Quantcast

ജനപ്രിയ പ്രഖ്യാപനങ്ങളില്ല; ഊന്നല്‍ അധികവിഭവ സമാഹരണത്തിന്

MediaOne Logo

Sithara

  • Published:

    3 Jun 2018 11:10 PM GMT

ജനപ്രിയ പ്രഖ്യാപനങ്ങളില്ല; ഊന്നല്‍ അധികവിഭവ സമാഹരണത്തിന്
X

ജനപ്രിയ പ്രഖ്യാപനങ്ങളില്ല; ഊന്നല്‍ അധികവിഭവ സമാഹരണത്തിന്

ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കി. ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി. എല്ലാ വീടുകള്‍ക്കും വെള്ളവും വൈദ്യുതിയും കക്കൂസും. മാരക രോഗങ്ങള്‍ക്ക് സൌജന്യ ചികിത്സ

12000 കോടി രൂപയുടെ മാന്ദ്യ വിരുദ്ധ പാക്കേജും ബജറ്റിന് പുറത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഭൂമി ഏറ്റെടുക്കലിനായി 8000 കോടി രൂപയും റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 5000 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ക്ഷേമ പദ്ധതികള്‍ക്കും ബജറ്റില്‍ വിഹിതം കണ്ടിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കാണ് ഡോ. തോമസ് ഐസക് ഊന്നല്‍ നല്‍കിയത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ഫണ്ട് ബോര്‍ഡിനെ നിയമനിര്‍മാണത്തിലുടെ ശക്തിപ്പെടുത്തി വിഭവ സമാഹരണം നടത്തും. മോട്ടോര്‍ വാഹന നികുതിയുടെ ഒരു വിഹിതവും പെട്രോള്‍ സെസും ഇതിലേക്ക് നല്‍കും. 12000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജിലൂടെ വിവിധ വകുപ്പുകളിലെ പദ്ധതിക്ക് പണം വകയിരുത്തി.

റോഡുകള്‍, പാലങ്ങള്‍ എന്നിവക്കായുള്ള 5000 കോടി രൂപ ഇതിന്‍റെ ഭാഗമാണ്. ദേശീയപാത, ഗെയില്‍ ഉള്‍പ്പടെയുള്ള ഭൂമി ഏറ്റെടുക്കലിനായി 3000 കോടി രൂപയും വ്യവസായ ഇടനാഴിക്കും വ്യവസായ സോണുകള്‍ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാന്‍ 5000 കോടി രൂപ മാറ്റിവെച്ചു. എറണാകുളം കോയമ്പത്തൂര്‍ വ്യവയാസ ഇടനാഴിക്കായി 1500 ഏക്കറും 5 വിവിധോദ്ദേശ വ്യവസായ സോണുകള്‍ക്കായി 5100 ഏക്കര്‍ ഭൂമിയുമാണ് ഏറ്റെടുക്കുക. ജല അഥോറിറ്റി സര്‍ക്കാര്‍ നല്‍കാനുള്ള പലിശ 1004 കോടി എഴുതിത്തള്ളുകയും 730 കോടി ഓഹരിയാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. 1000 പ്രകൃതിവാതക ബസുകള്‍ ഇറക്കാന്‍ കെഎസ്ആര്‍ടിസിക്ക്1000 കോടി രൂപ, ഐടി പാര്‍ക്കുകള്‍ക്കായി 1325 കോടി രൂപ, സിഎഫ്എല്‍ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ആക്കാന്‍ 250 കോടി എന്നിങ്ങനെ പോകുന്ന മറ്റു വകയിരുത്തലുകള്‍. 60 കഴിഞ്ഞ സാധാരണക്കാരായ എല്ലാവര്‍ക്കും പെന്‍ഷന്‍, എല്ലാവര്‍ക്കും വീട് എന്നിവയും ബജറ്റ് ലക്ഷ്യമിടുന്നു. ഭവന പദ്ധതിക്ക് 456 കോടി ഉള്‍പ്പടെ പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികളും ബജറ്റില്‍ ഇടം കണ്ടു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്

അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്. പാതിവഴിയില്‍ മുടങ്ങിയ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായം. വീടില്ലാത്തവരുടെ പട്ടിക തയ്യാറാക്കും. എല്ലാ വീടുകളിലും വെള്ളവും വെളിച്ചവും. നവംബര്‍ ഒന്നിനകം എല്ലാ വീടുകളിലും കക്കൂസ്. ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കും. പട്ടികജാതിക്കാര്‍ക്ക് ഭൂമിവാങ്ങുന്നതിനും വീടുവെക്കുന്നതും 450 കോടി രൂപ.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1000 രൂപ

