Quantcast

ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിന്റെ പൂര്‍ണ്ണരൂപം

MediaOne Logo

Subin

  • Published:

    3 Jun 2018 9:15 PM GMT

ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിന്റെ പൂര്‍ണ്ണരൂപം
X

ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിന്റെ പൂര്‍ണ്ണരൂപം

സിബല്‍- അവള്‍ക്ക് 25 വയസുണ്ട്. കുട്ടിയല്ല... ചീഫ് ജസ്റ്റിസ് കെഹാര്‍- ബ്ലൂവെയില്‍ ചലഞ്ചിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? എങ്ങനെയാണ് കുട്ടികള്‍ വഴിതെറ്റുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ?...

ഹാദിയ കേസില്‍ എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി) അന്വേഷണത്തിന് സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെയും ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജിയിലാണ് ബുധനാഴ്ച്ച വിധിയുണ്ടായത്.

സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് എന്‍ഐഎ കേസ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസ് ജെഎസ്. ഖെഹാര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

ഹാദിയ കേസില്‍ ബുധനാഴ്ച്ച സുപ്രീംകോടതിയില്‍ നടന്ന വാദത്തിന്റെ പൂര്‍ണ്ണരൂപം.

മനീന്ദര്‍ സിംങ് (എന്‍ഐഎക്കുവേണ്ടി)- ഹാദിയ കേസില്‍ അന്വേഷണം സംബന്ധിച്ച് എന്‍ഐഎ സുപ്രീംകോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതൊരു ഒറ്റപ്പെട്ട കേസല്ല.

ചീഫ് ജസ്റ്റിസ് കെഹാര്‍(മനീന്ദര്‍ സിംങിനോട്)- കേരള പോലീസ് നിങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറിയോ? വിഷയം എന്‍ഐഎക്ക് കൈമാറണമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. (വി ഗിരിയോട്) എന്താണ് കേരളത്തിന് പറയാനുള്ളത്?

വി ഗിരി(കേരളത്തിന്റെ അഭിഭാഷകന്‍) - വിഷയത്തില്‍ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

മനീന്ദര്‍ സിംങ്(എന്‍ഐഎ) - ദയവായി ഞങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയിലെ നാല്, അഞ്ച് പേജുകള്‍ നോക്കൂ. 34ആം ഖണ്ഡിക നോക്കൂ. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഉത്തമോദാഹരണമാണിത്. ഒരേ വ്യക്തികള്‍ ഉള്‍പ്പെട്ട മൂന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ ഇതേ മേഖലയിലുണ്ടായിട്ടുണ്ട്. പെണ്‍കുട്ടികളെ തടവിലാക്കിയ ശേഷം വിവാഹം കഴിക്കുകയാണ് ചെയ്യുന്നത്.

ചീഫ് ജസ്റ്റിസ് കെഹാര്‍- ഒരു കേസ് മാത്രമാണ് ഹൈക്കോടതിയിലെത്തിയത്.

(കേരളത്തിന്റെ അഭിഭാഷകനോട്) അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടോ?

വി ഗിരി(കേരളത്തിന്റെ അഭിഭാഷകന്‍) - എല്ലാം പരമോന്നത നീതിപീഠത്തിന്റെ തീരുമാനം. കരുതിക്കൂട്ടിയുള്ള കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതല്ല ഈ കേസ്. ഞങ്ങള്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അന്വേഷണം നടത്തണോ എന്നത് അവരുടെ(എന്‍ഐഎ) തീരുമാനമാണ്. കോടതി ഉത്തവിടുകയാണെങ്കില്‍ അന്വേഷണം എന്‍ഐഎക്ക് ഏറ്റെടുക്കാവുന്നതാണ്.

മനീന്ദര്‍ സിംങ്(എന്‍ഐഎക്കുവേണ്ടി) - കേരളത്തിന് എതിര്‍പ്പില്ലെന്നാണ് ഇത് കാണിക്കുന്നത്. അങ്ങനെയെങ്കില്‍ എന്‍ഐഎ തന്നെ അന്വേഷിക്കണം.

വി ഗിരി(കേരളത്തിന്റെ അഭിഭാഷകന്‍) - അരുത്, അത് തീരുമാനിക്കേണ്ടത് പരമോന്നത നീതിപീഠമാണ്.

ചീഫ് ജസ്റ്റിസ് കെഹാറും ജെ ചന്ദ്രചൂഡും ചര്‍ച്ച ചെയ്യുന്നു.

