Quantcast

ക്ഷേമപ്രവര്‍ത്തനങ്ങളുടേയും വിവാദങ്ങളുടേയും ഒരു വര്‍ഷം

MediaOne Logo

Khasida

  • Published:

    29 May 2018 6:33 PM GMT

ക്ഷേമപ്രവര്‍ത്തനങ്ങളുടേയും വിവാദങ്ങളുടേയും ഒരു വര്‍ഷം
X

ക്ഷേമപ്രവര്‍ത്തനങ്ങളുടേയും വിവാദങ്ങളുടേയും ഒരു വര്‍ഷം

എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്കാരംഭം കുറിക്കാനായെങ്കിലും ഒന്നൊഴിയാതെ പിന്തുടരുന്ന വിവാദങ്ങള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തി. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിദിനത്തില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധവും അരങ്ങേറുന്നുണ്ട്.

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചതും, വിദ്യാഭ്യാസ ലോണ്‍ എഴുതി തള്ളാനെടുത്ത തീരുമാനവും ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്നു. അഭിമാനകരമായ പദ്ധതിയായാണ് കിഫ്ബിയെ വിലയിരുത്തുന്നത്. 36047 പേര്‍ക്ക് പി എസ് സി വഴി ജോലികൊടുത്തു. 2500 തസ്തികകള്‍ സ്യഷ്ടിച്ചു. സെക്രട്ടേറിയേറ്റില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കാനെടുത്ത തീരുമാനവും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. കേരള ബാങ്കും പണിപ്പുരയിലാണ്. 6500 കോടിയുടെ തീരദേശ ഹൈവേക്കും 3500 കോടിയുടെ മലയോര ഹൈവേക്കുമുളള നടപടികള്‍ പുരോഗമിക്കുന്നു. ആദിവാസികള്‍ക്ക് ഉള്‍പ്പെടെ 2.5 ലക്ഷം പേര്‍ക്ക് പുതിയതായി വൈദ്യുതി നല്‍കി.

നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും ജനക്ഷേമ പദ്ധതികളേക്കാളേറെ വിവാദങ്ങള്‍ കൊണ്ട് സമ്പന്നമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരു വര്‍ഷം. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണേണ്ടായെന്ന് മുഖ്യമന്ത്രി തീരുമാനിച്ചതില്‍ തുടങ്ങി ടി പി സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് കടന്ന് കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതിയില്‍ ഉണ്ടായ ആശയക്കുഴപ്പം വരെ എത്തി നില്‍ക്കുന്നു അത്.

സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന്റെയും, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റേയും രാജി എല്‍ഡിഎഫിനെ പ്രതിസന്ധിയിലാക്കി. ടി പി സെന്‍കുമാറിനെ തിരിച്ച് നിയമിക്കേണ്ടി വന്നത് നാണക്കേടായി. ഒട്ടുമിക്ക തീരുമാനങ്ങളിലും‍, പ്രത്യേകിച്ച് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ സിപിഎമ്മും-സിപിഐയും തമ്മിലടിച്ചു.

ഒന്നാം വാര്‍ഷികത്തില്‍ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തുണ്ട്. പ്രതിപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്സും യുവമോര്‍ച്ചയും സെക്രട്ടറിയേറ്റ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്‍കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകമെത്തി

അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പേ പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഹൈസ്കൂളുകള്‍ വരെയുള്ള 90 ശതമാനത്തോളം പുസ്തകങ്ങളും ഇതിനോടകം സ്കൂള്‍ സൊസൈറ്റികളില്‍ എത്തിച്ചിട്ടുണ്ട്.12 ാം ക്ലാസിലെ 92 ശതമാനം പുസ്തകങ്ങളുടേയും വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞു.

