വാഹന നികുതി വെട്ടിപ്പ് കേസ്; കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
വാഹന നികുതി വെട്ടിപ്പ് കേസ്; കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്
വാഹന നികുതി വെട്ടിപ്പ് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭാ കൌണ്‍സിലര്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്. ആഢംബരക്കാറിന് നികുതി അടക്കാനാവില്ലെന്ന് കാട്ടി ഗതാഗതവകുപ്പിന് കഴിഞ്ഞ ദിവസം കാരാട്ട് ഫൈസല്‍ മറുപടി നല്‍കിയിരുന്നു.
ജനജാഗ്രതാ യാത്രക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചതോടെയാണ് കാരാട്ട് ഫൈസലിന്റെ ആഡംബര വാഹനം വിവാദത്തിലായത്. നികുതി വെട്ടിപ്പിനായി കാരാട്ട് ഫൈസല്‍ പുതുച്ചേരിയില്‍ വാഹനം വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആഢംബര കാറിനായി കാരാട്ട് ഫൈസല്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വ്യാജ വിലാസത്തിലാണോ എന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി അന്വേഷിക്കുക. ഇതിന്റെ ഭാഗമായി സംഘം പുതുച്ചേരിയിലേക്ക് തിരിക്കും. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ വാഹന ഉടമകള്‍ക്ക് നേരത്തെ ഗതാഗത വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. കോഴിക്കോട് കൊടുവള്ളി മേഖലകളിലായി ആകെ 71 വാഹനങ്ങള്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. നികുതി വെട്ടിപ്പ് നടത്തിയ 49 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
Adjust Story Font
16