൻ സാമിനെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യമനുവദിക്കരുതെന്ന വാദം അന്വേഷണ സംഘം ഉന്നയിച്ചേക്കാനാണ് സാധ്യത.

കേസ് മേല്‍നോട്ടത്തിലെ പിഴവാണ് സി ഐ ക്രിസ്‍പിൻ സാമിന് വിനയായത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത, വീടാക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ട യുവാക്കളെ അറസ്റ്റ് ചെയ്തത് പിറ്റേന്നാണ് എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ സി ഐ ഒപ്പിട്ട് നൽകിയിരുന്നു. ഇതു വഴി അന്യായ തടങ്കലിനും, തെറ്റായ കേസ് രേഖ തയ്യാറാക്കുന്നതിനും സി ഐ ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ.

സി ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയ്തതോടെ വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിലെ അന്വേഷണം കാര്യക്ഷമമാണെന്ന വാദം ഉയർത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. റെക്കോർഡ് വേഗത്തിൽ കുറ്റക്കാർക്കെതിരായ പ്രാഥമിക നടപടികൾ പുർത്തിയാക്കാനായെന്ന അവകാശവാദം ഉന്നയിക്കാനാവുമെന്നും പൊലീസ് കരുതുന്നു. അതേസമയം കേസിൽ ആരോപണ വിധേയനായ ആലുവ റൂറൽ എസ്പിയായിരുന്ന എ വി ജോർജിനെ സി പി എം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്സിനെ നിയന്ത്രിച്ചിരുന്ന എ.വി ജോര്‍ജിനെതിരായ നടപടി സ്ഥലം മാറ്റത്തിലൊതുക്കുന്നതിനെ എതിർക്കുമെന്ന് ശ്രീജിത്തിന്റെ കുടുംബവും പറയുന്നു.

TAGS :

Next Story