Quantcast

സബ് കളക്ടറെ അധിക്ഷേപിച്ച് മന്ത്രി എംഎം മണി

MediaOne Logo

admin

  • Published:

    1 Jun 2018 5:34 PM GMT

തോന്നിയപോലെ പ്രവര്‍ത്തിക്കാമെന്ന് കരുതേണ്ടെന്ന് മുന്നറിയിപ്പു നല്‍കിയ മന്ത്രി ജനപ്രതിനിധികളെ മണ്ടന്മാരാക്കാന്‍ ശ്രമിക്കുകയാണോ എന്നും സബ് കളക്ടറോട് ചോദിച്ചു. ഇങ്ങനെ ജോലിയില്‍ തുടരാമെന്ന് കരുതേണ്ടെന്നും

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയ ദേവികുളം സബ്കളക്ടര്‍ക്ക് മന്ത്രി എം എം മണിയുടെ ശകാരം. മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ എം എം മണി രൂക്ഷമായി അധിക്ഷേപിച്ചത്. തോന്നിയ പോലെ പ്രവര്‍ത്തിച്ചുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി തുടരാമെന്ന് കരുതേണ്ടെന്ന് മന്ത്രി റവന്യു ഉദ്യോഗസ്ഥരെ വിരട്ടുകയും ചെയ്തു.

പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിക്കലിന്റെ പേരില്‍ ജില്ലാഭരണകൂടത്തെ മുഖ്യമന്ത്രി പരസ്യമായി ശകാരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എം എം മണിയുടെ വക അധിക്ഷേപം. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ ആക്രമണം. തോന്നിയപോലെ പ്രവര്‍ത്തിക്കാനല്ല ഉദ്യോഗസ്ഥര്‍ക്ക് ശന്പളം നല്‍കുന്നതെന്ന് പറഞ്ഞ മന്ത്രി സര്‍ക്കാര്‍ നയം നടപ്പാക്കാനല്ലെങ്കില്‍ വേറെ ജോലി നോക്കണമെന്ന് ഉദ്യോഗസ്ഥനോട് പറഞ്ഞു. ജനപ്രതിനിധികളെ മണ്ടന്മാരാക്കാന്‍ ശ്രമിക്കേണ്ടെന്നും ജില്ലയില്‍ നിന്നുള്ള മന്ത്രിയായ മണി പറഞ്ഞു. കുരിശ് പൊളിച്ചത് ബിജെപിയുടെ വര്‍ഗീയ ലക്ഷ്യങ്ങളെ സഹായിക്കാനാണോയെന്നും മന്ത്രി ചോദിച്ചു.

നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പൊളിക്കല്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും മന്ത്രി അടങ്ങിയില്ല. ഈ ഘട്ടത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കി. തന്റെ അറിവോടെയാണ് ഒഴിപ്പിക്കല്‍ നടന്നതെന്ന് മന്ത്രി അറിയിച്ചു.

റവന്യു മന്ത്രിയെ കുറ്റപ്പെടുത്തുകയല്ലെന്നായിരുന്നു അപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട്. ഉദ്യോഗസ്ഥരെ ശകാരിക്കുക വഴി റവന്യു വകുപ്പ് കയ്യാളുന്ന സിപിഐയെ തന്നെയാണ് മണി ലക്ഷ്യം വെച്ചത്. മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എം എം മണിയുമായി കൂടിയാലോചന നടത്തണമെന്ന് ജില്ലാ കളക്ടറോടും ദേവികുളം സബ് കളക്ടറോടും ഇന്നലത്തെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

TAGS :

Next Story