Quantcast

കേരളത്തിലെ സര്‍വകലാശാലകള്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് തസ്തികകള്‍ പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല

MediaOne Logo

Khasida

  • Published:

    30 May 2018 4:30 AM GMT

കേരളത്തിലെ സര്‍വകലാശാലകള്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് തസ്തികകള്‍ പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല
X

കേരളത്തിലെ സര്‍വകലാശാലകള്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് തസ്തികകള്‍ പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല

ഒഴിവുള്ള 1264ല്‍ 551 തസ്തികകളും ഇത്തരത്തില്‍ റിപ്പോര്‍ട്ടുചെയ്യാതെ പൂഴ്ത്തിവെച്ചതായി വിവരാവകാശരേഖ

സര്‍വകലാശാല അസിസ്റ്റന്റ് തസ്തികകള്‍ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ നൂറുകണക്കിന് സീറ്റുകള്‍ സര്‍വകലാശാലകള്‍ പൂഴ്ത്തിവെച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍‌ ഉത്തരവ് കാറ്റില്‍ പറത്തിയാണ് കേരളത്തിലെ മിക്ക സര്‍വകലാശാലകളും സീറ്റുകള്‍ പൂഴ്ത്തിവെച്ചിരിക്കുന്നത്. പൂഴ്ത്തിയ സീറ്റുകളുടെ കണക്ക് പറയുന്ന വിവരാവകാശ രേഖകള്‍ മീഡിയവണിന്.

സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് വിവിധ സര്‍വകലാശാലകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തത് 713 ഒഴിവുകളാണ്. റാങ്ക് പട്ടികയില്‍ നിന്ന് 610 പേര്‍ക്ക് നിയമനം കാണിച്ച് ഇതിനകം പി എസ് സി അഡ്വൈസ് മെമ്മോയും അയച്ചു. എന്നാല്‍ വിവരാവകാശ പ്രകാരം വിവിധ സര്‍വകലാശാലകളില്‍ ഒഴിവുള്ള സീറ്റുകളുടെ കണക്കെടുത്തപ്പോള്‍ ഞെട്ടിക്കുന്ന വിവരമാണ് മീഡിയവണിന് ലഭിച്ചത്. ഒഴിവുള്ള 1264 അസിസ്റ്റന്റ് തസ്തികകളില്‍ 551 തസ്തികകളും സര്‍വകലാശാലകള്‍ പൂഴ്ത്തിവെച്ചു.

ഇതിലേറ്റവും കൂടുതല്‍ സീറ്റുകള്‍ പൂഴ്ത്തിവെച്ചത് കേരള സര്‍വകലാശാലയാണ്. ഒഴിവുള്ള 592 സീറ്റുകളില്‍ വെറും 232 സീറ്റുകള്‍ മാത്രമാണ് കേരള സര്‍വകലാശാല പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. അഥവാ 359 സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖ ശരിവെക്കുന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയാണ് തൊട്ടുപിന്നില്‍. 102 സീറ്റുകളാണ് കാര്‍ഷിക സര്‍വകലാശാല പൂഴ്ത്തിവെച്ചത്. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് സര്‍വകലാശാല നേരിട്ട് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. കുസാറ്റ്, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സംസ്കൃത സര്‍വകലാശാലകളും ഒഴിവുള്ള പല സീറ്റുകളും പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ കേരള സാങ്കേതിക സര്‍വകലാശാല 114 അനധ്യാപക തസ്തികകളില്‍ സ്വന്തം നിലക്ക് നിയമനം നടത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് സര്‍വകലാശാലകളിലെ ഞെട്ടിക്കുന്ന കണക്കും പുറത്ത് വരുന്നത്. സര്‍വകലാശാല അസിസ്റ്റന്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ ഉദ്യോഗാര്‍ഥികളെ ആശങ്കയിലാക്കുന്നതാണ് ഈ കണക്കുകള്‍.

TAGS :

Next Story