തോമസ് ചാണ്ടിക്കെതിരായ തുടര്‍ നടപടികള്‍ വൈകും
തോമസ് ചാണ്ടിക്കെതിരായ തുടര്‍ നടപടികള്‍ വൈകും
നിയമപരമായ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചതോടെ തുടർ നടപടികൾ വൈകുമെന്ന് വ്യക്തമായി.
മന്ത്രി തോമസ്ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോർട്ടിൽ സർക്കാർ നിയമോപദേശം തേടിയതോടെ തുടർ നടപടികൾ വൈകുമെന്നുറപ്പായി. ഇടതു മുന്നണിയുടെ മേഖല ജാഥകൾ കഴിയുന്നതിന് പിന്നാലെ മാത്രമേ സർക്കാർ നടപടികളിലേക്ക് കടക്കാൻ സാധ്യതയുള്ളൂ. എജിയുടെ നിയമോപദേശവും എതിരാവുകയാണെങ്കിൽ തോമസ് ചാണ്ടിയെ അധികനാൾ സംരക്ഷിക്കാൻ സർക്കാരിന് കഴിയില്ല.
കായൽ കയ്യേറ്റം അടക്കം തോമസ് ചാണ്ടി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ആലപ്പുഴ ജില്ല കളക്ടർ കണ്ടെത്തിയത്. നിയമപരമായ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിച്ചതോടെ തുടർ നടപടികൾ വൈകുമെന്ന് വ്യക്തമായി. തോമസ് ചാണ്ടിക്കെതിരെ ക്രിമിനൽ കേസെടക്കം എടുക്കാൻ കഴിയുമെന്ന് കളക്ടർ പറഞ്ഞെങ്കിലും നിയമോപദേശത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കളക്ടറുടെ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുന്നത് കോടതിയലക്ഷ്യമല്ലെന്ന് എജി നിയമോപദേശം നൽകിയാൽ തോമസ് ചാണ്ടിയുടെ നില പരുങ്ങലിലാവും. നിയമോപദേശം എതിരായാൽ ഇടതു മുന്നണിയുടെ മേഖല ജാഥ തീരുന്ന നവംമ്പർ മൂന്നിന് ശേഷം ചിലപ്പോൾ കടുത്ത തീരുമാനങ്ങളുണ്ടായേക്കും. എൻസിപിയുടെ പിന്തുണ മന്ത്രിക്ക് ഉണ്ടെങ്കിലും മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചാൽ തോമസ് ചാണ്ടിക്ക് പിടിച്ച് നിൽക്കാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടേയും വിലയിരുത്തൽ.
Adjust Story Font
16