കെവിഎം ആശുപത്രി നഴ്സുമാര്‍ക്കെതിരെ വീണ്ടും പ്രതികാരനടപടി; ജോലിയെടുത്ത ദിവസങ്ങളിലെ ശമ്പളം നല്‍കിയില്ല
കെവിഎം ആശുപത്രി നഴ്സുമാര്‍ക്കെതിരെ വീണ്ടും പ്രതികാരനടപടി; ജോലിയെടുത്ത ദിവസങ്ങളിലെ ശമ്പളം നല്‍കിയില്ല
സമരം തുടങ്ങുന്നതിന് മുന്‍പ് ജോലിയെടുത്ത ദിവസങ്ങളിലെ ശമ്പളം ഇതുവരെ നല്‍കിയില്ല
ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ 41 ദിവസമായി സമരം ചെയ്യുന്ന നേഴ്സുമാര്‍ക്കെതിരെ വീണ്ടും ആശുപത്രി മാനേജ്മെന്റിന്റെ പ്രതികാര നടപടി. സമരം തുടങ്ങുന്നതിന് മുന്‍പ് ജോലിയെടുത്ത ദിവസങ്ങളിലെ ശമ്പളം ഇതുവരെ നല്‍കിയില്ല. മറ്റ് സ്ഥാപനങ്ങളിലേക്ക് പോകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് നഴ്സിങ്ങ് സൂപ്രണ്ട് ഭീഷണി സന്ദേശവും അയച്ചു.
യു എന്‍ എ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയായി രണ്ടു നഴ്സുമാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നാണ് കെ വി എം ആശുപത്രിയില്‍ നഴ്സുമാര്‍ വീണ്ടും സമരം ആരംഭിച്ചത്. മന്ത്രിമാര്‍ അടക്കം ഇടപെട്ടിട്ടും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനും സമരം ഒത്തു തീര്‍പ്പാക്കാനും ആശുപത്രി മാനേജ്മെന്റ് തയ്യാറായില്ല. കൂടുതല്‍ പേരെ പിരിച്ചുവിടും എന്ന ഭീഷണിയാണ് മാനേജ്മെന്റ് മുഴക്കിയത്. അതിനു പുറമെയാണ് ഇപ്പോള്‍ പുതിയ പ്രതികാരനടപടിയായി ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളം പോലും നഴ്സുമാര്‍ക്ക് നല്‍കാതെ പിടിച്ചു വെച്ചിരിക്കുന്നത്. സെപ്തംബര്‍ മാസത്തിലെ ശമ്പളം ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കും സമരത്തില്‍ ഇല്ലാത്ത ഒരു നഴ്സിങ്ങ് ജീവനക്കാരിക്കും മാത്രമാണ് നല്‍കിയത്.
ഇതിന് പുറമെയാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സൂചിപ്പിച്ച് മോശമായ ഭാഷയിലുള്ള വാട്സ്ആപ്പ് സന്ദേശം നഴ്സിങ്ങ് സൂപ്രണ്ട് സമരത്തില്‍ പങ്കെടുക്കുന്ന നഴ്സുമാര്‍ക്ക് അയച്ചത്. ഇത്തരത്തില്‍ നഗ്നമായ നിയമലംഘനങ്ങള്‍ ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാത്തത് മാനേജ്മെന്റിന് കൂടുതല്‍ കരുത്തു പകരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
Adjust Story Font
16