മനീന്ദര്‍ സിംങ് (എന്‍ഐഎ)- കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന യുവാവിന് സിമിയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.

ചീഫ് ജസ്റ്റിസ് കെഹാര്‍ - നിങ്ങള്‍ നല്‍കിയ അപേക്ഷയിലും ഇത് സൂചിപ്പിച്ചിരുന്നു.

കപില്‍ സിബല്‍ (ഷാഫിന്‍ ജഹാനുവേണ്ടി)- കേസില്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ആ അന്വേഷണം തുടരാന്‍ അനുവദിക്കണം.

ചീഫ് ജസ്റ്റിസ് കെഹാര്‍ - ഹൈക്കോടതി വിധിയില്‍ വളരെ ഗൗരവമുള്ള ചില പരാമര്‍ശങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ഒരു സ്വതന്ത്രമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍കരുതുന്നത്. എന്‍ഐഎ ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണ്.

കപില്‍ സിബല്‍ - പല പ്രോസിക്യൂഷന്‍ കേസുകളിലും മലക്കം മറിഞ്ഞിട്ടുള്ള ഒരു അന്വേഷണ ഏജന്‍സിയെക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നില്ല. കേസ് അന്വേഷിക്കാന്‍ അനുവദിക്കണമെന്ന എന്‍ഐഎയുടെ അപേക്ഷയില്‍ ഒരു സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കോടതി അനുവദിക്കണം.

ചീഫ് ജസ്റ്റിസ് കെഹാര്‍- എല്ലാവരും ആഗ്രഹിക്കുന്നത് സത്യസന്ധമായ ഒരു അന്വേഷണമാണ്. ഓരോ ഏജന്‍സിക്കും ഒന്നല്ലെങ്കില്‍ മറ്റൊരു കുഴപ്പമുണ്ട്. ഞങ്ങള്‍ക്കൊരു നിര്‍ദ്ദേശമുണ്ട്... സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജിയുടെ മേല്‍ നോട്ടത്തില്‍ എന്‍ഐഎ അന്വേഷണം നടക്കട്ടെ.

കപില്‍ സിബല്‍(ഷാഫിന്‍ ജഹാനുവേണ്ടി) - പെണ്‍കുട്ടി സുപ്രീംകോടതിയില്‍ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എങ്ങനെയാണ് പെണ്‍കുട്ടിയെ പിതാവ് വരുതിയിലാക്കിയിരിക്കുന്നതെന്ന് അവര്‍ കോടതിയില്‍ ഹാജരായാല്‍ എനിക്ക് കാണിച്ച് തരാനാകും. ബഹുമാനപ്പെട്ട കോടതി പെണ്‍കുട്ടിയെ ഇവിടെയെത്തിക്കാന്‍ അനുവാദം നല്‍കണം.

ചീഫ് ജസ്റ്റിസ് കെഹാര്‍- ഒരു പിതാവ് എന്തിനുവേണ്ടി അത്തരമൊരു കാര്യം ചെയ്യണം?

കപില്‍ സിബല്‍ - അത് എനിക്ക് തെളിയിക്കാനാകും.

ചീഫ് ജസ്റ്റിസ് കെഹാറും ജെ ചന്ദ്രചൂഡും ചര്‍ച്ച ചെയ്യുന്നു

ചീഫ് ജസ്റ്റിസ് കെഹാര്‍- ഇതാണ് ഞങ്ങളുടെ നിര്‍ദ്ദേശം(കപില്‍ സിബലിനോട്). കേസന്വേഷണത്തിന്റെ മേല്‍നോട്ടം ജഡ്ജി വഹിക്കണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി നല്‍കാം. സുതാര്യമായ അന്വേഷണത്തിനുള്ള അവസരമായി വേണം ഇതിനെ കാണാന്‍. ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്. ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വെക്കുന്ന വാഗ്ദാനമാണിത്. തീരുമാനം നിങ്ങളുടേതാണ്. സത്യസന്ധമായ ഒരു അന്വേഷണം വേണോ വേണ്ടയോ?

കപില്‍ സിബല്‍ - രേഖകള്‍ ന്യായാധിപര്‍ മുമ്പാകെ അവര്‍ നിരത്തിയത് എങ്ങനെയെന്ന് ഞാന്‍ കണ്ടു. പെണ്‍കുട്ടിയെ കോടതിക്ക് മുന്നില്‍ ഹാജരാക്കിയാല്‍ അന്വേഷണത്തിന് ഞങ്ങള്‍ സമ്മതിക്കാം.

