ചരിത്രം വളച്ചൊടിക്കാനെങ്കിലും ഒരല്‍പം ചരിത്രം വായിക്കൂ: കുമ്മനത്തോട് എം കെ മുനീര്‍
ചരിത്രം വളച്ചൊടിക്കാനെങ്കിലും ഒരല്‍പം ചരിത്രം വായിക്കൂ: കുമ്മനത്തോട് എം കെ മുനീര്‍
കുറച്ച് കൂടി കഴിഞ്ഞാൽ മഹാത്മാഗാന്ധിയും നെഹ്റുവും സ്വാതന്ത്ര്യ സമരത്തിൽ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് സവർക്കറും, പിന്നെ നാഥുറാം ഗോഡ്സെയും, ശ്യാമപ്രസാദ് മുഖർജിയും മാത്രമായിരുന്നുവെന്ന് കുമ്മനം എഴുതിയേക്കാം..
1921ലെ മലബാര്‍ കലാപത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശവുമായി എം കെ മുനീര്‍ എംഎല്‍എ. ചരിത്രം വളച്ചൊടിക്കാനെങ്കിലും ഒരല്‍പം ചരിത്രം വായിക്കൂ എന്നാണ് കുമ്മനത്തോട് മുനീര്‍ പറയുന്നത്. ഫാഷിസ്റ്റ് ശൈലിയിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാർ അജണ്ട കേരളത്തിൽ കുമ്മനം പരീക്ഷിക്കുകയാണ്. കുറച്ച് കൂടി കഴിഞ്ഞാൽ മഹാത്മാഗാന്ധിയും നെഹ്റുവും സ്വാതന്ത്ര്യ സമരത്തിൽ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് സവർക്കറും, നാഥുറാം ഗോഡ്സെയും, ശ്യാമപ്രസാദ് മുഖർജിയും മാത്രമായിരുന്നുവെന്ന് കുമ്മനം എഴുതിയേക്കാമെന്നും എം കെ മുനീര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
വാഗൺ ട്രാജഡിയിൽ മുസ്ലിംകൾ വാഗണിനകത്ത് പിടഞ്ഞു മരിച്ചത് ഏതെങ്കിലും ഹിന്ദു സമൂഹത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടല്ല. ആ വാഗണിൽ അവരെ കുത്തി നിറച്ചത് ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടതും വാഗണിൽ കുത്തി നിറക്കപ്പെട്ടതും. മലബാർ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അതിന്റെ അന്തർധാരകളെക്കുറിച്ചും കെ പി കേശവമേനോനും ഇ മൊയ്തു മൗലവിയും ചരിത്രകാരന്മാരായ എം ജി എസ് നാരായണനും എം. ഗംഗാധരനുമൊക്കെ എഴുതിയിട്ടുണ്ടെന്ന് മുനീര്‍ വ്യക്തമാക്കി.
താജ് മഹൽ എന്നാൽ തേജ് മഹാലേ എന്ന ക്ഷേത്രമായിരുന്നെന്നും കുതബ് മിനാർ കുത്തബുദ്ദീൻ ഐബക് നിർമ്മിച്ചതല്ലെന്നുമുള്ള വ്യാജ ചരിത്രങ്ങൾ നിർമ്മിച്ചെടുക്കുകയാണ്. അങ്ങനെ നൂറായിരം ചരിത്രങ്ങളിൽ അസത്യങ്ങൾ പുരട്ടി കൊണ്ടിരിക്കുകയും ചരിത്ര പുരുഷൻമാരുടെ പേരിലുള്ള റോഡുകളും സ്മാരകങ്ങളും പേര് മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് കാലഘട്ടത്തിൽ കുമ്മനം യഥാർഥ ഫാഷിസ്റ്റാണെന്ന് തെളിയിച്ച് കൊണ്ട് 1921 ന് ഒരു പുതിയ ചരിത്രം എഴുതി ചേർക്കുകയാണെന്ന് മുനീര്‍ വിമര്‍ശിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഹിന്ദുവും മുസ്‍ലിമും സിഖുകാരനും ക്രിസ്ത്യാനിയും ആയ പോരാളികളുടെ പേരുകൾ മായ്ച് ഫാഷിസ്റ്റ് ഭരണത്തിന് കീഴിൽ പുതിയ പേരുകളും ആളുകളും രംഗപ്രവേശം നടത്തുന്ന കാലം വിദൂരമല്ല. അങ്ങനെ വരുമ്പോൾ കുമ്മനം രാജശേഖരൻ തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാം. എല്ലാ ആർഎസ്എസ്സുകാരനും ബിജെപി ക്കാരനും സ്വാതന്ത്ര്യ സമര സേനാനികളും അല്ലാത്തവരെല്ലാം രാജ്യദ്രോഹികളുമായി മാറുന്ന പുതിയ ചരിത്രമെഴുത്ത് കൽബുർഗിയെ കൊല ചെയ്ത, പൻസാരെയെ ഇല്ലാതെയാക്കിയ, ഗൗരി ലങ്കേഷിനെ തൂത്തെറിഞ്ഞ ഫാഷിസ്റ്റുകളിൽ നിന്ന് ഉടനെ പ്രതീക്ഷിക്കാമെന്നും എം കെ മുനീര്‍ ഫേസ് ബുക്ക് കുറിപ്പിലെഴുതി.
Adjust Story Font
16