Quantcast

തോമസ് ചാണ്ടി വിഷയത്തില്‍ റവന്യു വകുപ്പും അഡ്വക്കറ്റ് ജനറലും നേര്‍ക്കുനേര്‍.

MediaOne Logo

admin

  • Published:

    3 Jun 2018 9:16 AM GMT

തോമസ് ചാണ്ടിക്കെതിരായ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനെ ഒഴിവാക്കിയതിനെതിരെ കടുത്ത നിലപാടുമായി സിപിഐ

മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട കായല്‍ കയ്യേറ്റ കേസില്‍ റവന്യു വകുപ്പും അഡ്വക്കറ്റ് ജനറലും നേര്‍ക്കുനേര്‍. കേസില്‍ നിന്ന് അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനെ ഒഴിവാക്കി സ്റ്റേറ്റ് അറ്റോര്‍ണിയെ നിയോഗിച്ചതിനെതിരെ റവന്യു മന്ത്രി രംഗത്തുവന്നു. എന്നാല്‍ എ എ ജിയെ തന്നെ നിയോഗിക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം തള്ളിയ അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രമേ അഭിഭാഷകനെ മാറ്റാനാവൂ എന്ന് തിരിച്ചടിച്ചു.

റവന്യു വകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ സാധാരണ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകേണ്ടത്. എന്നാല്‍ തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റക്കേസില്‍ കളക്ടറുടെ റിപ്പോര്‍ട്ടുള്‍പ്പെടെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ വകുപ്പിനെ അറിയിക്കാതെ സിപിഐ നോമിനി കൂടിയായ എ എ ജി രഞ്ജിത് തന്പാനെ മാറ്റി സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനെ കേസ് ഏല്‍പ്പിക്കുകയായിരുന്നു. വിഷയത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച റവന്യു മന്ത്രി പൊതു താല്‍പര്യവും റവന്യു കേസുകളിലെ പരിചയ സന്പത്തും പരിഗണിച്ച് രഞ്ജിത് തന്പാനെ തന്നെ കേസേല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എ ജി ക്ക് ഫാക്സയച്ചു.

പക്ഷെ മന്ത്രിയുടെ ആവശ്യം എ ജി തള്ളി. കേസ് ആര്‍ക്ക് നല്‍കണമെന്നത് തന്റെ വിവേചനാധികാരത്തില്‍പെട്ടതാണെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചാലല്ലാതെ അഭിഭാഷകനെ മാറ്റാനാവില്ലെന്നും എ ജി വ്യക്തമാക്കി. മുഖ്യമന്ത്രിയും റവന്യു വകുപ്പും തമ്മിലെ ശീതസമരം കൂടുതല്‍ രൂക്ഷമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ വകുപ്പിനെ അപ്രസക്തമാക്കി മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ തുടര്‍ച്ചയായാണ് ഇതിനെ സിപിഐ കാണുന്നത്. തോമസ് ചാണ്ടിയുടെ നിയമലംഘനത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന റവന്യു വകുപ്പിന്റെ നിലപാടിന ദുര്‍ബലമാക്കാനാണ് അഭിഭാഷകനെ മാറ്റിയതെന്നും സിപിഐ കരുതുന്നു.

TAGS :

Next Story