ചീഫ് ജസ്റ്റിസ് കെഹാര്‍- ഞങ്ങളത് ചെയ്യില്ല, അവള്‍ ഒരു കുട്ടിയാണ്.

സിബല്‍- അവള്‍ക്ക് 25 വയസുണ്ട്. കുട്ടിയല്ല.

ചീഫ് ജസ്റ്റിസ് കെഹാര്‍- ബ്ലൂവെയില്‍ ചലഞ്ചിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? എങ്ങനെയാണ് കുട്ടികള്‍ വഴിതെറ്റുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ?

സിബല്‍ - എന്തുകൊണ്ട് പെണ്‍കുട്ടിയോട് ചോദിക്കുന്നില്ല? എന്തിനാണിത്ര ആശങ്ക?

ചീഫ് ജസ്റ്റിസ് കെഹാര്‍- പെണ്‍കുട്ടിയുടെ മാനസിക നിലയെക്കുറിച്ച് ഹൈക്കോടതി പരാമര്‍ശങ്ങളുണ്ട്.

സിബല്‍ - ഈ വിഷയത്തില്‍ കാര്യമായ വാദങ്ങള്‍ നടന്നിട്ടില്ല. ഇത്തരം അനുമാനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് എനിക്ക് തെളിയിക്കാനാകും. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഞങ്ങളെ അനുവദിക്കണം. സാധ്യമെങ്കില്‍ പെണ്‍കുട്ടിയെ സുപ്രീംകോടതിയിലേക്ക് വിളിപ്പിക്കണം.

ചീഫ് ജസ്റ്റിസ് കെഹാര്‍(എഴുതുന്നു)- പരാതിക്കാരന് എന്‍ഐഎയുടെ അപേക്ഷയില്‍ സത്യവാങ് മൂലം നല്‍കാന്‍ അനുമതി നല്‍കുന്നു.

സിബല്‍- തിങ്കളാഴ്ച്ച സത്യവാങ് മൂലം ഫയല്‍ ചെയ്യും. 2016 നവംബര്‍ മുതലാണ് എനിക്ക് പെണ്‍കുട്ടിയുമായി ബന്ധമുള്ളത്. അതിന് മുമ്പ് പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായ അറിവില്ല. ആ പെണ്‍കുട്ടിക്ക് മാത്രമേ അത് പറയാനാകൂ.

ഇന്ദിര ജയ്‌സിംങ്(ഷഫീന്‍ ജഹാന് വേണ്ടി) - പെണ്‍കുട്ടിയെ വിളിക്കുന്നില്ലെങ്കില്‍, ഒരു സത്യവാങ് മൂലം സമര്‍പ്പിക്കാനെങ്കിലും ആ പെണ്‍കുട്ടിയെ അനുവദിക്കണം.

ചീഫ് ജസ്റ്റിസ് കെഹാര്‍- എങ്ങനെയാണ് അവള്‍ക്ക് മൂന്ന് പേരുകളുണ്ടാവുക?

സിബല്‍ - അത് അവള്‍ക്കു മാത്രമേ പറയാനാകൂ.

ചീഫ് ജസ്റ്റിസ് കെഹാര്‍- അത്രമേല്‍ അവശ്യമാകാതെ അവളെ ഞങ്ങള്‍ ഇങ്ങോട്ട് വിളിപ്പിക്കില്ല

ജെ ചന്ദ്രചൂഡ് - ഈ സമയത്ത് പെണ്‍കുട്ടിക്ക് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അനുമതി നല്‍കുന്നത് കേസിനെ മുന്‍വിധിയോടെ സമീപിക്കുന്നതിന് തുല്യമാകും.

സിബല്‍- നിങ്ങള്‍ ഇപ്പോള്‍ തന്നെ മുന്‍വിധിയോടെയാണ് കാര്യങ്ങളെ കാണുന്നത്! ഒരേ വിഷയത്തില്‍ രണ്ട് ബഞ്ചുകള്‍ വ്യത്യസ്ഥമായ അനുമാനങ്ങളിലാണെത്തിയത്.

ചീഫ് ജസ്റ്റിസ് കെഹാര്‍- ഞങ്ങള്‍ ആ പെണ്‍കുട്ടിയെ വിളിപ്പിച്ചാല്‍, ഈ കേസ് അവിടെ അവസാനിക്കും! അതിന് മുമ്പായി എല്ലാതരത്തിലുമുള്ള വിവരങ്ങളും ശേഖരിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്.

