സജി ബഷീറിനെ നിയമിക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി
സജി ബഷീറിനെ നിയമിക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി
സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന് പുനര്‍ നിയമനം നല്‍കണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരായ സർക്കാറിന്റെ പുനപരിശോധന ഹരജി ഹൈക്കോടതി തള്ളി
സിഡ്‌കോ മുന്‍ എംഡി സജി ബഷീറിന്‍റെ നിയമനം ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയിരുന്നത്. നേരത്തെ ഉന്നയിക്കാത്ത വാദങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് മാറ്റിനിര്‍ത്തിയതിന് പിന്നാലെ സജി ബഷീർ നൽകിയ ഹരജിയിൽ 2016 ആഗസ്റ്റിൽ സിംഗിൾബെഞ്ച് പുറപ്പെടുവിച്ച വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി നൽകിയത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗിള്‍ബെഞ്ച് വിധി പുറപ്പെടുവിച്ചത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സിഡ്‌കോയിലെ നിയമനം നടത്തുന്നത് ഗവര്‍ണറാണ്. എംഡിയായി തുടരണമെന്ന് അവകാശപ്പെടാന്‍ സജി ബഷീറിന് അവകാശമില്ല. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സജി ബഷീര്‍. അധികാര സ്ഥാനങ്ങളിൽ നിന്ന് ഇയാളെ മാറ്റിനിർത്താത്ത പക്ഷം പൊതുതാല്‍പര്യം സംരക്ഷിക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ നേരത്തെ ഉന്നയിക്കാത്ത വാദങ്ങളാണ് പുനപരിശോധനാ ഹരജിയില്‍ സര്‍ക്കാര്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. തന്നെ നിയമിക്കണമെന്ന ഉത്തരവ് പാലിക്കാതിരുന്നതിനെ തുടർന്ന് സജി നൽകിയ കോടതിയലക്ഷ്യ ഹരജി കോടതിയുടെ പരിഗണനയിലാണ്.
Adjust Story Font
16