Quantcast

കെ എം മാണി എല്‍ഡിഎഫിലേക്ക്: കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നേക്കും

MediaOne Logo

Khasida

  • Published:

    3 Jun 2018 1:35 AM GMT

കെ എം മാണി എല്‍ഡിഎഫിലേക്ക്: കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നേക്കും
X

കെ എം മാണി എല്‍ഡിഎഫിലേക്ക്: കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നേക്കും

കേരള കോണ്‍ഗ്രസ് പിന്തുണയുള്ള കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണമാറ്റത്തിന് സാധ്യത.

സിപിഎം പിന്തുണ സ്വീകരിച്ചതില്‍ കേരളാ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. മാണി എല്‍ഡിഎഫിലേക്ക് പോയാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യത. ജോസഫ് വിഭാഗവും മാണി വിരുദ്ധരും യുഡിഎഫില്‍ തുടര്‍ന്നേക്കും. കേരള കോണ്‍ഗ്രസ് പിന്തുണയുള്ള കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണമാറ്റത്തിന് സാധ്യത.

കെ എം മാണി എല്‍ഡിഎഫിലേക്ക് പോയാല്‍ കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നേക്കും. പി ജെ ജോസഫിനൊപ്പമുള്ള പഴയ ജോസഫ് വിഭാഗം യുഡിഎഫില്‍ തുടരാനാണ് സാധ്യത. മാണിക്കൊപ്പമുള്ള കുറച്ച് നേതാക്കളും ജോസഫിനൊപ്പം യുഡിഎഫില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്. അതിനിടെ കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡ‍ന്‍റ് ഇ ജെ അഗസ്തി പ്രസിഡന്‍റ് സ്ഥാനം രാജി വെച്ചു.

കെ എം മാണി എല്‍ഡിഎഫിലേക്ക് പോയാല്‍ വളരും തോറും പിളരുന്ന പാര്‍ട്ടി വീണ്ടും പിളരാനാണ് എല്ലാ സാധ്യതയും. പാര്‍ട്ടി തീരുമാനമല്ല കോട്ടയത്ത് നടപ്പാക്കിയതെന്ന് പറഞ്ഞ് പി ജെ ജോസഫിന്റെ വിശ്വസ്തന്‍ മോന്‍സ് ജോസഫ് ആദ്യ വെടി പൊട്ടിച്ച് കഴിഞ്ഞു. ജോസഫിനൊപ്പം നില്‍ക്കുന്ന മറ്റ് നേതാക്കളും എല്‍ഡിഎഫിലേക്ക് പോകുന്നതിനോട് യോജിക്കുന്നില്ല. പഴയ മാണി ഗ്രൂപ്പില്‍ പെട്ട ചില നേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും യുഡിഎഫ് വിടുന്നതിനോട് താത്പര്യം ഇല്ലെന്നാണ് സൂചന.

മാണി എല്‍ഡിഎഫിലേക്ക് പോവുകയും, ജോസഫ് ഗ്രൂപ്പ് യുഡിഎഫില്‍ നില്‍ക്കുകയും ചെയ്താല്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ജോസഫിനൊപ്പം ചേര്‍ക്കാനുള്ള നീക്കങ്ങളും ഒരു വിഭാഗം തുടങ്ങിയിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജിന് കോട്ടയം പാര്‍ലമെന്റ് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. പി സി ജോര്‍ജിന്റെ ജനപക്ഷത്തേയും യുഡിഎഫിലേക്ക് ജോസഫ് വഴി എത്തിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുകയും ചെയ്യും. ഈ സാഹചര്യങ്ങളെല്ലാം അറിയുന്ന കെ എം മാണി പൊടുന്നനെ എല്‍ഡിഎഫിലേക്ക് പോവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

പക്ഷേ, കോട്ടയം ജില്ല പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എം സ്വീകരിച്ച നിലപാട് സംസ്ഥാനത്തെ തദ്ദേശസ്വയം സ്ഥാപനങ്ങളിൽ ഭരണ മാറ്റത്തിന് വഴിയൊരുക്കും. മധ്യകേരളത്തില്‍ യുഡിഎഫിന് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചാല്‍ മാണി വിഭാഗത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കനത്ത തിരിച്ചടിയാകും.

