തൂണേരി ഷിബിന്‍ കൊലപാതകം: വിധി നാളെ
തൂണേരി ഷിബിന്‍ കൊലപാതകം: വിധി നാളെ
നാദാപുരത്ത് സുരക്ഷ ശക്തമാക്കി
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ നാളെ വിധി പറയും. കോഴിക്കോട് സ്പെഷല്‍ അഡീഷനല്‍ സെഷന്‍ കോടതിയാണ് വിധി പറയുക. വിധി പറയാനിരിക്കെ നാദാപുരത്ത് സുരക്ഷ ശക്തമാക്കി.
2015 ജനുവരി 22നാണ് തൂണേരി വെള്ളൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വധിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
സംഭവസ്ഥലത്തുണ്ടായിരുന്ന സി പി എം, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെയും രാഷ്ട്രീയകക്ഷികളിലൊന്നും പെടാത്ത ആളെയും അക്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
17 പ്രതികളാണ് കേസിലുളളത്. യൂത്ത് ലീഗ് പ്രവര്‍ത്തകരായ തെയ്യമ്പാടി ഇസ്മയില്‍, സഹോദരന്‍ മുനീര്‍, താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്‍ലം എന്നിവരാണ് ആദ്യ മൂന്ന് പ്രതികള്‍. 66 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ 151 രേഖകളും 55 തൊണ്ടി മുതലുകളുമുണ്ട്.
വിധിയുടെ ഭാഗമായി കനത്ത സുരക്ഷ തൂണേരി, വെള്ളൂര്‍ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഷിബിന്റെ കൊലപാതകത്തിന് ശേഷം വ്യാപക അക്രമസംഭവങ്ങള്‍ തൂണേരിയിലും പരിസര പ്രദേശങ്ങളിലും അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിധിയോടനുബന്ധിച്ചും സുരക്ഷ ശക്തമാക്കുന്നത്. അഡ്വ. കെ വിശ്വനാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അഡ്വ. സി കെ ശ്രീധരനാണ് പ്രതിഭാഗം അഭിഭാഷകന്‍.
Adjust Story Font
16