2017-18 അധ്യയനവര്‍ഷത്തേക്കുള്ള മുഴുവന്‍ പാഠപുസ്തകളും മൂന്ന് വാല്യങ്ങളായി അച്ചടിച്ച് വിതരണം ചെയ്യാന്‍ കെബിപിഎസിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. 2016 സെപ്റ്റംബറില്‍ നല്‍കിയ പ്രിന്റ് ഓര്‍ഡര്‍ പ്രകാരം 6 കോടിയോളം പുസ്തകങ്ങളാണ് കെബിപിഎസ് അച്ചടിച്ചത്. ഒന്നാം വാല്യത്തില്‍ 2.9 കോടിയും രണ്ടാം വാല്യത്തില്‍ 2.41 കോടിയും മൂന്നാം വാല്യത്തില്‍ 76 ലക്ഷവും പുസ്കങ്ങളാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. 1 മുതല്‍ പത്ത് വരെയുള്ള പുസ്തകങ്ങളുടെ 90 ശതമാനം ഇതിനോടകം തന്നെ സ്കൂള്‍സൊസൈറ്റികളില്‍ എത്തിച്ച് കഴിഞ്ഞു. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ മുഴുവന്‍ പുസ്തകങ്ങളും വിതരണം ചെയ്യുമെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്.

11,12 ക്ലാസുകളിലെ പാഠപുസ്തങ്ങളുടെ അച്ചടിയും വിതരണവും സി ആപ്റ്റിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.11 ക്ലാസിലെ പുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ വിതരണം ചെയ്യും.12 ാം ക്ലാസിലെ പാഠപുസ്തകവിതരണം 92 ശതമാനം പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്ന കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പതിവില്‍ നിന്ന് വ്യത്യസ്തമായി പാഠപുസ്തക അച്ചടിക്കുള്ള കടലാസ് വാങ്ങുന്നതിലെ ചുമതല കൂടി വകുപ്പില്‍ നിന്ന് മാറ്റി കെബിപിഎസിന് നല്‍കിയത് കൊണ്ടാണ് വിതരണം അച്ചടിയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നാണ് വിലയിരുത്തല്‍.

ഏകാധിപതിയായ നായകനോ?

മുന്നണി സംവിധാനത്തിലുള്ള സര്‍ക്കാരിനെ നയിച്ച ഒരു മുഖ്യമന്ത്രിക്കും കിട്ടാത്ത നിയന്ത്രണമാണ് ഈ സര്‍ക്കാരില്‍ പിണറായിക്കുള്ളത്. അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് സര്‍ക്കാരിന്റെ നായകന്‍. ഏകാധിപതികളെപ്പോലെ പിണറായി വിജയന്‍ പെരുമാറുന്നുവെന്ന വിമര്‍ശവും ശക്തമാണ്.

ഗൌരവവും കാര്‍ക്കശ്യവുമാണ് പിണറായി വിജയന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നിലപാടുകള്‍ക്കും. 16 വര്‍ഷം സംഘടനാ തലപ്പത്തായിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ ആധിപത്യം തന്നെയാണ് സര്‍ക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനുളളത്. സര്‍ക്കാരിന്റെ അരങ്ങത്തും അണിറയിലുമെല്ലാം പിണറായി തന്നെ. ഒരു വകുപ്പിലും മുഖ്യമന്ത്രി അറിയാതെ ഒന്നും സംഭവിക്കില്ല. ഓരോ വകുപ്പിലും മന്ത്രിമാര്‍ക്ക് നേരിട്ടെടുക്കാവുന്ന തീരുമാനങ്ങളിലും ഇതാണ് അവസ്ഥ. ഘടകകക്ഷി മന്ത്രിമാര്‍ പോലും മറിച്ചൊരു തീരുമാനത്തിന് ധൈര്യപ്പെടില്ലെന്നതാണ് വസ്തുത. മുഖ്യമന്ത്രിയുടെ ഈ നിലപാട് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം ഇല്ലെന്ന ആക്ഷേപം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായ മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളും മെട്രോ ഉദ്ഘാടന വിവാദത്തില്‍ മന്ത്രി കടകംപളളിയെ തിരുത്തി മുഖ്യമന്ത്രി രംഗത്തുവന്നതുമെല്ലാം ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്. സിപിഐ എക്സിക്യൂട്ടീവിലടക്കം മുഖ്യമന്ത്രി ഏകാധിപതികളെപ്പോലെ പെരുമാറുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു.

