ലീഗ് കോട്ടകളായ പഞ്ചായത്തുകളില്‍ യുഡിഎഫിന് തിരിച്ചടി
വലിയ ലീഡ് പ്രതീക്ഷിച്ചിരുന്ന വേങ്ങരയിലും ഒതുക്കങ്ങലിലുമൊക്കെ യുഡിഎഫിന് വോട്ട് ചോര്‍ന്നു
വേങ്ങരയില്‍ മുസ്‍ലിം ലീഗ് കോട്ടകളായ പഞ്ചായത്തുകളില്‍ യുഡിഎഫിന് തിരിച്ചടി. വലിയ ലീഡ് പ്രതീക്ഷിച്ചിരുന്ന വേങ്ങരയിലും ഒതുക്കങ്ങലിലുമൊക്കെ യുഡിഎഫിന് വോട്ട് ചോര്‍ന്നു. ഈ പഞ്ചായത്തുകളില്‍ ഇടതു മുന്നണി നില മെച്ചപ്പെടുത്തി.
എല്ലാ തെരഞ്ഞെടുപ്പുകളിലും വേങ്ങരയിലെ ആറ് പഞ്ചായത്തുകളും യുഡിഎഫിന് നല്‍കിയിട്ടുള്ളത് മികച്ച ഭൂരിപക്ഷമാണ്. പക്ഷേ ഇത്തവണ ആ പതിവ് തെറ്റി. എ ആര്‍ നഗര്‍ പഞ്ചായത്തിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴേ കാര്യങ്ങള്‍ വ്യക്തമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5319 വോട്ട് ഭൂരിപക്ഷം ലഭിച്ച എ ആര്‍ നഗറില്‍ 3350 വോട്ടിന്‍റെ ഭൂരിപക്ഷം കൊണ്ട് യുഡിഎഫ് തൃപ്തിപ്പെട്ടു. ലീഗ് കോട്ടയായ വേങ്ങരയാണ് യുഡിഎഫിനെ ശരിക്കും ഞെട്ടിച്ചത്. 2016ലെ 8673 വോട്ടിന്‍റെ ഭൂരിപക്ഷം 5991 ആയി ചുരുങ്ങി. 2683 വോട്ടിന്‍റെ വ്യത്യാസം.
മുസ്‍ലിം - ലീഗ് കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്ന പറപ്പൂര്‍ പഞ്ചായത്തിലും യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞു. ഭൂരിപക്ഷത്തില്‍ 2435 വോട്ടിന്‍റെ കുറവാണ് ഇക്കുറിയുണ്ടായത്. ലീഗ് ഒറ്റക്ക് ഭരിക്കുന്ന കണ്ണമംഗലം പഞ്ചായത്തില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷത്തില്‍ 2039 വോട്ടിന്‍റെ കുറവുണ്ടായി. ഊരകം പഞ്ചായത്തില്‍ ഭൂരിപക്ഷം 5395ല്‍ നിന്നും 2628 ആയി കുറഞ്ഞു. കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷം നല്‍കിയ ഒതുക്കുങ്ങലിലെ ഭൂരിപക്ഷത്തില്‍ 2661 വോട്ടിന്‍രെ കുറവാണുണ്ടായത്. ഈ പഞ്ചായത്തുകളിലെല്ലാം കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ട് നേടാന്‍ ഇടത് മുന്നണിക്കായി.
Adjust Story Font
16