ഒരു വിഭാഗം ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍
ഒരു വിഭാഗം ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍
പ്രൊമോഷനും ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുമെന്നുമുള്ള ഉറപ്പുകള്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സമരം.
ശമ്പള പരിഷ്കരണ സമരത്തിലെ ഒത്തുതീര്‍പ്പുകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടങ്ങി. പ്രൊമോഷനും ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുമെന്നുമുള്ള ഉറപ്പുകള്‍ സര്‍ക്കാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് സമരം. കേരള ഗവ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
പത്താം ശമ്പള പരിഷ്കരണത്തില്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചത് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് കെജിഎംഒഎ നടത്തിയ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ചര്‍ച്ച നടത്തിയിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം സര്‍ക്കാര്‍ ഉത്തരവിലെ അപാകതകൾ പരിഹരിക്കുമെന്ന് ഉറപ്പ് ലഭിച്ചു. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തുമെന്നും പിടിച്ചുവെച്ച പ്രൊമോഷന്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു. എന്നാല്‍ ഈ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം ആരംഭിച്ചത്. പ്രൈമറി കെയര്‍ പ്രോഗ്രാം, ആര്‍ദ്രം തുടങ്ങിയ പുതിയ പദ്ധതികളുമായി സഹകരിക്കില്ല.
വിഐപി ഡ്യൂട്ടി, പേവാര്‍ഡ് അഡ്മിഷന്‍ സ്ഥാപനത്തിന് പുറത്തുള്ള മെഡിക്കല്‍ ക്യാമ്പുകള്‍, മെഡിക്കല്‍ ബോര്‍ഡുകള്‍, എന്നീ ജോലികള്‍ സമരത്തിന്റെ ഭാഗമായി ഒഴിവാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന യോഗങ്ങള്‍, ബ്ലോക് ജില്ല കോൺഫറന്‍സ് അടക്കമുള്ള ജില്ല തല അവലോകന യോഗങ്ങൾ മറ്റ് മീറ്റിങുകള്‍, ഔദ്യോഗിക പരിശീലന പരിപാടികള്‍ എന്നിവ ബഹിഷ്കരിക്കും. സമരത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിസ്സഹകരണ സമരം ശക്തമാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Adjust Story Font
16