മൂന്നാറില്‍ വിഎസ് - പ്രസ്താവനയുടെ പൂര്‍ണ രൂപം
മൂന്നാറില്‍ വിഎസ് - പ്രസ്താവനയുടെ പൂര്‍ണ രൂപം
ഭൂമാഫിയയുടെ കയ്യില്‍നിന്നും, അവര്‍ എത്ര ഉന്നതരായാലും, ഓരോ ഇഞ്ച് കയ്യേറ്റ ഭൂമിയും ഒഴിപ്പിച്ചെടുക്കുകതന്നെ വേണം. ആര്‍ജവത്തോടെ അതിനു മുതിരുന്നവരുടെ കൈ വെട്ടും, കാല്‍ വെട്ടും, രണ്ട് കാലില്‍ നടക്കാനനുവദിക്കില്ല എന്നൊക്കെ വിളിച്ചുകൂവുന്ന ഭൂമാഫിയകളെ നിലക്ക് നിര്‍ത്തുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കടമ....
മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ പല വാര്‍ത്തകളും വരുന്ന സാഹചര്യത്തില്‍, മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 2006-2011ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും അതിന്റെ ബാക്കിപത്രവും സംബന്ധിച്ച് ചല കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
1996-2000 കാലഘട്ടത്തില്‍ ഗവണ്‍മെന്റിന് സമര്‍പ്പിക്കപ്പെട്ട രണ്ട് അഷ്വറന്‍സ് കമ്മിറ്റി റിപ്പോര്‍ട്ടുകളാണ് ടാറ്റ ടീ കമ്പനി മൂന്നാറില്‍ നടത്തുന്ന അനധികൃത സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തെക്കുറിച്ചും അനധികൃത ഭൂമി വില്‍പ്പനയെ കുറിച്ചുമുള്ള വിശദാംശങ്ങള്‍ ആദ്യമായി വെളിച്ചത്ത് കൊണ്ടുവന്നത്. 2002 മുതല്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നിരന്തരമായി പ്രവര്‍ത്തിച്ച അനുഭവങ്ങളൊന്നും ഞാന്‍ വിവരിക്കുന്നില്ല. മൂന്നാറില്‍ മാട്ടുപ്പെട്ടി ഡാമിന്റെ ജലസംഭരണിയോട് ചേര്‍ന്ന് കിടക്കുന്നതും വൈദ്യുതി വകുപ്പിന്റെ കൈവശമുളളതുമായ 310 സെന്റ് ഭൂമി കോണ്‍ഗ്രസ്സിലെ ദേവികുളം എം.എല്‍.എ എ.കെ. മണിയുടെ നേതൃത്വത്തിലുളള ഒരു കടലാസ് സംഘടനയ്ക്ക് കൈമാറിയ സര്‍ക്കാര്‍ നടപടി ഞാന്‍ പത്രസമ്മേളനത്തില്‍ ചോദ്യം ചെയ്തു. സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനുവേണ്ടി 2006 ജനുവരി 5ന് ഞാന്‍ ഇടുക്കി മാട്ടുപെട്ടി ഡാമും പരിസരവും സന്ദര്‍ശിക്കുകയുണ്ടായി. ഈ ഭൂമി തിരിച്ചെടുക്കാന്‍ നടപടിയെടുക്കണമെന്ന് കാണിച്ച് അന്നത്തെ മുഖ്യമന്ത്രിക്ക് കത്തും നല്‍കി. അതൊന്നും രമേശ് ചെന്നിത്തലയ്ക്ക് ഓര്‍മ്മ കാണില്ല. വിഎസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യം വന്‍ പരാജയമായിരുന്നു എന്നാണല്ലോ ഇപ്പോള്‍ രമേശ് ചെന്നിത്തല കണ്ടെത്തിയിട്ടുള്ളത്.
