ഇടതുപക്ഷത്തിന് പെരിന്തല്‍മണ്ണയില്‍ 'പെരിയ' പ്രതീക്ഷ
ഇടതുപക്ഷത്തിന് പെരിന്തല്‍മണ്ണയില്‍ 'പെരിയ' പ്രതീക്ഷ
ഇഞ്ചോടിഞ്ച് പോരാടിയാലും ഒരിക്കലൊഴികെ പെരിന്തല്‍മണ്ണ കൈവിട്ടിട്ടില്ലെന്ന ആത്മവിശ്വത്തിലാണ് യുഡിഎഫ്.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷം പ്രതീക്ഷയോടെ കാണുന്ന നിയോജക മണ്ഡലമാണ് പെരിന്തല്‍മണ്ണ. കേവലം 579 വോട്ടുകളുടെ വ്യത്യാസത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ എല്‍ഡിഎഫ് തോറ്റത്. ഇഞ്ചോടിഞ്ച് പോരാടിയാലും ഒരിക്കലൊഴികെ പെരിന്തല്‍മണ്ണ കൈവിട്ടിട്ടില്ലെന്ന ആത്മവിശ്വത്തിലാണ് യുഡിഎഫ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി അഞ്ചുതവണ നാലകത്ത് സൂപ്പി യുഡിഎഫിന്റെ വെന്നിക്കോടി പാറിച്ച മണ്ഡലമാണ് പെരിന്തല്‍മണ്ണ. 2006 ലെ തെരഞ്ഞെടുപ്പില്‍ പക്ഷേ എല്‍ഡിഎഫിലെ വി ശശികുമാര്‍ വിജയിച്ച് എംഎല്‍എയായി. 2011 ല്‍ മുന്നണി മാറി യുഡിഎഫില്‍ എത്തിയ മഞ്ഞളാംകുഴി അലിയിലൂടെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചു. 9589 വോട്ടായിരുന്നു അന്ന് യുഡിഎഫിന്റെ ഭൂരിപക്ഷം. 2016ലെ അതിശക്തമായ പോരാട്ടത്തില്‍ കേവലം 579 വോട്ടിനാണ് യുഡിഎഫിന് ജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്ന പുലാമന്തോള്‍, മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. ഈ കണക്ക് തന്നെയാണ് ഇടതുപക്ഷത്തിന് ആത്മവിശ്വാസം പകരുന്നത്. അത്ഭുതങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ പെരിന്തല്‍മണ്ണയാണ് ഇടതുപക്ഷത്തെ ആദ്യം കനിയേണ്ടത് എന്ന് സാരം. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ഇ അഹമ്മദ് നേടിയ ഭൂരിപക്ഷം 10614 വോട്ടുകളായിരുന്നു. അല്‍പം വിയര്‍ത്താലും പെരിന്തല്‍മണ്ണ കൈവിടില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നര ശതമാനം വോട്ട് നേടിയ എസ്ഡിപിഐയും മൂന്ന് ശതമാനം വോട്ട് ലഭിച്ച വെല്‍ഫെയര്‍പാര്‍ടിയും ഇത്തവണ മത്സരിക്കുന്നില്ല. ഈ വോട്ടുകള്‍ ആര്‍ക്ക് ലഭിക്കുമെന്നതും മണ്ഡലത്തിലെ വിധിയെഴുത്തില്‍ പിരിമുറുക്കം വര്‍ധിപ്പിക്കുന്ന ഘടകമാണ്.
Adjust Story Font
16