Quantcast

മുന്‍ഗണനാ വിഭാഗത്തിലെ 1.29 കോടി പേര്‍ക്ക് ഇനി സൌജന്യ റേഷനില്ല

MediaOne Logo

Sithara

  • Published:

    30 May 2018 10:17 AM GMT

മുന്‍ഗണനാ വിഭാഗത്തിലെ 1.29 കോടി പേര്‍ക്ക് ഇനി സൌജന്യ റേഷനില്ല
X

മുന്‍ഗണനാ വിഭാഗത്തിലെ 1.29 കോടി പേര്‍ക്ക് ഇനി സൌജന്യ റേഷനില്ല

നേരത്തെ ബിപിഎല്‍ വിഭാഗത്തില്‍ പെടുന്നതും ഭക്ഷ്യഭദ്രത നിയമം നിലവില്‍ വന്ന ശേഷം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ പിങ്ക് കാര്‍ഡുടമകളെയാണ് സൌജന്യ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത്

മുന്‍ഗണനാ വിഭാഗത്തിലെ 1.29 കോടി പേര്‍ക്ക് ഇനി സൌജന്യ റേഷനില്ല. ഇവര്‍ക്ക് നല്‍കുന്ന അരിക്ക് ഇനി കിലോക്ക് ഒരു രൂപ വീതം ഈടാക്കും. റേഷന്‍ കടയുടമകളുടെ പാക്കേജിന്റെ ഭാഗമായാണ് നടപടി.

നേരത്തെ ബിപിഎല്‍ വിഭാഗത്തില്‍ പെടുന്നതും ഭക്ഷ്യഭദ്രത നിയമം നിലവില്‍ വന്ന ശേഷം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ പിങ്ക് കാര്‍ഡുടമകളെയാണ് സൌജന്യ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത്. 29 ലക്ഷം കാര്‍ഡുകളിലായി 1.29 കോടി പേരാണ് ഈ വിഭാഗത്തില്‍ വരുന്നത്. കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം ലഭിക്കും. ഇതിന് കിലോക്ക് ഒരു രൂപ വീതം ഈടാക്കാനാണ് തീരുമാനം. ഇങ്ങനെ സമാഹരിക്കുന്ന തുക കൈകാര്യ ചെലവായി റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കും. റേഷന്‍ വ്യാപാരികള്‍ക്കുള്ള വേതന പാക്കേജിന്റെ ഭാഗമായാണ് തീരുമാനം.

ഇ പോസ് യന്ത്രം സ്ഥാപിക്കുന്ന റേഷന്‍ കടയുടമകള്‍ക്കേ ഈ പണം ലഭിക്കുകയുള്ളു. ഏപ്രില്‍ പകുതിയോടെ മുഴുവന്‍ റേഷന്‍ കടകളിലും ഇ പോസ് യന്ത്രം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പൂര്‍ണമായും സൌജന്യ റേഷന്‍ ലഭിക്കുന്നത് അന്ത്യോദയ അന്നയോജന കാര്‍ഡുടമകള്‍ക്ക് മാത്രമാവും. 595800 പേരാണ് ഈ വിഭാഗത്തിലുള്ളത്.

TAGS :

Next Story