Quantcast

അറ്റകുറ്റപ്പണിക്ക് പണമില്ല; കെയുആര്‍ടിസി സര്‍വീസ് വെല്ലുവിളി നേരിടുന്നു

MediaOne Logo

Khasida

  • Published:

    3 Jun 2018 1:25 AM GMT

അറ്റകുറ്റപ്പണിക്ക് പണമില്ല; കെയുആര്‍ടിസി സര്‍വീസ് വെല്ലുവിളി നേരിടുന്നു
X

അറ്റകുറ്റപ്പണിക്ക് പണമില്ല; കെയുആര്‍ടിസി സര്‍വീസ് വെല്ലുവിളി നേരിടുന്നു

ഓണ്‍ലൈന്‍ ബുക്കിങ് ഉള്ള സര്‍വീസുകള്‍ പോലും മുടങ്ങുന്നു

കൃത്യമായ പ്രവര്‍ത്തന മൂലധനമില്ലാത്തതാണ് കെ യു ആര്‍ ടി സി നേരിടുന്ന വെല്ലുവിളി. പണമില്ലാത്തതിനാല്‍ സ്പെയര്‍ പാര്‍ട്സുകള്‍ മാറാനാകാതെ സര്‍വീസ് മുടങ്ങുന്നത് പതിവാണ്. ഓണ്‍ലൈന്‍ ബുക്കിങ് ഉള്ള സര്‍വീസുകള്‍ പോലും ഇങ്ങനെ മുടങ്ങുന്നത് കെ യു ആര്‍ ടി സി ബസുകളില്‍ നിന്ന് ജനങ്ങളെ അകറ്റാനിടയാക്കുന്നുണ്ട്.

കെ യു ആര്‍ ടി സി ക്ക് 190 ലോ ഫ്ലോര്‍ എ സി ബസുകളുണ്ട്. ഇവയില്‍ 76 ഉം കട്ടപ്പുറത്താണ്. ആധുനിക ബസുകളായതിനാല്‍ സ്പെയര്‍ പാര്‍ട്സുകള്‍ക്കും നല്ല വിലയുണ്ട്. പക്ഷെ, പണം കുടിശ്ശികയാകുമ്പോള്‍ വിതരണക്കാര്‍ സ്പെയര്‍പാര്‍ട്സ് നല്‍കില്ല. അതോടെ വണ്ടിനിശ്ചലമാവും. നേരത്തെ കട്ടപ്പുറത്തായ വണ്ടിയില്‍ നിന്ന് ഭാഗങ്ങള്‍ ഇളക്കിയാണ് പലപ്പോഴും പ്രതിസന്ധി മറികടക്കുന്നത്. സ്വകാര്യബസ് സമരം പ്രമാണിച്ച് അടിയന്തര അറ്റകുറ്റപ്പണി നടത്തിയിറക്കിയ പല ബസുകളും അധികകാലം ഓടില്ലെന്ന് അധികൃതര്‍ക്ക് തന്നെ അറിയാം.

ജില്ലക്ക് പുറത്തേക്ക് സര്‍വീസ് നടത്തുന്ന എസി ബസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ഉണ്ട്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായതിനാല്‍ ഏറെ വിജയവുമായിരുന്നു ഇത്. എന്നാല്‍ കട്ടപ്പുറത്താവുന്ന ബസുകള്‍ ഓരോന്നായി ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതോടെ റിസര്‍വേഷന്‍ സൌകര്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന നിലയായി.

പ്രതിമാസം 30 ലക്ഷം രൂപയെങ്കിലും അറ്റകുറ്റപ്പണിക്കായി മാറ്റിവെച്ചാല്‍ മുഴുവന്‍ ബസുകളും മുടങ്ങാതെ നിരത്തിലിറക്കാനാവുമെന്ന് കെ യു ആര്‍ ടി സി ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ ബസുകള്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ലാഭകരമായ ഒന്നായി കെ യു ആര്‍ ടി സിയെ മാറ്റിയെടുക്കാനുമാവും. സാമ്പത്തിക പ്രതിസന്ധിയിലായ കോര്‍പറേഷന് അതിന് കഴിയുമോ എന്നതാണ് ചോദ്യം.

TAGS :

Next Story