മരണം 32 ആയി; കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു
മരണം 32 ആയി; കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു
കൊച്ചി പുറംകടലില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.
ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ മരണസംഖ്യ 32 ആയി. കൊച്ചി പുറംകടലില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തിരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അതേസമയം കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് കൊച്ചി പുറംകടലില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. ഇവരെ തിരച്ചറിയാനായിട്ടില്ല. കടല്‍ക്ഷോഭത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന പുല്ലുവിള സ്വദേശി രതീഷ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.
മറൈൻ എൻഫോഴ്സ്മെന്റ് ആറ് ബോട്ടുകളിലായാണ് തിരച്ചില്‍ നടത്തുന്നത്. 15 മത്സ്യത്തൊഴിലാളികളും ഇവർക്കൊപ്പം ഉണ്ട്. നാവികസേനയുടെ നാല് കപ്പലുകളും പരിശോധന നടത്തുകയാണ്. ലക്ഷദ്വീപിലെ ബിത്ര തീരത്ത് മൂന്ന് ബോട്ടുകൾ എത്തി. കന്യാകുമാരിയിൽ നിന്നുള്ള ഭാരത്, അന്ന, ഡയാന എന്നി ബോട്ടുകളാണ് എത്തിയത്. തൊഴിലാളികൾ സുരക്ഷിതരാണ്. ഗോവ തീരത്തു നിന്ന് 7 ബോട്ടുകൾ കേരള തീരത്തേക്ക് തിരിച്ചിട്ടുണ്ട്.
ലക്ഷദ്വീപില്‍ നിന്ന് ദിശമാറിപ്പോയ ബോട്ട് മംഗലാപുരത്തെത്തിയതായാണ് വിവരം. വിവിധ ബോട്ടുകളിലായി 46 പേരാണ് മംഗലാപുരം തീരത്ത് എത്തിയത്. ലക്ഷദ്വീപിലെ കാലാവസ്ഥ സാധാരണ നിലയിലാവാതെ തിരികെ പോവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇവര്‍. അതേസമയം തോപ്പുംപടി ഹാര്‍ബറില്‍ പത്ത് ബോട്ടുകള്‍ ഇന്ന് തിരിച്ചെത്തി. തമിഴ്നാട് സ്വദേശികളുടേതാണ് ബോട്ട് കൾ. നേവി, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവർ ചേർന്നുള്ള തിരച്ചിൽ തുടരും.
കൊച്ചിയില്‍ നിന്നുപോയ 218 ബോട്ടുകളില്‍ 40 എണ്ണം മാത്രമേ ഇനി തിരിച്ചെത്താനുള്ളൂ. രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളെയും ഉൾക്കൊള്ളാനായി നേവിയുടെ ഐഎന്‍എസ് കബ്ര നാളെ 8 മണിക്ക് വിഴിഞ്ഞത്തെത്തും. രണ്ട് മത്സ്യത്തൊഴിലാളികളെ ഐഎന്‍എസ് കബ്രയിൽ അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ച് തിരച്ചിൽ നടത്തും.
Adjust Story Font
16