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 1000 രൂപയാക്കി ഉയര്‍ത്തി. ‌ക്ഷേമപെന്‍ഷനുകള്‍ക്ക് 10 കോടി വകയിരുത്തും. ഓണത്തിന് മുമ്പ് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കും. 60 വയസ്സ് കഴിഞ്ഞ തൊഴിലുറപ്പുകാര്‍ക്ക് പെന്‍ഷന്‍. 60 വയസ്സുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍. ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും. അംഗനവാടി ജീവക്കാരുടെ ശമ്പള വര്‍ധനവിനു വേണ്ട പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കും.

മാരക രോഗങ്ങള്‍ക്ക് സൌജന്യ ചികിത്സ

കാരുണ്യ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കും. ഓട്ടിസം ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപയുടെ സഹായ പദ്ധതി. ഭിന്നലിംഗക്കാര്‍ക്ക് 68 കോടി രൂപയുടെ സഹായം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 10 കോടി രൂപ അനുവദിക്കും. കോക്ലിയര്‍ ഇംപ്ലാന്റേഷന് 10 കോടി രൂപ. സര്‍ക്കാര്‍ ആശുപത്രി നവീകരണത്തിന് 1000 കോടി. കുതിരവട്ടം മാനസിക ആരോഗ്യകേന്ദ്രത്തിന് 100 കോടി രൂപ. തലശ്ശേരിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 50 കോടി രൂപ. പുതിയ മെഡിക്കല്‍ കോളജുകള്‍ വേണ്ടെന്ന് വെക്കില്ല

കാര്‍ഷിക മേഖലക്ക് 600 കോടി

കാര്‍ഷിക മേഖലക്ക് 600 കോടി രൂപ. നെല്‍കൃഷി സബ്സിഡി വര്‍ധിപ്പിച്ചു. നെല്ല് സംഭരണത്തിന് 385 കോടി. തരിശുഭൂമിയില്‍ കൃഷിയിറക്കും. നെല്‍വയല്‍ നികത്തുന്നതിന് മുന്‍ ബജറ്റില്‍ ഫിനാന്‍സ് ബില്ലിന്റെ ഭാഗമായി കൊണ്ടുവന്ന വ്യവസ്ഥ റദ്ദാക്കും.നെല്‍വയല്‍ ഡാറ്റാബാങ്ക് ഒരു വര്‍ഷത്തിനകം. ഭൂമി ഏറ്റെടുക്കലിന്റെ കുടിശ്ശിക ഉടന്‍ കൊടുത്ത് തീര്‍ക്കും. ദേശീയപാത, വിമാനത്താവളം, ഗെയ്ല്‍ പൈപ്പ് ലൈന്‍ എന്നിവക്ക് ഭൂമിയേറ്റെടുക്കാന്‍ ഈ വര്‍ഷം 3000 കോടി. റബ്ബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി രൂപ. നാളികേര സംഭരണത്തിന് 25 കോടി. പച്ചക്കറി മേഖലക്ക് 100 കോടി. ചക്ക ഗവേഷണത്തിന് പ്രത്യേക പദ്ധതി. 10 കശുവണ്ടി വ്യവസായ സ്ഥാപനങ്ങള്‍ നവീകരിക്കാന്‍ 100 കോടി

കുട്ടികള്‍ക്ക് സൌജന്യ യൂനിഫോം

ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് സൌജന്യ യൂനിഫോം. ഒരു നിയോജന മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തും. ഇതിനായി 1000 കോടി രൂപ വകയിരുത്തും. അഞ്ച് വര്‍ഷം കൊണ്ട് അന്തര്‍ദേശീയ നിലവാരമുളള 1000 സ്കൂളുകള്‍. അഞ്ച് കോളജുകളെ ഡിജിറ്റല്‍ മികവ് കേന്ദ്രങ്ങളാക്കും. സാങ്കേതിക വിദ്യാഭ്യാസത്തിന് 135 കോടി. വയനാട്ടിലെ 241 സ്കൂളുകളില്‍ ഓരോ ആദിവാസി സ്ത്രീകളെ വീതം നിയമിക്കും. സാങ്കേതിക വിദ്യാഭ്യാസത്തിന് 135 കോടി. ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സഹായം

അഞ്ച് വര്‍ഷത്തേക്ക് വെള്ളക്കരം കൂട്ടില്ല

അടുത്ത അഞ്ച് വര്‍ഷത്തേക്ക് വെള്ളക്കരം വര്‍ധിപ്പിക്കില്ല. വാട്ടര്‍ അതോറിറ്റിക്ക് 2064 കോടി.

കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് 500 കോടി

കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് 500 കോടി രൂപ. 10 മുനിസിപ്പാലിറ്റികള്‍ക്ക് 750 കോടി രൂപ. മുന്നോക്ക വികസന കോര്‍പറേഷന് 35 കോടി രൂപ വകയിരുത്തും. സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജിന് 12000 കോടി രൂപ. കൊച്ചി പാലക്കാട് വ്യവസായ ഇടനാഴിക്ക് 1800 ഏക്കര്‍ ഭൂമി ഏറ്റെടുക്കും

കടലാക്രമണം തടയാനുള്ള പദ്ധതിക്ക് 300 കോടി

സിആര്‍ഇസഡ് മേഖലയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മാറിത്താമസിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കും. കടലാക്രമണം തടയാനുള്ള നിര്‍മാണങ്ങള്‍ക്ക് 300 കോടി. അഴീക്കല്‍ തുറമുഖ വികസനത്തിന് 500 കോടി രൂപ. ആലപ്പുഴയില്‍ നവീന ജലഗതാഗത പദ്ധതിക്ക് 400 കോടി.

ഐഎഫ്എഫ്‍കെക്ക് സ്ഥിരം കേന്ദ്രം
എല്ലാ ജില്ലാകേന്ദ്രങ്ങളിലും നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങള്‍. പടയണി തെയ്യം കലാകാരന്‍മാര്‍ക്ക് ക്ഷേമപെന്‍ഷന്‍. ശിവഗിരിയിലെ ജാതിയില്ലാ വിളംബര മ്യൂസിയത്തിന് അഞ്ച് കോടി രൂപ. ഐഎഫ്എഫ്‍കെക്ക് സ്ഥിരം കേന്ദ്രം നിര്‍മിക്കാന്‍ 50 കോടി രൂപ. ഓരോ ജില്ലകളിലും മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 500 കോടി. ജി വി രാജ, കണ്ണൂര്‍ അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളിന് 50 കോടി. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സ്റ്റേഡിയം നിര്‍മിക്കും, ഉള്ളവ വിപുലീകരിക്കും. ഇതിന് 5 കോടി വീതം.

റോഡ്, പാലം, കെട്ടിടം - 5000 കോടി

റോഡ്, പാലം, കെട്ടിടം എന്നിവക്ക് മാന്ദ്യവിരുദ്ധ പാക്കേജിലൂടെ 5000 കോടി. റോഡിനും പാലത്തിനും 1206 കോടി. നിലവിലുള്ള റെയില്‍ പാതക്ക് സമാന്തരമായി പുതിയ റെയില്‍ പാത സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കും. ശബരിമല മാസ്റ്റര്‍ പ്ലാനിന് 150 കോടി രൂപ. എട്ട് ഫ്ലൈ ഓവറുകള്‍ക്ക് 180 കോടി. 1000 സിഎന്‍ജി ബസിന് 300 കോടി രൂപ. ആലപ്പുഴയില്‍ മൊബിലിറ്റി ഹബ്ബ്. വയനാട്ടിലും ബേക്കലിലും എയര്‍സ്ട്രിപ്പ്

എല്‍ഇഡി ബള്‍ബ് വിതരണത്തിന് 250 കോടി

എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യാന്‍ 250 കോടി രൂപ. എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിക്കുന്നതിന് ഫാക്ടറി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുകളില്‍ സൌരോര്‍ജ പ്ലാന്റ്. സോളാര്‍ എനര്‍ജി വഴി 1000 മെഗാവാട്ട് വൈദ്യുതി ലക്ഷ്യം. വൈദ്യുത വകുപ്പ് അടങ്കലിന്‍ 1350 കോടി രൂപ.

അഞ്ച് വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ട് അപ്പ്

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 100 കോടി. അഞ്ച് വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ട് അപ്പ്. ത്രിതല പഞ്ചായത്ത്, നഗരസഭ എന്നിവക്ക് 5000 കോടി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ വേതനം ഇരട്ടിയാക്കും. ഉപാധിരഹിത ഫണ്ടായി 500 കോടി രൂപ കൂടി അനുവദിക്കും

പ്രവാസി പുനരധിവാസത്തിന് 24 കോടി

പ്രവാസികളുടെ പുനരധിവാസത്തിന് 24 കോടി രൂപ. നോര്‍ക്കയ്ക്ക് 28 കോടി രൂപ.

