സംസ്ഥാനത്ത് ശക്തമായ കടല്‍ക്ഷോഭം; മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ കടല്‍ക്ഷോഭം; മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തൃശൂരില്‍ 200 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
സംസ്ഥാനത്ത് പലയിടത്തും ശക്തമായ കടല്‍ക്ഷോഭം. തൃശൂരില്‍ 200 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് പശ്ചിമ കൊച്ചിയിലെ തീരദേശത്തുള്ള ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. മുനമ്പം ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് കാണാതായി . 11 തൊഴിലാളികളാണ് ബോട്ടിലുള്ളത്.
കടല്‍ ക്ഷോഭമുണ്ടായതിനെ തുടര്‍ന്ന് ചെല്ലാനത്ത് 200ഓളം വീടുകളില്‍ വെള്ളം കയറി. ഇതിനെ തുടര്‍ന്ന് ചെല്ലാനം മേഖലയില്‍ സമരാനുകൂലികള്‍ റോഡ് ഉപരോധിച്ചു.ഉപരോധ സമരം നടത്തിയ ആളുകളില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് സംഘര്‍ഷത്തിനിടയാക്കി. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കടല്‍ ക്ഷോഭത്തെ തുടർന്ന് 200 കുടുംബങ്ങളെ മാറ്റി മർപ്പിച്ചു. മൂന്നു ഷെൽറ്ററുകളിലായാണ് ഇവരെ മാറ്റി പാർപ്പിച്ചത് .വേലിയേറ്റ സമയത്തു കടൽക്ഷോഭം ശക്തമാവാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും റവന്യൂ അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് ശംഖുമുഖം , പൂന്തുറ, വലിയ തുറ എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭമുണ്ട്. വിമാനത്താവളം റോഡിന്റെ ഒരു ഭാഗം കടല്‍ക്ഷോഭത്തില്‍ ഭാഗികമായി തകര്‍ന്നു. സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പൊന്നാനിയിലും തിരൂരിലും കടല്‍ കയറി. താനൂര്‍ ഹാര്‍ബറില്‍ നിര്‍ത്തിയിട്ട ഫൈബര്‍വള്ളങ്ങളില്‍ പത്തെണ്ണം കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നു. ശക്തമായ തിരകള്‍ മൂലം മുക്കോലയിലും പൊന്നാനി പാലപ്പെട്ടിയിലും നിരവധി വീടുകളില്‍ വെള്ളം കയറി. രണ്ടുവീടുകള്‍ തകര്‍ന്നു. കേരള-കർണാടക തീരത്തും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത 48 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
Adjust Story Font
16