Quantcast

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നിര്‍ണ്ണായകം 

MediaOne Logo

Subin

  • Published:

    2 Jun 2018 9:40 PM GMT

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നിര്‍ണ്ണായകം 
X

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നിര്‍ണ്ണായകം 

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാണ് ഉമ്മന്‍ചാണ്ടി പ്രക്ഷോഭങ്ങളെ പ്രതിരോധിച്ചത്. അതുകൊണ്ടുതന്നെയാണ് അന്വേഷണ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായകമായി മാറുന്നതും...

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാകും. കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടി അനിഷേധ്യനായി മാറും. തിരിച്ചാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ എതിരാളികള്‍ക്ക് റിപ്പോര്‍ട്ട് ആയുധമാകും.

ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ പിടിച്ചുലച്ച പ്രധാന ആരോപണമായിരുന്നു സോളാര്‍ വിവാദം. വന്‍കിട വികസന പദ്ധതികളുമായി മുന്നോട്ട് പോയ ഭരണത്തിന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടി നേരിട്ട പ്രധാന വെല്ലുവിളിയും സോളാര്‍ വിവാദമായിരുന്നു. സര്‍ക്കാരിനെതിരായ ആരോപണം എന്നതിലുപരി ഉമ്മന്‍ചാണ്ടി വ്യക്തിപരമായി പ്രതികൂട്ടിലായ സന്ദര്‍ഭമായിരുന്നു അത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാണ് ഉമ്മന്‍ചാണ്ടി പ്രക്ഷോഭങ്ങളെ പ്രതിരോധിച്ചത്. അതുകൊണ്ടുതന്നെയാണ് അന്വേഷണ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായകമായി മാറുന്നതും.

സോളാര്‍ തട്ടിപ്പിന് സരിത എസ് നായര്‍ക്കും കൂട്ടര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായമുണ്ടായതായി പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ അത് ഉമ്മന്‍ചാണ്ടിക്ക് ഏല്‍പിക്കുക കനത്ത ആഘാതമായിരിക്കും. മുന്നണിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃപദവികളില്‍ നിന്ന് മാറി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിക്ക് തിരിച്ചുവരവിന് തടസമാകുന്നതാകും കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ എതിരാളികള്‍ക്കുള്ള പ്രധാന ആയുധമായും റിപ്പോര്‍ട്ട് മാറും.

കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ കുറ്റമുക്തനായി തിരികെ വരികയാണെങ്കില്‍ അത് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന് കൂടുതല്‍ കരുത്തേകും. കെപിസിസി അധ്യക്ഷ പദവിയിലേക്കോ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കോ വരാനുള്ള അവകാശവാദങ്ങള്‍ക്ക് അത് ബലം നല്‍കും. അത് കൊണ്ടു തന്നെ സോളാര്‍ കമ്മീഷന്റെ ഉള്ളടക്കം രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളും കാതോര്‍ത്തിരിക്കുകയാണ്.

TAGS :

Next Story