കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലം മാറ്റം
ഉത്തരവിറങ്ങിയത് ഇന്നലെ;നാളെ ഡ്യൂട്ടിയില്‍ ഹാജരാകണം.
കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലമാറ്റം. കണ്ടക്ടര്‍ തസ്തികയിലുള്ള 518 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സ്ഥിരമായി സര്‍വ്വീസ് തടസ്സപ്പെടുന്ന മേഖലകളിലേക്ക് 3 മാസത്തേക്കാണ് നിയമനം. ഇന്നലെ വൈകിട്ടോടെ ഉത്തരവ് ലഭിച്ച ജീവനക്കാര്‍ നാളെ ജോലിയില്‍ പ്രവേശിക്കണം.
സ്ഥിരമായി സര്‍വീസ് മുടങ്ങുന്നുവെന്ന് ആക്ഷേപമുള്ള മലബാര്‍ മേഖലയും മലയോര മേഖലകളും കേന്ദ്രീകരിച്ചാണ് സ്ഥലം മാറ്റം. വര്‍ക്കിങ് അറേഞ്ചുമെന്റ് വ്യവസ്ഥയിലാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് പലര്‍ക്കും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. നിരവധി വനിത ജീവനക്കാര്‍ക്കും മാറ്റം ലഭിച്ചിട്ടുണ്ട്. നാളെ രാവിലെ ഇവര്‍ പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കണം.
കാസര്‍കോട് യൂണിറ്റിലേക്കാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്. 52 പേര്‍. കാഞ്ഞങ്ങാടിലേക്ക് 49 പേരേ സ്ഥലം മാറ്റിയപ്പോള്‍ വെഞ്ഞാറമൂട്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്ക് 30 പേരെ വീതം സ്ഥലം മാറ്റി. ഇടുക്കി, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക് അമ്പതോളം ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്.
ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ ശേഷം സര്‍വീസ് മുടങ്ങുന്ന റൂട്ടുകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വരുമാനമുള്ള മേഖലകളില്‍ സ്ഥിരമായി സര്‍വ്വീസ് മുടങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ ദിവസ വരുമാനത്തില്‍ വലിയ കുറവ് വരുത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പരിഷ്കരണം. എന്നാല്‍ മതിയായ ജീവനക്കാരെ നിയമിക്കാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണമാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
Adjust Story Font
16