Quantcast

കണ്‍സ്യൂമര്‍ഫെഡില്‍ അനധികൃത നിയമനം

MediaOne Logo

Alwyn K Jose

  • Published:

    3 Jun 2018 2:34 PM GMT

നന്മ സ്റ്റോർ ജീവനക്കാരേ കൂട്ടത്തൊടെ പിരിച്ച് വിട്ട കൺസ്യുമർ ഫെഡിൽ അനധികൃതമായി കടന്ന് കൂടിയ മാനേജ്മെന്റ് ട്രെയിനികള്‍ക്ക് പുതിയ പദവികളിൽ നിയമനം.

നന്മ സ്റ്റോർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിട്ട കൺസ്യുമർ ഫെഡിൽ അനധികൃതമായി കടന്ന് കൂടിയ മാനേജ്മെന്റ് ട്രെയിനികള്‍ക്ക് പുതിയ പദവികളിൽ നിയമനം. ഐറ്റി കോഡിനേറ്റർ, മാർക്കറ്റിങ്ങ് മാനേജർ തുടങ്ങിയ തസ്തികകളിൽ മാനേജ്മെന്റ് ട്രെയിനികളെ നിയമിച്ചു. മാനേജ്മെന്റ് ട്രെയിനി എന്ന നിലയില്‍ ജോലിക്കെടുത്തവരെ ഉടനടി പറത്താക്കണമെന്ന് വിജിലൻസ് അടക്കം ശുപാർശ ചെയ്തിട്ടും ഇതൊക്കെ അവഗണിച്ചാണ് പുതിയ പോസ്റ്റ് നൽകിയിരിക്കുന്നത്.

യോഗ്യതാ പരീക്ഷയോ, ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനമോ ഇല്ലാതെ 2012 ലാണ് 50 ഓളം പേരെ മാനേജ്മെന്റ് ട്രെയിനി എന്ന പേരില്‍ കണ്‍സ്യൂമര്‍ഫെഡില്‍ ജോലിക്കെടുത്തത്. കരാര്‍ വ്യവസ്ഥയിലുള്ള നിയമനമെന്ന് പറഞ്ഞാണ് ജോലിക്കെടുത്തതെങ്കിലും എത്ര നാളാണ് ഈ കരാര്‍ എന്നത് സംബന്ധിച്ച് യാതൊരു വിവരവും ഇവരുടെ നിയമനത്തില്‍ പറഞ്ഞിരുന്നില്ല. വിജിലന്‍സ് അന്വേഷണം നടന്നതോടെ ഈ നിയമനത്തിനെ കുറിച്ച് ചില കാര്യങ്ങള്‍ പുറത്തുവന്നു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുള്ള നിയമനമാണ് ഇതെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഇതേ കാലയളവില്‍ ജോലിക്കെടുത്ത 3600 ഓളം നന്മ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിട്ട കണ്‍സ്യൂമര്‍ഫെഡ് മാനേജ്മെന്റ് ട്രെയിനികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്നറിയുന്നതിനായി ഞങ്ങള്‍ ചില അന്വേഷണങ്ങള്‍ നടത്തി. മാനേജ്മെന്റ് ട്രെയിനി എന്ന പേരില്‍ 42 പേര്‍ ഇപ്പോഴും കണ്‍സ്യൂമര്‍ഫെഡില്‍ ജോലിയില്‍ തുടരുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇത് മാത്രമല്ല ഇവര്‍ക്ക് ഇപ്പോള്‍ പ്രത്യേക പദവികളും കണ്‍സ്യൂമര്‍ഫെഡ് നല്‍കിയിട്ടുണ്ട്. ഐടി കോഡിനേറ്റര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ തുടങ്ങിയ തസ്തികയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ചുമതല വഹിക്കാനുള്ള മിനിമം യോഗ്യത പോലും ഇക്കൂട്ടര്‍ക്ക് ഇല്ലെന്നിരിക്കെയാണ് വിജിലന്‍സിന്റെ ശിപാര്‍ശ മറികടന്ന് പുതിയ പദവികള്‍ നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ സ്വാധീനത്തിലൂടെ കടന്നു കൂടി ഇവരെ ഉടനടി കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് പുറത്താക്കണമെന്നും വിജിലന്‍സ് ഓപ്പറേഷന്‍ അന്നപൂര്‍ണ പ്രകാരവും ശിപാര്‍ശ ചെയ്തിരുന്നു.

TAGS :

Next Story