കുടുംബശ്രീക്ക് 200 കോടി

കുടുംബശ്രീക്ക് 200 കോടി രൂപ. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ്. ജന്‍ഡര്‍ ബജറ്റിങ് പുനഃസ്ഥാപിക്കും. ബജറ്റ് രേഖകള്‍ക്കൊപ്പം ജന്‍ഡര്‍ ഓഡിറ്റിങ്ങും. നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ പദ്ധതിക്ക് 12.5 കോടി. സ്കൂളുകളില്‍ വിദ്യാര്‍ഥിനി സൌഹൃദ മൂത്രപ്പുരകള്‍. പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ ഭാഗമായി പൊതു ടോയ്‌ലറ്റുകള്‍.

വയനാടിന് 100 കോടി

വയനാട്ടില്‍ വന്യജീവികളില്‍ നിന്ന് ജനങ്ങളെയും കൃഷിയും സംരക്ഷിക്കാന്‍ 100 കോടി. വയനാട് ജില്ലയെ കാര്‍ബണ്‍ തുലിത പ്രദേശമാക്കും. കുട്ടനാട് പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക പദ്ധതി

മദ്യത്തിനെതിരെ ജനകീയ പ്രസ്ഥാനം

മദ്യത്തിനും മയക്കുമരുന്നിനും എതിരെ ജനകീയ പ്രസ്ഥാനം. ജില്ലാ ആശുപത്രികള്‍ ഡീ അഡിക്ഷന്‍ സെന്ററുകളാക്കും

നികുതി വര്‍ധനവിന് ഒന്‍പതിന പരിപാടി

നികുതി വരുമാനം 25 ശതമാനം വര്‍ധിപ്പിക്കുക ലക്ഷ്യം. നികുതി വര്‍ധനവിന് ഒന്‍പതിന പരിപാടി. വ്യാപാരികളുടെ നികുതി റിട്ടേണുകള്‍ സമഗ്രമായി പരിശോധിക്കും. ജിഎസ്‍ടി വരുമ്പോള്‍ ചെക്ക് പോസ്റ്റുകള്‍ ഡാറ്റാകലക്ഷന്‍ സെന്ററുകളായി തുടരും. ചെക്ക്പോസ്റ്റിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും.ശമ്പളവും പെന്‍ഷനും ട്രഷറി വഴിമാത്രം വിതരണം ചെയ്യും. ട്രഷറി നിക്ഷേപത്തിന് ഉയര്‍ന്ന പലിശ

വില കൂടും

പാക്കറ്റിലുള്ള ഗോതമ്പ് ഉല്‍പന്നങ്ങള്‍, ബസുമതി അരി, വെളിച്ചെണ്ണ എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി. ബ്രാന്‍ഡഡ് ജങ്ക് ഫുഡ്സിന് 14.5 ശതമാനത്തിന്റെ നികുതി വര്‍ധന. പിസ്സ, പാസ്ത, ബര്‍ഗര്‍ എന്നിവക്ക് വില കൂടും. തുണിത്തരങ്ങള്‍ക്ക് രണ്ട് ശതമാനം നികുതി. പ്ലാസ്റ്റിക് കപ്പുകള്‍, ബാഗുകള്‍ എന്നിവക്ക് വില കൂടും. അലക്ക് സോപ്പിന് വിലകൂടും. ഭൂമി രജിസ്ട്രേഷന്‍ ടാക്സ് കൂട്ടി. ഇതര സംസ്ഥാനങ്ങളിലേക്ക് പോവുന്ന വാഹനങ്ങള്‍ക്ക് യാത്രാനികുതി കൂടും

വില കുറയും

സിനിമാ ടിക്കറ്റ് നിരക്ക് കുറയും. തെര്‍മോകോള്‍, പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവക്ക് വില കുറയും. സ്ക്രാപ്പ് ബാറ്ററിക്ക് വില കുറയും

പഴയ വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ്

പഴയ വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഏര്‍പ്പെടുത്തും. പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുമ്പോള്‍ 400 രൂപയും ഫിറ്റ്നസ് പുതുക്കുമ്പോള്‍ 200 രൂപയും അധികമായി നല്‍കണം. ആറ് മാസത്തിനകം നികുതി അടച്ചില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടും.

TAGS :

Next Story