വയറും മനസും നിറച്ച് ചക്ക സദ്യ
വയറും മനസും നിറച്ച് ചക്ക സദ്യ
വനിതകള്‍ക്കായി നടത്തിയ പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു സദ്യ
പലതരം സദ്യകള്‍ മലയാളികള്‍ക്ക് പരിചിതമാണ്. പക്ഷേ ചക്ക കൊണ്ട് മാത്രം തയ്യാറാക്കിയ സദ്യ മലയാളികള്‍ക്ക് അത്ര പരിചിതമല്ല. ചക്ക വിഭവങ്ങള്‍ കൊണ്ട് മാത്രം സദ്യയൊരുക്കിയിരിക്കുകയാണ് വയനാട്ടിലെ കൃപാ സോഷ്യല്‍ സര്‍വീസ് സെന്റര്‍. വനിതകള്‍ക്കായി നടത്തിയ പരിശീലന പരിപാടിയുടെ ഭാഗമായിരുന്നു സദ്യ.
വയനാട്ടിലെ കൃപ സോഷ്യല്‍ സര്‍വീസ് സെന്റര്‍ ഒരുക്കിയ സദ്യയില്‍ എല്ലാതരം പാരമ്പര്യ വിഭവങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഒരു വ്യത്യാസം മാത്രം. വിഭവങ്ങള്‍ പൂര്‍ണമായും തയ്യാറാക്കിയത് ചക്ക കൊണ്ടായിരുന്നു. ചക്ക കൊണ്ടുണ്ടാക്കിയ അവിയല്‍, കൂട്ടുക്കറി, കാളന്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം ,തോരന്‍, ഇഞ്ചിപുളി, ചമ്മന്തിപ്പൊടി, സാമ്പാര്‍ തുടങ്ങിയവയാണ് ഇവര്‍ സദ്യയില്‍ വിളമ്പിയത്. മീന്‍ ഇല്ലാതെ ഭക്ഷണം കഴിക്കാന്‍ സധിക്കാത്തവര്‍ക്കായി ചക്ക മീന്‍ പൊള്ളിച്ചതും സദ്യക്കൊപ്പം വിളമ്പി. അവസാനം മനസും വയറും നിറച്ച് ചക്കപായസവും.
മലയാളികള്‍ ഇതുവരെ പരീക്ഷിക്കാത്ത നൂറിലധികം വിഭവങ്ങളാണ് ചക്ക മഹോത്സത്തില്‍ ഒരുക്കിയത്. ചക്ക ജെല്ലി, ചക്ക തേന്‍, സ്ക്വാഷ് തുടങ്ങിയവും സദ്യയില്‍ ഇടംപിടിച്ചു. പുല്‍പ്പള്ളി ശ്രേയസ് യൂണിറ്റിന്റെ കീഴില്‍ കൃപാ സോഷ്യല്‍ സര്‍വീസ് സെന്റര്‍ വനിതകള്‍ക്കായി നടത്തിയ പതിമൂന്ന് ദിവസത്തെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിലാണ് ചക്ക വിഭവങ്ങള്‍ തയ്യാറാക്കിയത്. പരിപാടിയില്‍ മുപ്പതോളം വനിതകള്‍ക്ക് ചക്ക വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് പരിശീലനം നല്‍കി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Adjust Story Font
16