ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി
ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി
സ്വീകരിക്കാന്‍ ഒരു മന്ത്രിയെ പോലും അയക്കാത്ത സര്‍ക്കാര്‍ നടപടി അനൌചിത്യമെന്ന് രമേശ് ചെന്നിത്തല
ഭീകരരുടെ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലിന് കൊച്ചിയില്‍ ഊഷ്മള സ്വീകരണം. സഭാ പ്രതിനിധികളും വിശ്വാസികളും ജനപ്രതിനിധികളുമടക്കമുള്ളവര്‍ ചേര്‍ന്ന് ഫാദര്‍ ടോമിന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കി. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി ഫാദര്‍ ടോം ഉഴുന്നാലില്‍ പ്രതികരിച്ചു.
രാവിലെ ഏഴരയോടെയാണ് ബംഗലൂരുവില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. സഭാ നേതാക്കളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും ജനപ്രതിനിധികളുമടക്കമുള്ളവരും ഫാ. ടോം ഉഴുന്നാലിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. തുടര്‍ന്ന് വെണ്ണലയിലെ ഡോണ്‍ബോസ്കോ ഹൌസിലെത്തിയ ടോം ഉഴുന്നാലില്‍ വൈദികരുമായും വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് എറണാകുളം അങ്കമാലി അതിരൂപതാ അസ്ഥാനത്ത് സഭാനേതാക്കളുമായി കൂട്ടിക്കാഴ്ച. തുടര്‍ന്ന് എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയില്‍ വിശ്വാസികള്‍ക്കൊപ്പം കൃതജ്ഞാത പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.
തട്ടിക്കൊണ്ട് പോയവര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. തനിക്ക് ഭക്ഷണവും വെള്ളവും തന്നിരുന്നതായും ഏത് സംഘടനയാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്ന് അറിയില്ലെന്നും ടോം ഉഴുന്നാലില്‍ പ്രതികരിച്ചു. എല്ലാവരുടെയും പ്രാര്‍ത്ഥനയാണ് തന്നെ തിരികെയെത്തിച്ചത്. തട്ടിക്കൊണ്ട് പോയവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മോചനത്തില്‍ എല്ലാവരും അവരവരുടേതായ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. പലരുടെയും കൂട്ടായ പ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ടോം ഉഴുന്നാലില്‍ പ്രതികരിച്ചു.
ഫാദര്‍ ടോമിനെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളാരും വിമാനത്താവളത്തില്‍ എത്താതിരുന്നത് അനൌചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
Adjust Story Font
16