Quantcast

മരിച്ച ശേഷവും അശാന്തനെ അപമാനിച്ച സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്ന് എകെ ബാലന്‍

MediaOne Logo

Jaisy

  • Published:

    1 Jun 2018 9:20 PM GMT

മരിച്ച ശേഷവും അശാന്തനെ അപമാനിച്ച സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്ന് എകെ ബാലന്‍
X

മരിച്ച ശേഷവും അശാന്തനെ അപമാനിച്ച സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്ന് എകെ ബാലന്‍

അശാന്തന്റെ നിര്യാണത്തില്‍ ദു;ഖവും അനുശോചനവും രേഖപ്പെടുത്തുന്നു

മരിച്ച ശേഷവും അശാന്തന്‍ എന്ന ചിത്രകാരനെ അപമാനിച്ച സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തണമെന്ന് മന്ത്രി എകെ ബാലന്‍.പ്രബുദ്ധമായ കേരള സമൂഹത്തെ പിറകോട്ട് വലിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമായി മാത്രമെ ഇതിനെ കാണുവാനാകുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിതം കലയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച ചിത്രകാരനാണ് അശാന്തന്‍. അദ്ദേഹത്തിന്റെ വേര്‍പാടുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അദ്ദേഹത്തിന്റെ വിയോഗം ചിത്രകലാ രംഗത്ത് തീരാനഷ്ടമാണുണ്ടാക്കിയത്. ഒരു കലാകാരനെന്ന നിലയില്‍ തന്റെ കഴിവ് പണത്തിന് വേണ്ടി ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായില്ല. താന്‍ ജീവിച്ച ഗ്രാമവും പ്രവര്‍ത്തിച്ച ക്ലബ്ബും പഠിച്ച സ്കൂളും എല്ലാം ചേര്‍ന്ന തന്‍റെ ചുറ്റുപാടുകളായിരുന്നു അശാന്തന്റെ ചിത്രങ്ങളില്‍ പ്രമേയമായത്. ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ച് അതേ ചുറ്റുപാടുകളില്‍ തന്നെ ജീവിച്ച ഒരു യഥാര്‍ത്ഥ കലാകാരനാണ് മരണത്തിന് കീഴടങ്ങിയത്. അശാന്തന്റെ ചിത്രങ്ങള്‍ക്ക് ആസ്വാദകരും ആവശ്യക്കാരും ഏറെയായിരുന്നു.

മരണാനന്തരം അദ്ദേഹത്തെ അപമാനിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ദര്‍ബാര്‍ ഹാളിള്‍ ആര്‍ട്ട് ഗ്യാലറിയിലെ ലളിതകലാ അക്കാദമിയുടെ മുന്‍വശത്ത് അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചാല്‍ പടിഞ്ഞാറെ വശത്തുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്നാണ് അന്ധവിശ്വാസത്തിന്റെ വക്താക്കളായ ചില സവര്‍ണ്ണ വര്‍ഗ്ഗീയവാദികള്‍ പറഞ്ഞത്. പ്രബുദ്ധമായ കേരള സമൂഹത്തെ പിറകോട്ട് വലിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമായി മാത്രമെ ഇതിനെ കാണുവാനാകു.

ആരാധനാലയങ്ങളെ അന്ധവിശ്വാസികളുടെയും വര്‍ഗ്ഗീയവാദികളുടെയും ആയുധപ്പുരകളാക്കി അധ:പ്പതിപ്പിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. മരണത്തിന് മുന്‍പില്‍ നാം എല്ലാവരും തുല്യരാണെന്നിരിക്കെ ഒരു മൃതദേഹം ക്ഷേത്രത്തിന്റെ അടുത്തുകൂടെ പോയാല്‍ അശുദ്ധമാകുമെന്ന് പ്രചരിപ്പിക്കുകയും വിശ്വാസികള്‍ വിദ്വേഷത്തിന്റെ വിഷം കുത്തിവെയ്ക്കുകയും ചെയ്തത് സമൂഹത്തില്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമായി മാത്രമെ കാണാന്‍ സാധിക്കുകയുള്ളു. അശാന്തനെ മരിച്ച ശേഷം അപമാനിച്ച സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്താനും കേരളത്തിന്റെ സാംസ്കാരിക നവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ഈ അവസരത്തില്‍ നാം യോജിച്ച് നില്‍ക്കേണ്ടതുണ്ട്. അശാന്തന്റെ നിര്യാണത്തില്‍ ദു;ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

TAGS :

Next Story