അതിലേക്ക് വരാം.2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. പിന്നീടുണ്ടായ നടപടികള്‍ കേരളം കണ്ടതാണ്. ടാറ്റയുടെ ബോര്‍ഡുകള്‍ പറിച്ചെറിഞ്ഞു. പന്തീരായിരത്തില്‍ പരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചു. 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി. യുഡിഎഫിന്റെ അഷ്വറന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് ഏട്ടിലെ പശുവായിരിക്കാന്‍ സമ്മതിച്ചില്ല എന്നര്‍ത്ഥം. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കാനാണ് എന്റെ സര്‍ക്കാര്‍ ശ്രമിച്ചത്. അന്നത്തെ മൂന്നാര്‍ ഓപ്പറേഷനോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിച്ചുവെങ്കിലും യു.ഡി.എഫുകാര്‍ വിതണ്ഡവാദങ്ങളുന്നയിക്കുകയല്ലേ ചെയ്തത്? ഒടുവില്‍ 2011ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മൂന്നാറില്‍ എന്താണ് സംഭവിച്ചത് എന്ന് നിങ്ങള്‍ക്കറിയാം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിപ്പിച്ച ഭൂമിയെല്ലാം വീണ്ടും കയ്യേറിയിരിക്കുന്നു. വീണ്ടും അവിടെ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു. കനത്ത ചൂട് താങ്ങാനാവാതെ മൂന്നാറിലെ ഏലത്തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. ഇക്കാലമത്രയും കെപിസിസി പ്രസിഡണ്ടും യുഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തല അപ്പോഴൊക്കെ ഉറങ്ങുകയായിരുന്നോ? ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒഴിപ്പിച്ച ഭൂമിയുടെയും പൊളിച്ച റിസോര്‍ട്ടുകളുടെയും കണക്ക് ഞാന്‍ വെക്കാം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായ കാലത്ത് സര്‍ക്കാരിലേക്ക് തിരിച്ചുപിടിച്ച ഒരേക്കര്‍ ഭൂമിയോ, പൊളിച്ചുമാറ്റിയ ഒരു കെട്ടിടമോ കാണിച്ചു തരാമോ എന്ന് ഞാന്‍ ചോദിക്കുകയാണ്. എല്ലാ കയ്യേറ്റങ്ങളുടെയും ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടിയുണ്ടായിരുന്നു എന്ന വസ്തുത ആര്‍ക്കാണ് നിഷേധിക്കാനാവുക? അന്ന് ഞങ്ങള്‍ പൊളിച്ച മൂന്നാര്‍ വുഡ്‌സ്, ക്ലൗഡ്9, ബി6, ബിസിജി പോതമേട് തുടങ്ങിയ റിസോര്‍ട്ടുകളെല്ലാം കാടായി നിലനില്‍ക്കുന്നുണ്ടല്ലോ. എന്നാല്‍, തിരുവഞ്ചൂര്‍ റവന്യൂ മന്ത്രിയായിരുന്ന കാലത്ത് കൊട്ടിഘോഷിച്ച് ഏറ്റെടുത്ത ചിന്നക്കനാലിലെ 'ജോയ്‌സ് റിസോര്‍ട്ട്' ഉടമകളുടെ കയ്യില്‍ എങ്ങനെ തിരിച്ചെത്തി എന്ന കാര്യം ചെന്നിത്തല അന്വേഷിച്ചിട്ടുണ്ടോ? അന്ന് സ്റ്റോപ് മെമ്മോ കൊടുത്ത് നിര്‍ത്തിയിരുന്ന പള്ളിവാസല്‍, ചിത്തിരപുരം, പോതമേട്, ചിന്നക്കനാല്‍ ലക്ഷ്മി തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങളുണ്ടായതും പലതിന്റേയും ഉദ്ഘാടനം കഴിഞ്ഞതും മൂന്നാറിലേക്ക് യാത്രപോയ രമേശ് ചെന്നിത്തല നേരിട്ട്
കണ്ടുകാണും എന്ന് കരുതുന്നു. മൂന്നാര്‍ മേഖലയില്‍ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇപ്പോഴും നിര്‍ബാധം നടക്കുകയാണെന്നാണ് മാധ്യമ വാര്‍ത്തകളില്‍നിന്ന് മനസ്സിലാക്കുന്നത്. ഹൃദയഭേദകമാണ് നിങ്ങള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍. പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശമാണ് മൂന്നാര്‍. മൂന്നാറിന്റെ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങി. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ റിസോര്‍ട്ടുകളാണ് വേണ്ടതെന്ന വാദവും കച്ചവടക്കണ്ണുള്ളവര്‍ ഉയര്‍ത്തുന്നുണ്ട്. ടൂറിസ്റ്റുകള്‍ വരുന്നത് റിസോര്‍ട്ടുകളില്‍ താമസിക്കാനല്ല, മൂന്നാറിന്റെ പാരിസ്ഥിതിക സവിശേഷതകള്‍ ആസ്വദിക്കാനാണെന്ന് അറിയാത്തവരല്ല, ഈ വാദമുയര്‍ത്തുന്നത്.
'സംസ്ഥാനത്തിന്റെ ഒരിഞ്ച് ഭൂമിപോലും കയ്യേറപ്പെടരുത്. നമ്മുടെ പ്രകൃതിയും പരിസരവും കുത്തകകള്‍ക്ക് ചൂഷണത്തിന് വിട്ടുകൊടുക്കരുത്.' തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ഞങ്ങള്‍ ജനങ്ങളോട് പറഞ്ഞ ഒരു വാഗ്ദാനം ഇതായിരുന്നു. ഈ ഉറപ്പ് പാലിക്കാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഹൈക്കോടതി 2016 നവംബറില്‍ അവിടത്തെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുകളയണമെന്ന് ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. ഇപ്പോള്‍ നിയമസഭാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും വന്നിരിക്കുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുകളയണമെന്നുമാണ് റിപ്പോര്‍ട്ടിന്റെ കാതലായ ഭാഗം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുമെന്നും ഉള്ള ഉറച്ച നിലപാടുതന്നെയാണ് ഈ സര്‍ക്കാര്‍ കൈക്കൊണ്ടത്. എന്നാല്‍, ഭൂമാഫിയയുടെ ആളുകളും കയ്യേറ്റം നടത്തിയവരുമെല്ലാം പരസ്യമായി കയ്യേറ്റമൊഴിപ്പിക്കലിനെതിരെ രംഗത്തു വരുന്നുണ്ട്. ഇത് പണ്ടും സംഭവിച്ചതാണ്.
