പാസ്പോര്‍ട്ടുമായി ഏജന്റ് മുങ്ങി, ഖത്തറില്‍ 3 മാസം ദുരിതജീവിതം; നവാസ് നാട്ടില്‍ തിരിച്ചെത്തി
പാസ്പോര്‍ട്ടുമായി ഏജന്റ് മുങ്ങി, ഖത്തറില്‍ 3 മാസം ദുരിതജീവിതം; നവാസ് നാട്ടില്‍ തിരിച്ചെത്തി
കുമാരനെല്ലൂര്‍ സ്വദേശി നവാസാണ് വിസിറ്റിങ് വിസയില്‍ തട്ടിപ്പിനിരയായത്
പാസ്പോര്‍ട്ടുമായി ഏജന്റ് മുങ്ങിയതിനെ തുടര്‍ന്ന് 3 മാസം ഖത്തറില്‍ ദുരിതമനുഭവിച്ച കോഴിക്കോട് മുക്കം സ്വദേശി ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി. കുമാരനെല്ലൂര്‍ സ്വദേശി നവാസാണ് വിസിറ്റിങ് വിസയില്‍ തട്ടിപ്പിനിരയായത്. ഖത്തറിലെത്തിയാല്‍ വിസ തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് പാസ്പോര്‍ട്ടും പണവും കൈക്കലാക്കി ഏജന്റ് മുങ്ങുകയായിരുന്നു.
2017 ഒക്ടോബർ 22 നാണ് നവാസ് വിസിറ്റിങ് വിസയില്‍ ഖത്തറിലേക്ക് പോയത്. ഖത്തറിലെത്തിയാലുടന്‍ വിസ മാറ്റി നൽകാമെന്ന് കൊല്ലം സ്വദേശിയായ ശിഹാബ് ഉറപ്പ് നല്‍കിയതായി നവാസ് പറയുന്നു. നവാസിന്റെ പാസ്പോർട്ടും പണവും കൈക്കലാക്കിയ ശേഷം ശിഹാബ് മുങ്ങിയെന്നാണ് പരാതി. തുടര്‍ന്ന് നവാസ് മൂന്ന് മാസത്തോളം ഖത്തറില്‍ ഒളിച്ചുകഴിയുകയായിരുന്നു. നവാസിൽ നിന്നും ഇയാളുടെ സഹോദരന്റെ കയ്യിൽ നിന്നും പലപ്പോഴായി ഒരു ലക്ഷത്തോളം രൂപയും ശിഹാബ് വാങ്ങിയതായി പരാതിയുണ്ട്. നവാസിന്റെ ദുരിതമറിഞ്ഞ ഏബ്ൾ ഇന്റർനാഷണൽ ഗ്രൂപ്പാണ് ഭക്ഷണവും താമസ സൗകര്യവുമൊരുക്കിയത്. തുടര്‍ന്ന് ഇവര്‍ നവാസിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് എമർജൻസി പാസ്പോർട്ട് ലഭ്യമായതോടെയാണ് നവാസിന്റെ ദുരിതത്തിന് അറുതിയായത്. തന്നെ കബളിപ്പിച്ചയാൾക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നവാസ്.
Adjust Story Font
16