Quantcast

ശ്രീജിത്തിനെ പോലീസ് നേരിട്ട് ഹാജരാക്കിയില്ലെന്ന് മജിസ്ട്രേറ്റിന്‍റെ മൊഴി

MediaOne Logo

Khasida

  • Published:

    3 Jun 2018 8:35 PM GMT

ശ്രീജിത്തിനെ പോലീസ് നേരിട്ട് ഹാജരാക്കിയില്ലെന്ന് മജിസ്ട്രേറ്റിന്‍റെ മൊഴി
X

ശ്രീജിത്തിനെ പോലീസ് നേരിട്ട് ഹാജരാക്കിയില്ലെന്ന് മജിസ്ട്രേറ്റിന്‍റെ മൊഴി

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസിനെ കുരുക്കിലാക്കി ഹൈക്കോടതി റജിസ്ട്രാറുടെ റിപ്പോര്‍ട്ട്


വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസിന് കുരുക്കായി ഹൈക്കോടതിയുടെ അന്വേഷണ റിപ്പോര്‍ട്ടും. ശ്രീജിത്തിനെ ഹാജരാക്കുന്നതില്‍ വീഴ്ച പറ്റിയത് പോലീസിനാണെന്നും മജിസ്ട്രേറ്റിനല്ലെന്നും ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലുണ്ട്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടില്ല, ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശ്രീജിത്തിനെ ഹാജരാക്കാന്‍ ശ്രമിച്ചപ്പോള്‍ പറവൂര്‍ മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെന്ന് കാട്ടി പോലീസ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പറവൂര്‍ മജിസ്ട്രേറ്റിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഈ പരാതിയിലെ ഹൈക്കോടതി തേടിയ സബോര്‍ഡിനേറ്റ് ജുഡീഷ്യറി അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതികളെ ഹാജരാക്കിയിട്ടും തുടര്‍നടപടിക്രമങ്ങള്‍ക്ക് വിസമ്മതിച്ചുവെന്ന പരാതി തെറ്റാണെന്ന് മജിസ്ട്രേറ്റും മൊഴി നല്‍കി. വരാപ്പുഴ ദേവസ്വം പാടത്തെ വാസുദേവന്റെ വീടാക്രമണക്കേസില്‍ ഏപ്രില്‍ ആറിനാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഏഴാം തീയതി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. മജിസ്ട്രേറ്റ് വിസമ്മതം അറിയിച്ചതിനെക്കുറിച്ച് വരാപ്പുഴ പൊലീസ് അന്നത്തെ റുറല്‍ എസ്പി എവി ജോര്‍ജിന് പരാതി നല്‍കി. എവി ജോര്‍ജ് പരാതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറുകയും ചെയ്തു. ഏഴാം തീയതി ഹാജരാക്കിയെന്ന് വാദിക്കുമ്പോഴും റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് ഏട്ടാം തീയതിയാണെന്നതും പൊലീസിനെ കുരുക്കിലാക്കുന്നുണ്ട്. മജിസ്ട്രേറ്റ് വിസമ്മതമറിയിച്ചാല്‍ മറ്റൊരു മജിസ്ടേറ്റിന്റെയടുത്തോ സിജെഎമ്മിന് മുന്നിലോ ഹാജരാക്കാമെന്ന നിയമസാധ്യതയും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

അതിനിടെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമർപ്പിച്ച ഹർജി ഇന്ന് ഹൈകോടതി പരിഗണിക്കും. അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുക ആണെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. ഇക്കാര്യത്തിൽ സിബിഐയും നിലപാട് അറിയിക്കും.

കേസിലെ നാലാം പ്രതി എസ്ഐ ജിഎസ് ദീപകിന്റെ ജാമ്യാപേക്ഷയും ഇതോടൊപ്പം ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്. ജാമ്യാപേക്ഷയിൽ അന്വേഷണ സംഘം വിശദീകരണം നൽകും. താൻ ശ്രീജിത്തിനെ മർദ്ദിച്ചതായി സാക്ഷി മൊഴി പോലും ഇല്ല, മർദ്ദിച്ചത് ആർടീഎഫുകാരാണെന്നാണ് സാക്ഷിമൊഴി, അന്വേഷണ സംഘം മനഃപൂർവം കേസിൽ പ്രതിയാക്കി തുടങ്ങിയ വാദങ്ങളാണ് ദീപക് ജാമ്യാപേക്ഷയിൽ പറയുന്നത്.

അതേസമയം കസ്റ്റഡിക്കൊലപാതകത്തിൽ മുൻ ആലുവ റൂറൽ എസ്‍പി എ വി ജോർജിനെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. എ വി ജോർജ്, കസ്റ്റഡി മർദനം മറയ്ക്കാൻ ശ്രമിച്ചു, കൃത്രിമ രേഖ തയ്യാറാക്കാൻ ഒത്താശ ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. എ വി ജോർജിനെ അന്വേഷണ സംഘം രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതികളായ പൊലീസുകാരുടെയും എസ്പി ഓഫീസിലെ മുന്ന് പൊലീസുകാരുടെയും മൊഴി എ വി ജോർജിനെതിരായിരുന്നു. വയർലെസ് സന്ദേശങ്ങളടക്കം പരിശോധിക്കുന്ന നടപടിയും അന്തിമ ഘട്ടത്തിലാണ്. പ്രതി ചേർക്കുന്നത് സംബന്ധിച്ച നിയമോപദേശം ലഭിച്ച ശേഷമാകും അന്വേഷണ സംഘം തുടർ നടപടി സ്വീകരിക്കുക.

കുടുംബാംഗത്തോട് സിഐയുടെ ഡ്രൈവർ കൈക്കൂലി വാങ്ങിയെന്ന അരോപണവും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. അരോപണ വിധേയനായ സി ഐ യുടെ ഡ്രൈവർ പ്രദീപ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്കെതിരെ വിജിലൻസ് അന്വേഷണവുമുണ്ടാകും.

TAGS :

Next Story