Quantcast

പൂഞ്ഞാറിലെ തോല്‍വി: സിപിഎം കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

MediaOne Logo

Sithara

  • Published:

    28 May 2018 5:35 AM GMT

പൂഞ്ഞാറിലെ തോല്‍വി: സിപിഎം കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി
X

പൂഞ്ഞാറിലെ തോല്‍വി: സിപിഎം കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി

പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സിപിഎം നിയോഗിച്ച ഏകാംഗ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു.

പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സിപിഎം നിയോഗിച്ച ഏകാംഗ കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഏരിയ കമ്മിറ്റിക്ക് പുറമെ ജില്ലാ കമ്മിറ്റിയിലേക്കും നടപടിയുണ്ടാകുമെന്നാണ് സൂചന.

പി സി ജോര്‍ജിന് ഇടതുമുന്നണി സീറ്റ് നിഷേധിച്ച് ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ പി സി ജോസഫിന് നല്‍കിയതോടെയാണ് പൂഞ്ഞാര്‍ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായത്. സിപിഎമ്മിന്‍റെ പ്രാദേശിക ജില്ലാ നേതാക്കളില്‍ പലര്‍ക്കും ഇതു സ്വീകാര്യമായിരുന്നില്ല. തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനം കാര്യക്ഷമമാകുന്നില്ലെന്നു മനസിലാക്കിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രണ്ടു തവണ മണ്ഡലത്തിലെത്തി നേതാക്കള്‍ക്ക് താക്കീതും നല്‍കിയിരുന്നു. എന്നിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വെറും 22,270 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പി സി ജോര്‍ജിന് ലഭിച്ചത് 63,621 വോട്ടുകളും. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 42000ത്തിലധികം വോട്ടുകള്‍ ലഭിച്ചിരുന്നു. ഇതോടെ പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകളും ഇത്തവണ ചോര്‍ന്നെന്നു വ്യക്തം. എല്‍ഡിഎഫ് ഭരിക്കുന്ന കോരുത്തോട്, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തെക്കേക്കര എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിന്നില്‍ പോയി. പൂഞ്ഞാറിലെ 161 ബൂത്തുകളില്‍ 157 ഇടങ്ങളിലും ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പിന്തള്ളപ്പെട്ടു.

തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഎം സംസ്ഥാന സമിതി നിയോഗിച്ച സെക്രട്ടറിയേറ്റ് അംഗം ബേബി ജോണാണ് തെളിവെടുപ്പ് ആരംഭിച്ചത്. പാര്‍ട്ടി അനുഭാവികളുടെ വോട്ട് ബിഡിജെഎസ് സ്ഥാനാര്‍ഥിക്കു ചോര്‍ന്നെന്നും സ്ത്രീ വോട്ടര്‍മാരുടെ വോട്ടുകള്‍ ലഭിച്ചില്ലെന്നുമാണ് ഏരിയ കമ്മിറ്റി അംഗങ്ങള്‍ അടക്കമുള്ളവര്‍ കമ്മീഷനെ അറിയിച്ചത്. പോളിംഗ് പൂര്‍ത്തിയായ ദിവസവും 5000ത്തിലധികം വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിക്കുമെന്നാണ് സിപിഎം പ്രാദേശിക കമ്മിറ്റികള്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതും കമ്മീഷന്‍ ഗൌരവത്തോടെ കാണുന്നു. തോല്‍വിയില്‍ നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. പ്രാദേശിക കമ്മിറ്റികള്‍ക്കു പുറമെ ജില്ലാ കമ്മിറ്റി വരെ തലകള്‍ ഉരുളുമോയെന്നതാണ് കണ്ടറിയേണ്ടത്.

TAGS :

Next Story