Quantcast

ഇ.പി ജയരാജനും കെ.കെ ശൈലജയും മന്ത്രിസഭയിലെത്തുന്ന പുതുമുഖങ്ങള്‍

MediaOne Logo

admin

  • Published:

    2 Jun 2018 1:25 PM GMT

ഇ.പി ജയരാജനും കെ.കെ ശൈലജയും മന്ത്രിസഭയിലെത്തുന്ന പുതുമുഖങ്ങള്‍
X

ഇ.പി ജയരാജനും കെ.കെ ശൈലജയും മന്ത്രിസഭയിലെത്തുന്ന പുതുമുഖങ്ങള്‍

പുതിയ എല്‍ഡിഎഫ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയെക്കൂടാതെ കണ്ണൂര്‍ ജില്ലയില്‍ നിന്നും സി.പി.എം പ്രതിനിധികളായി രണ്ട് പേരാണുളളത്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജനും കെ.കെ ശൈലജയും

പുതിയ എല്‍ഡിഎഫ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയെക്കൂടാതെ കണ്ണൂര്‍ ജില്ലയില്‍ നിന്നും സി.പി.എം പ്രതിനിധികളായി രണ്ട് പേരാണുളളത്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി ജയരാജനും കെ.കെ ശൈലജയും. രണ്ട് പേരും നിയമസഭയിലെത്തുന്നത് ഇത് മൂന്നാം വട്ടമാണങ്കിലും ഇരുവര്‍ക്കും മന്ത്രിപദവി ഇതാദ്യമാണ്.

തീഷ്ണമായ രാഷ്ട്രീയ അനുഭവങ്ങളിലൂടെ കടന്നു പോയ ഉള്‍ക്കരുത്തുമായാണ് ഇ.പി ജയരാജന്‍ എന്ന നേതാവ് മന്ത്രി പദവിയിലേക്കെത്തുന്നത്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജയരാജന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട്, സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങവെ, 1995 ഏപ്രില്‍ 12ന് ആന്ധ്രയിലെ ചിരാല റെയില്‍വേ സ്റ്റേഷനു സമീപമുണ്ടായ ആക്രമത്തില്‍ മരണത്തില്‍ നിന്നും തലനാരിഴക്കാണ് ഇ.പി രക്ഷപെട്ടത്.

അന്ന് കഴുത്തില്‍ തറച്ച വെടിയുണ്ടകളുടെ അസ്വസ്ഥതകള്‍ ഇപ്പോഴും ഇ.പി ജയരാജനെ പിന്തുടരുന്നുണ്ട്. അഭിപ്രായങ്ങള്‍ ആരോടും എപ്പോഴും വെട്ടിത്തുറന്ന് പറയുന്ന ഇ.പിയുടെ പ്രകൃതം പലപ്പോഴും ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.പി.കെ ശ്രീമതി എം.പിയുടെ സഹോദരിയും കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് സീനിയര്‍ മാനേജരുമായ പി.കെ ഇന്ദിരയാണ് ഭാര്യ.

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ പെണ്‍ശബ്ദമാണ് കെ.കെ ശൈലജ. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ കെ.കെ ശൈലജ ഡി.വൈ.എഫ്.ഐയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ശിവപുരം ഹൈസ്കൂളില്‍ അധ്യാപികയായിരിക്കെ ജോലി രാജിവെച്ചാണ് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുളള നിയമസഭാ സമിതി അംഗമായും സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1996ല്‍ കൂത്തുപറമ്പില്‍ നിന്നും 2006ല്‍ പേരാവൂരില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുളള ശൈലജ ഇത്തവണ കൂത്തുപറമ്പില്‍ മുന്‍മന്ത്രി കെ.പി മോഹനനെ പരാജയപ്പെടുത്തിയാണ് മന്ത്രി പദവിയിലേക്ക് എത്തുന്നത്. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്ക്കരനാണ് ഭര്‍ത്താവ്.

TAGS :

Next Story