Quantcast

റിയല്‍ എസ്റ്റേറ്റ് നിയമം കേരളം നടപ്പാക്കാത്തത് ആര്‍ക്ക് വേണ്ടി?

MediaOne Logo

Khasida

  • Published:

    3 Jun 2018 1:51 PM GMT

നിയമം നടപ്പാക്കാത്തതുമൂലം റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാർ രക്ഷപ്പെടുന്നതെങ്ങനെ?

റിയല്‍ എസ്‌റ്റേറ്റ് മാഫിയക്ക് കടിഞ്ഞാണിടാന്‍ പാര്‍ലമെന്റ് പാസാക്കിയ റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് നടപ്പാക്കിയില്ല. 13 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ നിയമം ഒരു വർഷത്തിന് ശേഷവും നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ല. നിയമം നടപ്പാക്കാത്തതുമൂലം റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകാർക്ക് രക്ഷപ്പെടാന്‍ പഴുത് ലഭിക്കുന്നു.



പ്രവാസികളടക്കമുള്ളവര്‍ക്ക് ഗുണകരമാകുമായിരുന്ന നിയമം 2016 ഒക്‌ടോബറില്‍ സംസ്ഥാനത്ത് നടപ്പാക്കാനാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. കേന്ദ്ര നിയമം വന്നതോടെ സംസ്ഥാന റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ നിയമം അപ്രസക്തമാകുകയും ചെയ്തു. പണം നിക്ഷേപിച്ചവര്‍ വന്‍തോതില്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റ് നിയമം നടപ്പാക്കിയത്.

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മാണം വൈകിയാല്‍ പലിശ നല്‍കണം. നിശ്ചിതസമയത്ത് ഫ്ലാറ്റ് ലഭിച്ചില്ലെങ്കില്‍ ഉപയോക്താവിന് റീ ഫണ്ട് ആവശ്യപ്പെടാം. ഇതനുസരിച്ച് ബില്‍ഡര്‍മാര്‍ മുഴുവന്‍ തുകയും തിരിച്ചുനല്‍കണം. ഉപയോക്താവ് ആവശ്യപ്പെട്ട് 45 ദിവസത്തിനുള്ളില്‍ തുക തിരികെ നല്‍കണമെന്നാണ് ചട്ടം. എല്ലാ ബില്‍ഡര്‍മാരും രജിസ്റ്റര്‍ ചെയ്യണം തുടങ്ങിയ വ്യവസ്ഥകളടങ്ങുന്ന നിയമമാണ് സംസ്ഥാനം നടപ്പിലാക്കാത്തത്.

നിയമത്തിലെ മറ്റ് നിര്‍ദേശങ്ങള്‍:

  • 500 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളും കമ്പനികള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.
  • സ്ഥലവില മുതല്‍ നിര്‍മ്മാണച്ചെലവ് വരെയുള്ള തുകയുടെ 70 ശതമാനം റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ പുതിയ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് തടയാനാണിത്.
  • പ്രോജക്ട് പ്ലാന്‍ തയ്യാറാക്കാതെയും സര്‍ക്കാര്‍ അംഗീകാരം കിട്ടാതെയും ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനാവില്ല.
  • ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പ്ലാനില്‍ മാറ്റം വരുത്തരുത്.
  • പരാതികള്‍ പരിഹരിക്കാന്‍ അതിവേഗ തര്‍ക്ക പരിഹാര സംവിധാനം വേണം.
  • നിര്‍മ്മാണം കഴിഞ്ഞ് അഞ്ചുവര്‍ഷം വരെ കേടുപാട് വന്നാല്‍ കമ്പനി ഉത്തരവാദിത്വം ഏല്‍ക്കണം.
  • നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് മൂന്നുവര്‍ഷം വരെ പിഴയോടുകൂടിയ തടവോ അല്ലാതെയുള്ള തടവോ അനുഭവിക്കണം.
  • ഉപഭോക്താക്കള്‍ക്ക് കെട്ടിടം കൈമാറിക്കഴിഞ്ഞാല്‍ മൂന്നുമാസത്തിനകം റസിഡന്റ്‌സ് അസോസിയേഷനുകള്‍ രൂപവത്കരിക്കണം.

TAGS :

Next Story