ബസ് ബോഡി നിര്‍മ്മാണത്തിന് കേന്ദ്രത്തോട് അനുമതി തേടി കെഎസ്ആര്‍ടിസി
ബസ് ബോഡി നിര്‍മ്മാണത്തിന് കേന്ദ്രത്തോട് അനുമതി തേടി കെഎസ്ആര്‍ടിസി
അംഗീകാരം ലഭിച്ചാല്‍ സ്വകാര്യ ബസുകളുടെ ബോഡി നിര്‍മാണത്തിലൂടെ കോടികളുടെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കെഎസ്ആര്‍ടിസി
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ബോഡി കോഡ് അനുസരിച്ചുള്ള ബസ് ബോഡി നിര്‍മാണത്തിനുള്ള അനുമതി കെഎസ്ആര്‍ടിസിയുടെ വര്‍ക്ക് ഷോപ്പുകള്‍ക്ക് ലഭിച്ചേക്കും. ഇത് സംബന്ധിച്ച അപേക്ഷ കെഎസ്ആര്‍ടിസി കേന്ദ്രത്തിന് നല്കിയിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ സ്വകാര്യ ബസുകളുടെ ബോഡി നിര്‍മാണത്തിലൂടെ കോടികളുടെ വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി.
പൂനെയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ടിന്റെ അംഗീകാരമുളളവര്‍ക്ക് മാത്രമേ ബസ് ബോഡി നിര്‍മാണം പാടുള്ളൂവെന്ന കേന്ദ്രത്തിന്റെ നിബന്ധന വന്നത് കെഎസ്ആര്‍ടിസിയെ പ്രതികൂലമായി ബാധിച്ചിരുന്നു. തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പിനും കോട്ടയത്തെ സ്വകാര്യ വര്‍ക്ക് ഷോപ്പിനും മാത്രമേ നിലവില്‍ ബോഡി നിര്‍മാണത്തിന് അംഗീകാരമുള്ളൂ.
പുതിയ നിബന്ധന വന്നതോടെ കെഎസ്ആര്‍ടിസിയുടെ കോഴിക്കോടും എടപ്പാളുമടക്കമുളള വര്‍ക്ക് ഷോപ്പുകളിലെ ബോഡി നിര്‍മാണം നിര്‍ത്തി വെച്ചു. ഇത് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് കോര്‍പ്പറേഷന് കീഴിലുള്ള വര്‍ക്ക് ഷോപ്പുകളില്‍ ബോഡി നിര്‍മിക്കാനുള്ള അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചത്.
അനുമതി ലഭിച്ചാല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കും. ഇതിനു പുറമേ സ്വകാര്യ ബസുകളുടെ ബോഡി നിര്‍മാണവും കെഎസ്ആര്‍ടിസിക്ക് ഏറ്റെടുത്ത് നടത്താം. കടത്തില്‍ മുങ്ങിയ കെഎസ്ആര്‍ടിസിക്ക് ഇത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‍മെന്റ്.
Adjust Story Font
16