Quantcast

കഴിഞ്ഞ നൂറ്റാണ്ടിലെ നീതിബോധവുമായി നടക്കുന്ന താരങ്ങള്‍; അമ്മയ്ക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്ജ്

MediaOne Logo

Jaisy

  • Published:

    30 May 2018 10:20 AM GMT

കഴിഞ്ഞ നൂറ്റാണ്ടിലെ നീതിബോധവുമായി നടക്കുന്ന താരങ്ങള്‍; അമ്മയ്ക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്ജ്
X

കഴിഞ്ഞ നൂറ്റാണ്ടിലെ നീതിബോധവുമായി നടക്കുന്ന താരങ്ങള്‍; അമ്മയ്ക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്ജ്

ആക്രമിക്കപ്പെട്ട നടിയോട് നിസംഗമായ പിന്തുണയും ജനപ്രിയ നായകന് വീറോടെയുള്ള പിന്തുണയും എന്ന താരസംഘടനയുടെ നിലപാട് അപലപിക്കപ്പെടണം

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയെടുത്ത നിലപാടിനെക്കുറിച്ച് വിവിധ കോണുകളില്‍ നിന്നും വിമര്‍ശങ്ങളുയരുകയാണ്. ഇരയെ സംരക്ഷിക്കാതെ ആരോപണവിധയേനായ ആള്‍ക്ക് കാവലൊരുക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട താരങ്ങളുടെ പ്രതികരണവും അങ്ങേയറ്റം ഹീനമായിരുന്നു. പുരുഷാധിപത്യത്തിന്റെ കേന്ദ്രം തന്നെയാണ് സിനിമയെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്ന നിലപാടുകളും പ്രതികരണങ്ങളും. താരസംഘടനക്കെതിരെ സോഷ്യല്‍ മീഡിയയിലും എതിര്‍പ്പുകള്‍ രൂക്ഷമായിട്ടുണ്ട്. ഇരയ്ക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പമാണ് അമ്മ, അമ്മയല്ല, അമ്മായിയമ്മയാണ് എന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് ഭൂരിഭാഗവും. പ്രമുഖരും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. തികഞ്ഞ പുരുഷാധിപത്യ വ്യവസ്ഥയാണ് സിനിമയിലുള്ളതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജ്ജ് പ്രതികരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ നീതി ബോധവുമായി നടക്കുന്നവരാണ് മണ്ണിലേക്കിറങ്ങി വന്ന ഈ താരങ്ങളെന്ന് സൂസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മണിയൻപിള്ള രാജുവും ഒക്കെ ചേർന്നാൽ കേരളത്തിൽ എന്തൊരു ശക്തിയാണ്! അവരെല്ലാം ചേർന്നാണ് ദിലീപിനെ വേട്ടയാടാനനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി വരുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയെക്കുറിച്ച് ദിലീപിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തതിനെത്തുടർന്നാണിത്. ക്ഷുഭിതരായ താരങ്ങൾ പത്രസമ്മേളനത്തിൽ തന്ത്രവും നയവുമൊക്കെ വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. എത്ര ശക്തമായ പ്രതികരണം!

പക്ഷേ, അമ്മയിൽ അംഗമായ നടി ആക്രമിക്കപ്പെട്ടപ്പോൾ ഈ സംഘടന പ്രതികരിച്ചതെങ്ങനെയാണ്? ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു നടി വഴിക്ക് വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. മാനക്കേടാണെന്ന് കരുതി ആ പെൺകുട്ടി മിണ്ടാതിരുന്നില്ല. സുഹൃത്തുക്കളോട് പറഞ്ഞു, പൊലീസിൽ പരാതി കൊടുത്തു. മാധ്യമങ്ങളുടെ ശ്രദ്ധയിലെത്തി. സാമൂഹ്യമാധ്യമങ്ങളിലൂടെ സഹപ്രവർത്തകരായ നടീനടൻമാരിൽ പലരും ശക്തമായി പിന്തുണച്ചു. മഞ്ജു വാരിയർ, റീമ കല്ലിംഗൽ, പൃഥ്വിരാജ് എന്നിവർ പ്രത്യേകിച്ചും. ആക്രമിച്ചവരെ പൊലീസ് പിടികൂടി നിയമത്തിൻറെ മുന്നിൽ കൊണ്ടു വന്നു.

പക്ഷേ, ആ അഭിനേതാവ് അംഗമായിട്ടുള്ള താരസംഘടന രണ്ടു ദിവസം കഴിഞ്ഞ്, കേരളമാകെ പ്രതിഷേധിച്ച് കഴിഞ്ഞ് താരരാജാക്കൾ എവിടെ എന്ന ചോദ്യമുയർന്നപ്പോഴാണ് എറണാകുളത്ത് ഒരു പ്രതിഷേധം സംഘടിപ്പിച്ചത്. ഇപ്പോഴും ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ കാര്യത്തിൽ അലസമായ ഒരു പിന്തുണ പ്രഖ്യാപിക്കൽ മാത്രമാണുണ്ടായത്. തികഞ്ഞ പുരുഷാധിപത്യവ്യവസ്ഥയാണ് നമ്മുടെ സിനിമ. അതു തന്നെയാണ് സിനിമ സംഘടനകളുടെയും സ്വഭാവം. ഒരു ആധുനിക സമൂഹത്തിലെ സിനിമാനടന്മാരായിരുന്നു ഇവരെങ്കിൽ, ആക്രമിക്കപ്പെട്ട ഈ പെൺകുട്ടിയ്ക്ക് നീതി കിട്ടുക എന്നതിനാണ് ഒന്നാമത്തെ പരിഗണന എന്നു പറഞ്ഞേനെ! കഴിഞ്ഞ നൂറ്റാണ്ടിലെ നീതി ബോധവുമായി നടക്കുന്നവരാണ് മണ്ണിലേക്കിറങ്ങി വന്ന ഈ താരങ്ങൾ. ആക്രമിക്കപ്പെട്ട നടിയോട് നിസംഗമായ പിന്തുണയും ജനപ്രിയ നായകന് വീറോടെയുള്ള പിന്തുണയും എന്ന താരസംഘടനയുടെ നിലപാട് അപലപിക്കപ്പെടണം.

ഈ ആണധികാര കോട്ടയിൽ സ്ത്രീ തുല്യതയുടെ ശബ്ദമുയർത്താൻ ശ്രമിക്കുന്ന വിമൻ ഇൻ സിനിമ കളക്ടീവിന് എല്ലാ പിന്തുണയും.

TAGS :

Next Story