Quantcast

അമീറുള്‍ ഇസ്ലാം ശിക്ഷയില്‍ ഇളവിന് ഹൈക്കോടതിയെ സമീപിക്കും

MediaOne Logo

Subin

  • Published:

    29 May 2018 12:39 AM GMT

അമീറുള്‍ ഇസ്ലാം ശിക്ഷയില്‍ ഇളവിന് ഹൈക്കോടതിയെ സമീപിക്കും
X

അമീറുള്‍ ഇസ്ലാം ശിക്ഷയില്‍ ഇളവിന് ഹൈക്കോടതിയെ സമീപിക്കും

പോലീസ് കെട്ടിച്ചമച്ച കഥകള്‍ക്കനുസരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം

ജിഷ കൊലപാതക കേസിലെ പ്രതി അമീറുള്‍ ഇസ്ലാം വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കേസില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷ നല്‍കാനും അമീറിന്റെ അഭിഭാഷകര്‍ തീരുമാനിച്ചിട്ടുണ്ട്. കേസില്‍ ഇന്നലെയാണ് അമീറിനെ എറണാകുളം പ്രിന്‍സിപ്പല്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.

ജിഷ കൊലപാതക കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം പരാമവധി ശിക്ഷയായ വധശിക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അമീറുള്‍ ഇസ്ലാമിന് നല്‍കിയത്. കേസിലെ സാഹചര്യ തെളിവുകളും ഫോറന്‍സിക് റിപ്പോര്‍ട്ടും മുന്‍നിര്‍ത്തിയാണ് പ്രോസിക്യൂഷന്‍ അമീറിനെതിരെ കുറ്റം തെളിയിച്ചത്. സാക്ഷി മൊഴികളില്‍ ജിഷയുടെ അയല്‍വാസി ശ്രീലേഖയുടെ മൊഴിയും പ്രാധാന്യമുള്ളതായി.

എന്നാല്‍ പോലീസ് കെട്ടിച്ചമച്ച കഥകള്‍ക്കനുസരിച്ച് തെളിവുകള്‍ ഉണ്ടാക്കുകയായിരുന്നെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. കൊലപാതകം നടന്ന് 49 ദിവസത്തിന് ശേഷമാണ് അമീറിനെ അറസ്റ്റ് ചെയ്തത്. മലയാളം അറിയാതിരുന്ന അമീറിനെ ചോദ്യം ചെയ്യുന്നതിലും അപാകമുണ്ടായതായും പ്രതിഭാഗം ആരോപിക്കുന്നു. ജനവികാരത്തിന് അടിപ്പെട്ടാണ് വിധിയുണ്ടായതെന്നും കേന്ദ്ര ഏജന്‍സിയെ കൊണ്ട് തുടരന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം ആലോചിക്കുന്നത്. ജനുവരി ആദ്യ വാരം ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ശിക്ഷാ ഇളവിനൊപ്പം പുനരന്വേഷണവും വേണമെന്നാണ് ആവശ്യം.

TAGS :

Next Story