ഇന്ദിര ജയ്‌സിംങ്- ദയവായി അവളോട് ആദ്യം സംസാരിക്കൂ!

ചീഫ് ജസ്റ്റിസ് കെഹാര്‍- അന്തിമഘട്ടത്തില്‍ മാത്രമേ അവളോട് സംസാരിക്കാനാകൂ.

സിബല്‍ - നിങ്ങള്‍ അവളോട് സംസാരിച്ചാല്‍ അത് വളരെ നല്ലകാര്യമെന്ന് മാത്രമേ ഞാന്‍ പറയൂ.

ചീഫ് ജസ്റ്റിസ് കെഹാര്‍(എഴുതുന്നു)- എന്‍ഐഎ അന്വേഷണത്തിന്റെ കാര്യത്തില്‍ അപേക്ഷകന് എതിര്‍പ്പില്ലെന്ന് വേണം മനസിലാക്കാന്‍. സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേസില്‍ എന്‍ഐഎ അന്വേഷണം നടക്കട്ടെ. കെഎസ് രാധാകൃഷ്ണന്റെ പേര് നിര്‍ദ്ദേശിക്കുന്നു. കേസില്‍ അന്തിമ വിധിക്ക് മുമ്പ് പെണ്‍കുട്ടി കോടതിയില്‍ ഹാജരാകുന്നത് പരിഗണിക്കും.

ഇന്ദിര ജയ്‌സിങ്- ആദ്യം ജഡ്ജിയുടെ കാര്യത്തില്‍ സമവായത്തിലെത്തണം. ഇത് മതപരമായി വൈകാരിക വിഷയമാണ്. ജസ്റ്റിസ് തോമസ് മെച്ചപ്പെട്ട നിര്‍ദ്ദേശമാണെന്ന് കരുതുന്നു.

ചീഫ് ജസ്റ്റിസ് കെഹാര്‍- ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍ മികച്ച ന്യായാധിപനാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കെടി തോമസ് വിരമിച്ചത്. അദ്ദേഹത്തിന് മുമ്പാകെ ഞാന്‍ പലപ്പോഴും വാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇത്തരമൊരു ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് തടസമാകുമോ എന്ന് ആശങ്കയുണ്ട്.

സിബല്‍- ഞാന്‍ ആരുടേയും പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.

ഇന്ദിര ജയ്‌സിംങ്- ഇതൊരു മതങ്ങള്‍ക്കിടയിലെ വിഷയമാണ്. പരമോന്നത നീതിപീഠം കൂടുതല്‍ കരുതല്‍ കാണിക്കുമെന്ന്കരുതുന്നു.

സിബല്‍ - ജസ്റ്റിസ് താക്കൂര്‍, ജസ്റ്റിസ് നിജ്ജാര്‍, ജസ്റ്റിസ് രവീന്ദ്രന്‍...

ചീഫ് ജസ്റ്റിസ് കെഹാര്‍- ജസ്റ്റിസ് രവീന്ദ്രന്‍

ശ്യാം ദിവാന്‍(പെണ്‍കുട്ടിയുടെ പിതാവ് അശോകന് വേണ്ടി) - രേഖകളില്‍ പലതും മലയാളത്തിലുള്ളതാണ്. ജസ്റ്റിസ് രാധാകൃഷ്ണന് മലയാളം അറിയാം. ഇത് കൂടുതല്‍ ഗുണമായേക്കും.

ചീഫ് ജസ്റ്റിസ് കെഹാര്‍- മേല്‍നോട്ടം എന്നത് തെറ്റിദ്ധരിക്കരുത്. എന്തെങ്കിലും അന്വേഷണം അദ്ദേഹം നേരിട്ട് നടത്തില്ല.

സിബല്‍- അന്തിമ തീരുമാനത്തിന് മുമ്പ് നിങ്ങള്‍ പെണ്‍കുട്ടിയ കാണുമോ?

ചീഫ് ജസ്റ്റിസ് കെഹാര്‍- തീര്‍ച്ചയായും. ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജെ രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎ അന്വേഷണം നടക്കട്ടെ. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കട്ടെ. അതിന് ശേഷമാകാം.

കടപ്പാട്: ബി ബാലഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

TAGS :

Next Story