Quantcast

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്ന അവകാശവാദവുമായി പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

MediaOne Logo

Jaisy

  • Published:

    29 May 2018 3:42 AM GMT

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്ന അവകാശവാദവുമായി  പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്
X

പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്ന അവകാശവാദവുമായി പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

മുഖ്യമന്ത്രി പിണറായി വിജയന്‍ സംവിധായകന്‍ രഞ്ജിത്തിന് നല്കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്ന അവകാശവാദവുമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംവിധായകന്‍ രഞ്ജിത്തിന് നല്കിയാണ് പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയതിന്റെ പ്രവര്‍ത്തന പുരോഗതിയാണ് റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം.

അഞ്ച് വര്‍ഷത്തിനിടെ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുമെന്നായിരുന്നു എല്‍ഡി എഫിന്റെ പ്രകടന പത്രികയിലെ ആദ്യവാഗ്ദാനം. ഒരു വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തി പതിമൂവായിരത്തി എഴുനൂറ്റി നാല്പത്തി അഞ്ച് പേര്‍ക്ക് തൊഴില്‍ നല്കിയെന്ന് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പറയുന്നു. ഐടി ടൂറിസം, ഇലക്ട്രോണിക്സ് മേഖലകളിലൊഴികെയാണിത്. പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭകരമാക്കുമെന്ന് വാഗ്ദാനത്തിനരികെ എത്തിയെന്നാണ് സര്‍ക്കാരിന്റെ വാദം. നഷ്ടം 131 കോടിയില്‍ നിന്നും ഒരു വര്‍ഷം കൊണ്ട് 71 കോടിയായി കുറച്ചു. ഒപ്പം 13 പൊതുമേഖലസ്ഥാപനങ്ങള്‍ ലാഭത്തിലെത്തിച്ചു. പ്രകൃതി വാതകപൈപ്പ് ലൈന്‍ പദ്ധതി പുനരുജ്ജീവിപ്പിച്ചു. 503 കിലോമീറ്റര്‍ ദൂരത്തില്‍ 453 കിലോമീറ്ററില്‍ ഭൂവിനിയോഗവകാശം പൂര്‍ത്തിയാക്കിയതായും പ്രോഗസ്സ് റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഉയര്‍ത്തി. കുടിശ്ശിക വിതരണം ചെയ്തു. വിഴിഞ്ഞം പദ്ധതി ഉള്‍പ്പെടെയുളള വന്‍കിട പ്രൊജക്ടുകള്‍ മികച്ച രീതിയില്‍ മുന്നേറുന്നു. സ്ത്രീകള്‍ക്കായുള്ള വകുപ്പിന്റെ രൂപീകരണം അന്തിമഘട്ടത്തിലെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രകടനപത്രികയില്‍ വലിയ വാഗ്ദാനമായി നല്കുകയും എന്നാല്‍ ഇതുവരെ കാര്യമായി പുരോഗതി ഇല്ലാത്തതുമായ പദ്ധതികളും പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലുണ്ട്. തീരദേശപാക്കേജിനുള്ള നടപടി തുടങ്ങിയിട്ടില്ലെന്ന് സര്‍ക്കാര്‍ തുറന്ന് സമ്മതിക്കുന്നു. പ്രവാസി വികസന നിധിയെന്ന പ്രഖ്യാപനം ആരംഭിക്കാനായിട്ടില്ല. ഇതിനൊപ്പം കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപവത്കരിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചെന്നും നടപടി പുരോഗമിക്കുകയാണെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രോഗസ്സ് കാര്‍ഡ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളോട് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് അവസാനിക്കുന്നത്.

TAGS :

Next Story