വടക്കന്‍ കേരളത്തില്‍ കടല്‍ പ്രക്ഷുബ്ധം; കടലില്‍ പോകരുതെന്ന് നിര്‍ദേശം
കടല്‍ക്ഷോഭം രണ്ട് ദിവസത്തേക്ക് കൂടി തുടരുന്നതിനാല്‍ മലബാറിലെ മത്സ്യത്തൊഴിലാളികള്‍ നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കി.
വടക്കന്‍ കേരളത്തില്‍ കടല്‍ പലയിടത്തും ഇന്നും പ്രക്ഷുബ്ധമാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കണ്ണൂര്‍ ആയിക്കരയില്‍ കാറ്റില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കടല്‍ക്ഷോഭം രണ്ട് ദിവസത്തേക്ക് കൂടി തുടരുന്നതിനാല്‍ മലബാറിലെ മത്സ്യത്തൊഴിലാളികള്‍ നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം നല്‍കി.
കണ്ണൂര്‍ ആയിക്കരയിലാണ് ഇന്ന് ശക്തമായ കാറ്റില്‍ ആളപായമുണ്ടായത്. കടല്‍ തീരത്തെ പഴയ ഇലക്ടിക് പോസ്റ്റ് പൊട്ടി വീണ് ആയിക്കര തയ്യില്‍ സ്വദേശി ചന്ദ്രന്‍ മരിച്ചു. കാസര്‍കോട് നീലേശ്വരത്ത് ഇന്നലെ തോണി മറിഞ്ഞ് കാണാതായ സുനില്‍കുമാറിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തലശ്ശേരിയില്‍ കടല്‍ ക്ഷോഭത്തില്‍ ജനറല്‍ ആശുപത്രിക്ക് പരിസരത്തെ നിരവധി മരങ്ങള്‍ കടപുഴകിവീഴുകയും മത്സ്യതൊഴിലാളികളുടെ ഷെഡുകള്‍ തകരുകയും ചെയ്തു.
കോഴിക്കോട് ഫറോക്കില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് മത്സ്യബന്ധനത്തിന് പോയ ബാവ, ഷാജി എന്നിവര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. കലക്ടര്‍ യു വി ജോസ് തീരദേശ മേഖലകള്‍ സന്ദര്ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ 110 പേര്‍ നാട്ടിലേക്ക് പോകാനാവാത്ത അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി, താനൂര്‍ എന്നിവിടങ്ങളില്‍ കടല്‍ ഇന്നും പ്രക്ഷുബ്ധമാണ്. വടക്കന്‍ ജില്ലകളിലെ തീരദേശത്ത് താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Adjust Story Font
16