തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തില്‍ ഹിയറിംഗ് പൂര്‍ത്തിയായി
തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തില്‍ ഹിയറിംഗ് പൂര്‍ത്തിയായി
ഭൂമി കയ്യേറിയിട്ടില്ലെന്നും നിയമവിരുദ്ധമായി നികത്തിയിട്ടില്ലെന്നും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയതായി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി അവകാശപ്പെട്ടു.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഭൂമി കയ്യേറ്റ ആരോപണങ്ങളിന്മേല്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ നടത്തിയ ഹിയറിംഗ് പൂര്‍ണമായി. ഭൂമി കയ്യേറിയിട്ടില്ലെന്നും നിയമവിരുദ്ധമായി നികത്തിയിട്ടില്ലെന്നും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയതായി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി അവകാശപ്പെട്ടു. പാര്‍ക്കിങ്ങ് ഏരിയ മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ കലക്ടര്‍ക്ക് തീരുമാനമെടുക്കാനോ റിപ്പോര്‍ട്ടില്‍ നടപടി നിര്‍ദേശിക്കാനോ കഴിയില്ലെന്നാണ് സൂചന.
ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലൂടെയുള്ള റോഡിന്റെ നിര്‍മാണം, റിസോര്‍ട്ടിനു മുന്നിലെ പാര്‍ക്കിങ്ങ് ഏരിയ മണ്ണിട്ടു നികത്തിയത്, സമീപത്തുള്ള നീര്‍ച്ചാല്‍ വഴിതിരിച്ചു വിട്ടത് എന്നീ കാര്യങ്ങളിലാണ് കലക്ടര്‍ വിശദീകരണം തേടിയത്. റോഡിന്റെ ഉപഭോക്താക്കള്‍ മാത്രമാണെന്നും റോഡ് നിര്‍മാണവുമായി ഒരു ബന്ധവുമില്ലെന്നും റിസോര്‍ട്ട് ഉടമകളായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി അഭിഭാഷക അറിയിച്ചു.
നിയമപ്രകാരം വിവിധ ഘട്ടങ്ങളിലായി എംപി ഫണ്ട് ഉപയോഗിച്ച് ടെണ്ടര്‍ വിളിച്ചാണ് റോഡ് നിര്‍മിച്ചതെന്ന് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും അറിയിച്ചു. പാര്‍ക്കിങ്ങ് ഏരിയ നികത്തിയത് നിയമപ്രകാരമാണെന്ന് മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മയുടെ അഭിഭാഷകനും അറിയിച്ചു. ഇതിനുള്ള അനുമതി പത്രങ്ങളുടെ പകര്‍പ്പുകളും കോടതിയിലുള്ള കേസിന്റെയും ഇടക്കാല ഉത്തരവിന്റെയും പകര്‍പ്പുകളും കലക്ടര്‍ക്ക് നല്‍കിയതായി വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
നീര്‍ച്ചാല്‍ വഴിതിരിച്ചത് പുഞ്ചകൃഷിയുടെ ആവശ്യാര്‍ത്ഥമാണെന്ന് സമീപത്തുള്ള പാടശേഖര സമിതിയുടെ ഭാരവാഹികള്‍ ഹിയറിംഗില്‍ കലക്ടറെ അറിയിച്ചു. മാര്‍ത്താണ്ഡം കായലിലെ ഭൂമി നികത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹിയറിംഗില്‍ കലക്ടര്‍ ചോദിച്ചില്ല.
Adjust Story Font
16