ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കാനുള്ളതിനാല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്.
കെ.എം മാണിക്കെതിരായ ബാര്‍ക്കോഴക്കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് അന്വേഷണ സംഘം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കാനുള്ളതിനാല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന നിലപാടാണ് വിജിലന്‍സ് സ്വീകരിച്ചത്. ഇതിനിടെ, ബാര്‍ അസോസിയേഷന്‍ നേതാവ് ബിജുരമേശിനെതിരെ നല്‍കിയ മാനനഷ്ടകേസിലെ തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് കെഎം മാണി കോടതിയില്‍ അപേക്ഷ നല്‍കി.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കാനായിരുന്നു വിജിലന്‍സിന് കോടതി നല്‍കിയിരുന്ന നിര്‍ദ്ദേശം. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും, പരിശോധിക്കാനുമുള്ളതിനാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഒപ്പം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ഏഴ് സാക്ഷികളുടെ മൊഴിയെടുത്തതായി റിപ്പോര്‍ട്ടിലുണ്ട്. 28 രേഖകള്‍ പരിശോധിച്ചതായും കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സിന്റെ ആവിശ്യം കോടതി അംഗീകരിക്കുകയായിരുന്നു. നവംബര്‍ 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അതേസമയം, തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ ബിജു രമേശിനെതിരെ നല്‍കിയിരുന്ന മാനനഷ്ടക്കേസില്‍ കെഎം മാണി മലക്കം മറിഞ്ഞു. മാനനഷ്ടകേസിലെ തുക 10 കോടിയില്‍ നിന്ന് 20 ലക്ഷമായി കുറക്കണമെന്നാണ് മാണിയുടെ അപേക്ഷ. കോടതിയില്‍ താന്‍ കെട്ടിവെക്കേണ്ട തുക കുറയ്ക്കാനാണ് ഇത്തരത്തിലുള്ള അപേക്ഷ സമര്‍പ്പിക്കുന്നതാണ് വിശദീകരണമായി പറയുന്നത്. ബിജു രമേശിനെതിരായ കേസുകളില്‍ നിന്ന് കെഎം മാണി പിന്നോട്ട് പോകുന്നതിന്റെ സൂചനയാണ് അപേക്ഷയിലൂടെ വ്യക്തമാകുന്നത്.
Adjust Story Font
16