എറണാകുളം ഇത്തവണ ഇടതോ വലതോ?
വികസനവും കുടിവെള്ളപ്രശ്നവുമെല്ലാം രാഷ്ട്രീയവിഷയമാകുന്ന ജില്ലയിലെ മണ്ഡലങ്ങളില്‍ ബാര്‍, സോളാര്‍ അഴിമതികളും പ്രചാരണായുധമാകും
എറണാകുളം ജില്ലയില്‍ ഒരു പതിറ്റാണ്ടോ അതിലേറെയോ ആയി യുഡിഎഫ് കുത്തകയാക്കി വെച്ചിരിക്കുന്ന മണ്ഡലങ്ങളാണ് എറണാകുളവും കൊച്ചിയും തൃപ്പൂണിത്തുറയും. വികസനവും കുടിവെള്ളപ്രശ്നവുമെല്ലാം രാഷ്ട്രീയവിഷയമാകുന്ന ഈ മണ്ഡലങ്ങളില്‍ ബാര്‍, സോളാര്‍ അഴിമതികളും പ്രചാരണായുധമാകും.
ജില്ലയില്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് നഗരവോട്ടര്‍മാര്‍ വിധിനിശ്ചയിക്കുന്ന എറണാകുളം മണ്ഡലത്തിലാണ്. വികസനം തന്നെയാണ് എന്നും ഇവിടെ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമായിട്ടുള്ളത്. കൊച്ചി മെട്രോയും വല്ലാര്‍പാടവും സിറ്റി ഗ്യാസ് പദ്ധതിയുമെല്ലാം ഇത്തവണയും പ്രചാരണവിഷയമാകും. ലത്തീന്‍ സഭയ്ക്ക് ആധിപത്യമുള്ള മണ്ഡലത്തിലെ വിധി നിര്‍ണയിക്കുന്നത് ക്രിസ്ത്യന്‍ വോട്ടുബാങ്ക് തന്നെയാണ്. മണ്ഡലത്തിന്റെചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. 87 ല്‍ എം കെ സാനുമാസ്റ്ററും 98 ലെ ഉപതിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളും. 6 തവണ വിജയിച്ച എ എല്‍ ജേക്കബാണ് കൂടുതല്‍ കാലം മണ്ഡലത്തെ സഭയില്‍ പ്രതിനിധീകരിച്ച വ്യക്തി. 2011 ല്‍ കന്നിപോരാട്ടത്തില്‍ 32437 വോട്ടുകള്‍ക്ക് വിജയിച്ച ഹൈബി ഈഡന്റേതാണ് റെക്കോര്‍ഡ് ഭൂരിപക്ഷം.
തൃപ്പൂണിത്തുറ, മരട് നഗരസഭകള്‍, കുമ്പളം, ഉദയംപേരൂര്‍ പഞ്ചായത്തുകള്‍ക്കൊപ്പം കോര്‍പറേഷനിലെ 11 മുതല്‍ 18 വരേയുള്ള വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് തൃപ്പൂണിത്തുറ മണ്ഡലം. തൃപ്പൂണിത്തുറയിലേത് തുടര്‍ച്ചയായ ആറാം ഊഴം തേടുന്ന കെ ബാബുവിന് മാത്രമല്ല, ഇടതുപക്ഷത്തിനും ബിജെപിക്കും ഒരുപോലെ അഭിമാനപോരാട്ടമാണ്. ബാര്‍കോഴ തന്നെയാകും മുഖ്യതിരഞ്ഞെടുപ്പ് വിഷയം. 65 ല്‍ രൂപീകൃതമായ മണ്ഡലം കഴിഞ്ഞ കാല്‍നൂറ്റാണ്ട് യൂഡിഎഫിനൊപ്പം നിന്നെങ്കില്‍ അതിനുമുമ്പ് 6 തവണ ഇടതുപക്ഷത്തേയും പിന്തുണച്ചിട്ടുണ്ട്. ഈഴവവോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി ബിഡിജെഎസ് സഖ്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. തൃപ്പൂണിത്തുറ നഗരസഭയില്‍ പ്രതിപക്ഷത്തെത്തിയത് ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നു.
മട്ടാഞ്ചേരി, പളളുരുത്തി മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ കൂട്ടിചേര്‍ത്ത് കഴിഞ്ഞതവണ രൂപീകരിച്ച മണ്ഡലമാണ് കൊച്ചി. 50 ശതമാനത്തിലേറെ ലത്തീന്‍ വോട്ടുകളുള്ള മണ്ഡലം രാഷ്ട്രീയ സാമുദായിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് മണ്ഡലമാണെന്ന് പറയാം. ലത്തീന്‍ സമുദായത്തിന് ശക്തമായ സ്വീധീനമുള്ള ജില്ലയിലെ രണ്ടാമത്തെ മണ്ഡലമാണ് കൊച്ചി. കൊച്ചി കോര്‍പറേഷനിലെ 1 മുതല്‍ 12, വരേയും 21 മുതല്‍ 28 വരേയുമുള്ള ഡിവിഷനുകളും ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്തുകളും ചേരുന്നതാണ് കൊച്ചി. മണ്ഡലത്തിന്റെ ആദ്യ എംഎല്‍എ ആയി ഡൊമനിക്ക് പ്രസന്റേഷന് കൊച്ചിയിലും പള്ളുരുത്തിയിലും എറണാകുളത്തുമായി ഇത് എട്ടാമങ്കമാണ്. നേരത്തെ പള്ളുരുത്തി മണ്ഡലമായിരുന്ന ഇവിടെനിന്ന് എന്‍സിപി നേതാവായ ടിപി പീതാംബരന്‍മാസ്റ്ററും ഡൊമനിക്ക് പ്രസന്റേഷനും 3 വീതം തവണ വിജയിച്ചിട്ടുണ്ട്.
Adjust Story Font
16