Quantcast

ബീമാപള്ളി പൊലീസ് വെടിവെപ്പിന് ഇന്ന് 8 വര്‍ഷം

MediaOne Logo

Khasida

  • Published:

    31 May 2018 6:06 AM GMT

വെടിയേറ്റ് പരിക്കും ചികിത്സയും കാരണം ജീവിതം തകര്‍ന്നുപോയവരിലേക്ക്...

ആറുപേര്‍ കൊല്ലപ്പെട്ട ബീമാപള്ളി പൊലീസ് വെടിവെപ്പിന് ഇന്ന് 8 വര്‍ഷം പൂര്‍ത്തിയാകുന്നു. വെടിവപ്പില്‍ പരിക്കേറ്റവര്‍ക്ക് പിന്നീട് ദുരിത ജീവിതമാണ് നയിക്കേണ്ടിവന്നത്. ഇതില്‍ മൂന്നുപേര്‍ പലപ്പോഴായി മരിച്ചു. വെടിയേറ്റ് പരിക്കും ചികിത്സയും കാരണം ജീവിതം തകര്‍ന്നുപോയവരെ സര്‍ക്കാറും തിരിഞ്ഞുനോക്കുന്നില്ല.

2009 മെയ് 17 ന് ബീമാപള്ളിയില്‍ നടന്ന പൊലീസ് വെടിവെയ്പില്‍ 6 പേര്‍ മരിച്ച വിവരമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ വെടിവെയ്പില്‍ 52 പേര്‍ക്ക് പരിക്കേറ്റിരുന്നു. നാല് വര്‍ഷത്തിനിടെ ഇതില്‍ മൂന്നുപേര്‍ മരിച്ചു. ബീമ ഉമ്മ മകന്‍ മുഹമ്മദ് സലിം, ഇസ്മായില്‍ മകന്‍ സലിം, അബൂഷഹ്മാന്‍ എന്നിവര്‍. വെടിവെയ്പില്‍ മരിച്ചവര്‍ക്ക് അന്ന് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും ലഭിച്ചു. എന്നാല്‍ പരിക്കേറ്റ് ജീവച്ഛവമായി ക്രമേണ മരണത്തിന് കീഴടങ്ങേണ്ടിവന്ന മൂന്ന് പേര്‍ക്കും ഒന്നും ലഭിച്ചില്ല.

വെടിവെയ്പില്‍ പരിക്കേറ്റ് പിന്നീട് മരണപ്പെട്ടവരുടെ കുടുംബങ്ങളും ഇപ്പോഴും ചികിത്സ തേടുന്നവരും ഇന്നും ദുരിതത്തിലാണ്. പരിക്കേറ്റ് 2013 ല്‍ മരിച്ച മുഹമ്മദ് സലീമിന്റെ ഉമ്മ ബീമാ ഉമ്മ ഇന്ന് തെരുവിലാണ്.

സഹായത്തിനായി സര്‍ക്കാരിനെ സമീപിക്കാനെന്നും ഈ വൃദ്ധക്കറിയില്ല. അബൂഷഹ്‍മാന്റെ ഭാര്യ ബീമാപള്ളിയില്‍ തന്നെ തട്ട് കച്ചവടം നടത്തുകയാണ്.

പരിക്കേറ്റ 52 പേരില്‍ ഭൂരിഭാഗം പേര്‍ക്കും കിട്ടിയത് താല്ക്കാലിക ധനസഹായമായ 10000 രൂപ മാത്രമാണ്. 25000 രൂപയും 30000 രൂപയും ലഭിച്ച ഏതാനം പേരുമുണ്ട്. എന്നാല്‍ 8 വര്‍ഷമായിട്ടും വെടിയേറ്റ പരിക്കുമായി ദുരിതം പേറുന്നവര്‍ക്ക് ഒരു കൈ സഹായം പോലുമില്ല.

ചികിത്സക്ക് പണമില്ലാതെ വലയുകയാണ് പരിക്കേറ്റവര്‍. വെടിയേറ്റ പരിക്കിനെ തുടര്‍ന്ന് നിത്യരോഗികളായി മാറിയവര്‍ നിരവധിയാണ്. അടിവയറ്റില്‍ വെടികൊണ്ട പീര്‍മുഹമ്മദിന് മാസത്തില്‍ രണ്ടുതവണയെങ്കിലും വലിയ ചികിത്സ നല്‍കണം.



തിരിച്ചറിയാന്‍ കഴിയാതെ നിരവധിപേര്‍ വേദനയും കടിച്ചമര്‍ത്തി കഴിയുകയാണ് ബീമാപള്ളിയില്‍ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്‍റെയും സഹായഹസ്തവും കാത്ത്.

ബീമാപള്ളിയില്‍ സംഘര്‍ഷത്തിലേക്ക് നയിച്ച അക്രമത്തിലെ പ്രതി കൊമ്പ് ഷിബു മൂന്ന് വര്‍ഷം മുമ്പ് മരിച്ചു. വെടിവെയ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് പുറംലോകം കണ്ടിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. വെടിവെയ്പ് സമയത്ത് സഹായഹസ്തവുമായി ഓടിയെത്തിയവരും ബീമാപള്ളിയെ മറന്നു.

TAGS :

Next Story