Quantcast

സൌമ്യ കേസില്‍ പുനപരിശോധന ഹരജി ഈയാഴ്ച സമര്‍പ്പിക്കുമെന്ന് നിയമമന്ത്രി

MediaOne Logo

Sithara

  • Published:

    5 Jun 2018 11:54 AM GMT

സൌമ്യ കേസില്‍ പുനപരിശോധന ഹരജി ഈയാഴ്ച സമര്‍പ്പിക്കുമെന്ന് നിയമമന്ത്രി
X

സൌമ്യ കേസില്‍ പുനപരിശോധന ഹരജി ഈയാഴ്ച സമര്‍പ്പിക്കുമെന്ന് നിയമമന്ത്രി

സൌമ്യ വധക്കേസില്‍ പുനപരിശോധന ഹരജി നല്‍കുന്നതില്‍ നിയമോപദേശം തേടുന്നതിന്റെ ഭാഗമായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനങ്ങള്‍.

സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിന് എതിരെ ഈയാഴ്ച തന്നെ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍. അറ്റോര്‍ണി ജനറല്‍ കേസ് ഏറ്റെടുക്കുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുറന്ന കോടതിയില്‍ കേസ് വാദിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

സൌമ്യ വധക്കേസില്‍ പുനപരിശോധന ഹരജി നല്‍കുന്നതില്‍ നിയമോപദേശം തേടുന്നതിന്റെ ഭാഗമായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനങ്ങള്‍. പുതിയ തെളിവുകളൊന്നും ഹാജരാക്കാനില്ലാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഈ ആഴ്ച തന്നെ അറ്റോര്‍ണി ജനറല്‍ വഴി പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം.

മാരകമായി മുറിവേപ്പിക്കലിന്റെ പരിധിയില്‍ കേസ് പരിഗണിച്ചാണ് സുപ്രീം കോടതി ഗോവിന്ദചാമിയുടെ ശിക്ഷ ജീവപര്യന്തമാക്കിയത്. ഇതിന് ഏഴ് വര്‍ഷത്തെ അധിക തടവ് വിധിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയും വിചാരണ കോടതിയും ശരിവച്ച കൊലപാതകകുറ്റം തെളിവുകളുടെ അഭാവത്തില്‍ റദ്ദാക്കുകയും ചെയ്തു.
‌‌
മരണകാരണമായ മുറിവുകളേല്‍പ്പിച്ച ഗോവിന്ദചാമിക്ക് അധികശിക്ഷ വിധിച്ച കോടതി കൊലപാതക കുറ്റം ഒഴിവാക്കിയതിലെ വിരോധാഭാസത്തെയാണ് ഹരജി ചോദ്യം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും അറ്റോര്‍ണി ജനറലുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഏക ദൃക്സാക്ഷിയെ കണ്ടെത്താന്‍ കഴിയാതെ പോയത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന കാര്യവും മന്ത്രി ശരിവെച്ചു.

TAGS :

Next Story