മദ്ധ്യകേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫ് ഉണ്ടാക്കിയ നേട്ടങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റെ പുതിയ നിലപാട് തിരിച്ചടിയായിരിക്കുയാണ്. മാണിയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചാല്‍ ഒട്ടേറെ പഞ്ചായത്തുകളില്‍ ഭരണം മാറിമറിയും.

കോട്ടയം ജില്ലയിലാണ് ഇത് ഏറ്റവും കുടുതല്‍ പ്രതിഫലിക്കുക. കോട്ടയം ജില്ലാ പഞ്ചായത്തിന് പുറമേ 40 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ചേര്‍ന്നാണു ഭരണം നടത്തന്നത്. കോട്ടയത്ത് സഖ്യമുള്ള 24 പഞ്ചായത്തുകളില്‍ 14 എണ്ണത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തിനും ചലനമുണ്ടായേക്കാം. 10 പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസിന്റെ ഭരണവും തുലാസിലാകും. സഖ്യമുള്ള പാലായില്‍ കേരളാ കോണ്‍ഗ്രസിനും കോട്ടയത്ത് കോണ്‍ഗ്രസിനും ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. എന്നാല്‍, ചങ്ങനാശേരി, ഏറ്റുമാനൂര്‍ നഗരസഭകളില്‍ സ്ഥാന ചലനമുണ്ടായേക്കാം.

ഇടുക്കി ജില്ലാ പഞ്ചായത്ത്, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളില്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. ഇടുക്കിയില്‍ മൂന്നു ബ്ലോക്ക് പഞ്ചായത്തുകളിലും 10 പഞ്ചായത്തുകളിലൂം കേരളാ കോണ്‍ഗ്രസ് പിന്തുണയിലാണു കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ഭരിക്കുന്നത്. അഞ്ചു പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസിനു പ്രസിഡന്റ് സ്ഥാനമുണ്ട്.

പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭ, പെരിങ്ങര, മല്ലപ്പള്ളി, ആനിക്കാട്, ചെറുകോല്‍ പഞ്ചായത്തുകളിലെ ഭരണത്തില്‍ മാറ്റമുണ്ടായേക്കും. എറണാകുളം ജില്ലയില്‍ രണ്ടു പഞ്ചായത്തുകളില്‍ പ്രതിസന്ധിയുണ്ടാകും. തൃശൂര്‍ ജില്ലയില്‍ ഒരു നഗരസഭ, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രതിസന്ധി ഉണ്ടായേക്കാം. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല, ചെങ്ങന്നൂര്‍ നഗരസഭകളിലും തലവടി, മാന്നാര്‍, പള്ളിപ്പാട് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനെ കേരളാ കോണ്‍ഗ്രസിനെ പിന്തുണയ്ക്കണം. കോഴിക്കോട് ജില്ലയില്‍ ഒരു പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് നിര്‍ണായക ഘടകമാണ്.

അതിനിടെ കേരളാ കോണ്‍ഗ്രസ് എമ്മിനെ പിന്തുണക്കാനുള്ള സി പി എമ്മിന്റെ തീരുമാനത്തില്‍ എതിര്‍പ്പുമായി വി എസ് അച്യുതാനന്ദന് രംഗത്തുവന്നു‍. കെ എം മാണിക്കെതിരായ അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതാണെന്നും കോട്ടയത്ത് നിന്ന് കേട്ട വാര്‍ത്ത സത്യമാവാതിരിക്കട്ടെയെന്നും വി എസ് അച്യുതാനനന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു..

TAGS :

Next Story