മാധ്യമങ്ങളെ അകലത്തില്‍ നിര്‍ത്തുന്ന മുഖ്യമന്ത്രിയുടെ നിലപാട് പലപ്പോഴും തിരിച്ചടിയാകുന്നുവെന്ന വിമര്‍ശവുമുയര്‍ന്നു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉള്‍പ്പെടെയുളളവ വിവരാവകാശ നിയമപ്രകാരം പുറത്തുവിടാനാകില്ലെന്ന മുഖ്യമന്ത്രിയുടെ സമീപനവും അതിരൂക്ഷ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. മുണ്ടുടുത്ത മോദിയെന്നും ഏകാധിപതിയെന്നുമുളള വിമര്‍ശ ശരങ്ങളും പിണറായിയെത്തേടിയെത്തി. എന്നാല്‍ ഇതൊന്നും തന്നെ കാര്‍ക്കശ്യക്കാരനായ പിണറായി വിജയനെ ഒരു വിധത്തിലും കുലുക്കിയിട്ടില്ല

പ്രതിപക്ഷത്തിനും ഇന്ന് പിറന്നാള്‍

സര്‍ക്കാരിന്റെ മാത്രമല്ല രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന പ്രതിപക്ഷം കൂടി ഒരു വര്‍ഷം തികയ്ക്കകുകയാണ്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ പ്രതിപക്ഷത്തിനായി. അതേസമയം സര്‍ക്കാരിനെതിരെ സ്ഥായിയായ പ്രക്ഷോഭങ്ങള്‍ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശവും പ്രതിപക്ഷം നേരിടുന്നു.

കേരളത്തിലെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ആദ്യ മാസങ്ങളില്‍ തന്നെ പ്രക്ഷോഭങ്ങളിലേക്ക് പ്രതിപക്ഷത്തിന് കടക്കേണ്ടി വന്നിരുന്നു. പിണറായി സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍. ചോദ്യപേപ്പര്‍ ചോര്‍ച്ച, ഭൂമി രജിസ്ട്രേഷന്‍ നികുതി വര്‍ധന ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും സമരമയുര്‍ത്തി.

സ്വാശ്രയ ഫീസ് വര്‍ധനക്കെതിരായ സമരമാണ് പ്രതിപക്ഷനിരയെ ഊര്‍ജസ്വലമാക്കിയത്. പുറത്ത് യുവജനസംഘടനകളുടെ പ്രക്ഷോഭവും നിയമസഭക്കകത്ത് എംഎല്‍എമാരുടെ നിരാഹാരവുമായപ്പോള്‍ സര്‍ക്കാര്‍ ശരിക്കും പ്രതിരോധത്തിലായി. ഫീസ് കുറക്കാമെന്ന് സ്വാശ്രയകോളജുകള്‍ തന്നെ പറഞ്ഞു.

ബന്ധുനിയമനവിവാദത്തില്‍ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അയച്ച കത്താണ് മന്ത്രിയുടെ രാജിയില്‍ തന്നെ കലാശിച്ചത്. ബജറ്റ് ചോര്‍ച്ച, ജിഷ്ണു പ്രണോയ് സമരം, ടി പി സെന്‍കുമാര്‍ കേസ് എന്നിവയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു.

എന്നാല്‍ ഇത്രത്തോളം വിവാദങ്ങളും വീഴ്ചകളും ഉണ്ടായ സര്‍ക്കാരിനെതിരായ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതില്‍ പ്രതിപക്ഷം വിജയിച്ചില്ലെന്ന വിലയിരുത്തലും ശക്തമായി നിലനില്‍ക്കുന്നു. ഈ വിലയിരുത്തലിനും പ്രതിപക്ഷത്തിനൊരു മറുപടിയുണ്ട്.

ആദ്യഘട്ടത്തില്‍ നിയമസഭയില്‍ ധാര്‍ഷ്ഠ്യത്തോടെ പെരുമാറിയ മുഖ്യമന്ത്രി പിണറായി വിജയനെ മെരുക്കിയെടുക്കാന്‍ യുവനേതക്കളുടെ പ്രകടനത്തിന്റെ കൂടി മികവില്‍ പ്രതിപക്ഷം നിരക്കായി എന്നതും വസ്തുതയാണ്.

TAGS :

Next Story