Quantcast

സിഐ ബൈജു പൗലോസ് കരുക്കള്‍ നീക്കി; ദിലീപ് കുടുങ്ങി...

MediaOne Logo

Alwyn K Jose

  • Published:

    3 Jun 2018 7:36 AM GMT

സിഐ ബൈജു പൗലോസ് കരുക്കള്‍ നീക്കി; ദിലീപ് കുടുങ്ങി...
X

സിഐ ബൈജു പൗലോസ് കരുക്കള്‍ നീക്കി; ദിലീപ് കുടുങ്ങി...

കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായ കേസില്‍ നടന്‍ ദിലീപ് എന്ന പ്രമുഖന്‍ അറസ്റ്റിലാകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ പലരുമുണ്ട്.

കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായ കേസില്‍ നടന്‍ ദിലീപ് എന്ന പ്രമുഖന്‍ അറസ്റ്റിലാകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നിരവധി പേരാണുള്ളത്. ദിലീപിന്റെ അറസ്റ്റിന്റെ ക്രെഡിറ്റ് പള്‍സര്‍ സുനിയുടെ സഹതടവുകാര്‍ക്ക് നല്‍കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞ സാഹചര്യം വരെ നിലവിലുണ്ട്.

എന്നാല്‍ യഥാര്‍ഥത്തില്‍ കേസിലെ നിര്‍ണായക വഴിത്തിരിവുകളുണ്ടായത് പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകളായിരുന്നു. പള്‍സര്‍ സുനിയിലും പ്രമുഖര്‍ തീര്‍ത്ത ഇരുട്ടിലും ഒതുങ്ങി പോകുമായിരുന്ന കേസിനെ ശരിയായ ദിശയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു ബൈജു പൗലോസ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും ഒരു ദിവസത്തിന്റെ പകുതിയിലേറെ സമയം ചോദ്യം ചെയ്ത് മാരത്തോണ്‍ തെളിവുശേഖരണത്തിന് പിന്നിലും ഈ കൂര്‍മബുദ്ധിക്കാരനായ പൊലീസ് ഓഫീസറുടെ കരുനീക്കങ്ങളായിരുന്നു.

ചോദ്യം ചെയ്യലില്‍ ദിലീപും നാദിര്‍ഷായും നല്‍കിയ മൊഴികളിലെ വൈരുധ്യത്തിന് പിന്നിലെ കാണാക്കഥകള്‍ തേടിപ്പോയ ബൈജു പൗലോസിന്റെ സംഘം അതീവ രഹസ്യമായി തെളിവുകള്‍ ശേഖരിച്ചു. പള്‍സര്‍ സുനി തന്റെ ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നില്ലെന്ന ദിലീപിന്റെ വാദം ആദ്യം തന്നെ പൊളിച്ചടുക്കുകയായിരുന്നു സംഘം. ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങിനിടെ എടുത്ത ഒരു സെല്‍ഫിയില്‍ ദിലീപിനൊപ്പം സുനിയും കുടുങ്ങിയത് താരത്തിന്റെ കുഴിവെട്ടുന്നതിനു തുല്യമായിരുന്നു. തുടര്‍ന്നായിരുന്നു കാവ്യ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ റെയ്ഡ്. മാധ്യമങ്ങള്‍ക്ക് ഒരു വിധത്തിലും കേസിന്റെ വിവരങ്ങള്‍ ചോര്‍ന്നുകിട്ടാതിരിക്കാന്‍ ജാഗ്രതയോടെയായിരുന്നു ബൈജുവിന്റെ ഓരോ നീക്കവും. പൊലീസിലെ തന്നെ ഉന്നതരില്‍ ചിലര്‍ ഇക്കാര്യങ്ങളൊന്നും അറിഞ്ഞതുപോലുമുണ്ടായിരുന്നില്ല. ഇതിനിടെയാണ് ഒരുഘട്ടത്തില്‍ ദിലീപിനെ ന്യായീകരിക്കാന്‍ വരെ മുതിര്‍ന്ന ടിപി സെന്‍കുമാര്‍ ഡിജിപി സ്ഥാനം ഒഴിഞ്ഞത്. ഇതേസമയം, ബൈജുവിനെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി അന്വേഷണത്തിന്റെ നിര്‍ണായക ചുമതലകളില്‍ നിന്ന് പരോക്ഷമായി ഒഴിവാക്കാനും ശ്രമം നടന്നതായി സൂചനകളുണ്ടായിരുന്നു.

എന്നാല്‍ എതിര്‍പ്പുകള്‍ വകവെക്കാതെയായിരുന്നു ബൈജു പൗലോസിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍. അപ്പുണ്ണിയെയും നാദിര്‍ഷയേയും ജയിലില്‍ നിന്ന് വിളിച്ചിരുന്നുവെന്ന പള്‍സര്‍ സുനിയുടെ മൊഴി ദിലീപിനുള്ള കുരുക്ക് മുറുക്കി. എന്നിട്ടും അറസ്റ്റ് വൈകിപ്പിക്കാന്‍ കാരണം ഒരുതരത്തിലും കുറ്റവാളി വഴുതിപ്പോകരുതെന്ന ബൈജുവിന്റെ ജാഗ്രതയായിരുന്നു. നിയമത്തിലെ പഴുതുകള്‍ പ്രതികള്‍ ആയുധമാക്കരുതെന്ന പിടിവാശി തന്നെയായിരുന്നു അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്നലെ വരെ വൈകിപ്പിച്ചത്. ഒടുവില്‍ തന്റെ നിഗമനങ്ങള്‍ ഉറപ്പാക്കി ബൈജു കളി ക്ലൈമാക്സ് എഴുതി.

TAGS :

Next Story