പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് വിട
പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് വിട
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും ഡോക്ടറുമായ പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സ്മാരശിലകള്‍ അടക്കം മലയാളത്തിലെ എണ്ണം പറഞ്ഞ കൃതികളുടെ രചയിതാവാണ് പുനത്തില്‍. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലമുകളിലെ അബ്ദുള്ള, അലിഗഢിലെ തടവുകാരന്‍, സൂര്യന്‍ എന്നിവയാണ് പ്രധാന കൃതികള്‍.
ലളിതമായ ഭാഷ, നര്‍മ്മം നിറഞ്ഞ സംഭാഷണം, ജീവിത നിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത- പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെ ഇങ്ങനെ
അടയാളപ്പെടുത്താം. ജീവിതത്തിലെ ഏടുകളില്‍ നിന്ന് കഥയും കഥയില്‍ നിന്ന് ജീവിതവും സൃഷ്ടിച്ചുകൊണ്ടായിരുന്നു പുനത്തിലിന്‍റെ എഴുത്തുകള്‍. സ്മാരകശിലകളിലൂടെ ഖാന്‍ ബഹദൂര്‍ പൂക്കോയ തങ്ങളും, കുഞ്ഞാലിയും, പൂക്കുഞ്ഞീബി ആറ്റബിയും വായനക്കാരന്‍റെ മനസ്സില്‍ സ്മാരകം തീര്‍ത്തു.
സ്മാരകശിലകള്‍ക്ക് 1978ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1980ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മികച്ച യാത്രാവിവരണത്തിനുള്ള
2001ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്ന കൃതിക്കാണ്. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് 1975ല്‍ ചെറുകഥക്കുള്ള കേര ളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ജീവിതത്തിന്‍റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്‍റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോടും വടകരയും പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വടകര കാരക്കാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം.
Adjust Story Font
16