ഭൂമാഫിയയുടെ കയ്യില്‍നിന്നും, അവര്‍ എത്ര ഉന്നതരായാലും, ഓരോ ഇഞ്ച് കയ്യേറ്റ ഭൂമിയും ഒഴിപ്പിച്ചെടുക്കുകതന്നെ വേണം. ആര്‍ജവത്തോടെ അതിനു മുതിരുന്നവരുടെ കൈ വെട്ടും, കാല്‍ വെട്ടും, രണ്ട് കാലില്‍ നടക്കാനനുവദിക്കില്ല എന്നൊക്കെ വിളിച്ചുകൂവുന്ന ഭൂമാഫിയകളെ നിലക്ക് നിര്‍ത്തുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കടമ. ഇത് കേരളത്തിന്റെ ആവശ്യമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആരുടെ പ്രേരണയാലാണ് നടപടികളെടുക്കുന്നത് എന്നതല്ല, എന്ത് നടപടിയാണെടുക്കുന്നത് എന്നതാണ് പ്രധാനം. ആ നിലയില്‍, അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന കാലത്തോളം അത്തരം ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റേയും ജനങ്ങളുടേയും പിന്തുണയുണ്ടാവും.
മൂന്നാറിലെ കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും ഒരുപോലെയല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണുന്നത്. അവിടെ നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി കാണാനാവില്ല. എന്നാല്‍, അടുത്തിടെ നടന്ന കയ്യേറ്റങ്ങള്‍ ആ ഗണത്തില്‍ വരില്ല. മൂന്നാറിലെ ക്വാറികളെയും ഏലപ്പാട്ട ഭൂമിയിലെ ബഹുനില കെട്ടിട നിര്‍മ്മാണങ്ങളെയും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ ആരായാലും അത് കേരളത്തിന്റെ താല്‍പ്പര്യത്തിനു വേണ്ടിയല്ലെന്ന് വ്യക്തമാണല്ലോ. വാസ്തവത്തില്‍ ഭൂമാഫിയാ ഗുണ്ടകളുടെ നിലവാരമുള്ളവരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മൂന്നാറിലും പരിസര പ്രദേശങ്ങളിലും വലിയ നിക്ഷേപങ്ങളുള്ളവരെ ജനങ്ങള്‍ക്കറിയാം. അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.
കയ്യേറ്റങ്ങള്‍ മൂന്നാറില്‍ മാത്രമായി പരിമിതപ്പെടുന്നില്ല. നമ്മുടെ കായലുകളും നദികളും കടല്‍ത്തീരവുമെല്ലാം സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നു. അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വിഭവ ചൂഷണം നടത്തുകയും ചെയ്യുന്നു. ഈ നിയമവിരുദ്ധ നടപടികളെല്ലാം കോടതികള്‍ വഴി സാധൂകരിച്ചെടുക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു എന്നത് ഗൗരവമായിത്തന്നെ ഞങ്ങള്‍ കാണുന്നു.
ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കാര്യത്തിലും മൂന്നാറിലെ റിസോര്‍ട്ടുകളുടെ കാര്യത്തിലും പാറ്റൂരിലെ കയ്യേറ്റത്തിന്റെ കാര്യത്തിലും സ്വാശ്രയ കോളേജുകളിലെ കയ്യേറ്റങ്ങളുടെ കാര്യത്തിലുമെല്ലാം സര്‍ക്കാര്‍ ജാഗരൂകമായി കേസുകള്‍ നടത്തുകയാണ് വേണ്ടത്. കേരളത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. കോവളം കൊട്ടാരം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ എക്കാലവും ഒത്താശ ചെയ്തത് യുഡിഎഫ് സര്‍ക്കാരാണ്. കോടതിയില്‍ ഒത്തുകളിച്ചതിന്റെ ഫലമായി കൊട്ടാരം സ്വകാര്യ വ്യവസായിയില്‍നിന്ന് ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്. അതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും എന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിച്ചത്. സിവില്‍ കേസ് ഫയല്‍ ചെയ്യണം എന്ന നിയമോപദേശം കയ്യില്‍ കിട്ടിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അതിന് തയ്യാറാവണം. അതിനു പകരം, ആ നിയമോപദേശത്തെ ഇല്ലാതാക്കാന്‍ എന്ത് ഉപദേശം തേടാമെന്നാവും വ്യവസായി ആലോചിക്കുക. അതിനു മുമ്പ് സര്‍ക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
Adjust Story Font
16