Quantcast

സര്‍ക്കാര്‍ മാറിയിട്ടും കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി നിയമനങ്ങള്‍ക്ക് മാറ്റമില്ല

MediaOne Logo

Sithara

  • Published:

    2 Jun 2018 3:30 AM GMT

സര്‍ക്കാര്‍ മാറിയിട്ടും കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി നിയമനങ്ങള്‍ക്ക് മാറ്റമില്ല
X

സര്‍ക്കാര്‍ മാറിയിട്ടും കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി നിയമനങ്ങള്‍ക്ക് മാറ്റമില്ല

ഓപ്പറേഷന്‍ അന്നപൂര്‍ണയില്‍ പിടിക്കപ്പെട്ട നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കും കണ്‍സ്യൂമര്‍ ഫെഡില്‍ സ്ഥാനക്കയറ്റം ലഭിച്ചു

സര്‍ക്കാര്‍ മാറിയിട്ടും കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി നിയമനങ്ങള്‍ക്ക് മാറ്റമില്ല. ഓപ്പറേഷന്‍ അന്നപൂര്‍ണയില്‍ പിടിക്കപ്പെട്ട നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കും കണ്‍സ്യൂമര്‍ ഫെഡില്‍ സ്ഥാനക്കയറ്റം ലഭിച്ചു. വിജിലന്‍സ് പിടികൂടിയ അഞ്ചിലധികം ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. മീഡിയവണ്‍ എക്‌സ്‌ക്ലുസിവ്.

കാസര്‍കോട് നീതി വിതരണ കേന്ദ്രത്തിന്റെ മാനേജരായിരുന്ന പി വി ഷൈലേഷ് ബാബു, കോട്ടയം എന്‍ഡിസി മാനേജരായിരുന്ന അനില്‍ പി സക്കറിയ, കോട്ടയം എന്‍ഡിസി ജീവനക്കാരിയായിരുന്ന അജിമോള്‍ മാത്യു, കുരുവിള സി മാത്യു തുടങ്ങി വിജിലന്‍സ് നടത്തിയ ഓപ്പറേഷന്‍ അന്നപൂര്‍ണയില്‍ പിടിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. പി വി ഷൈലേഷ് ബാബുവിനെ നോര്‍ത്ത് സോണിന്റെ അസിസ്റ്റന്റ് സോണല്‍ മാനേജരായാണ് നിയമിച്ചിരിക്കുന്നത്. അനില്‍ പി സക്കറിയയ്ക്ക് പത്തനംതിട്ട റീജണല്‍ മാനേജരായി സ്ഥാനക്കയറ്റം നല്‍കി. അജിമോള്‍ മാത്യുവിനെ കോട്ടയം ജില്ലയിലെ റീജണല്‍ മാനേജരായും കരുവിള സി മാത്യുവിനെ അസിസ്റ്റന്റ് റീജണല്‍ മാനേജരായും സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.

ഓപ്പറേഷന്‍ അന്നപൂര്‍ണയില്‍ പിടിക്കപ്പെട്ട ഇവര്‍ക്ക് എതിരെ വകുപ്പ് തല നടപടി വേണമെന്നാണ് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരുന്നത്. തൃശൂര്‍ വിജലന്‍സ് കോടതിയില്‍ കണ്‍സ്യൂമര്‍ഫെഡ് അഴിമതി സംബന്ധിച്ച കേസ് പുരോഗമിക്കവേയാണ് സര്‍ക്കാര്‍ നടപടി. അഴിമതിക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന കെ അനില്‍കുമാര്‍ എന്ന് ഉദ്യോഗസ്ഥനെ എറണാകുളം ചീഫ് സോണല്‍മാനേജരായി നിയമിച്ച വാര്‍ത്ത മീഡിയവണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലാത്തതിനാലാണ് വിജിലന്‍സ് ശിപാര്‍ശയില്‍ നടപടി സ്വീകരിക്കാത്തതെന്ന് കണ്‍സ്യൂമര്‍ ഫെ‍ഡ് എം ഡി ഡോക്ടര്‍ എം രാമനുണ്ണി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിലെ 139 ജീവനക്കാര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണെന്നും എം ഡി മീഡിയ വണ്ണിനോട് പറഞ്ഞു

TAGS :

Next Story