താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു; നാളീകേര സംഭരണം സ്തംഭനത്തിലേക്ക്
കേരഫെഡ് കൃഷിഭവന്‍ മുഖേന നടത്തി വന്ന സംഭരണമാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തോടെ വഴി മുട്ടുന്നത്
കൃഷിഭവനുകളില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ കൂട്ടതോടെ പിരിച്ചു വിട്ടതോടെ സംസ്ഥാനത്തെ നാളീകേര സംഭരണം സ്തംഭനത്തിലേക്ക്. കേരഫെഡ് കൃഷിഭവന്‍ മുഖേന നടത്തി വന്ന സംഭരണമാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തോടെ വഴി മുട്ടുന്നത്. ഇതോടെ നാളീകേര കര്‍ഷകരും പ്രതിസന്ധിയിലായി.
നാളീകേരത്തിന്‍റ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ 2013 ജനുവരിയിലാണ് കേരാഫെഡ് നാളീകേര സംഭരണം ആരംഭിക്കുന്നത്. കൃഷി ഭവന്‍ മുഖേനയായിരുന്നു സംഭരണം. പൊതു വിപണിയില്‍ 15 രൂപ മാത്രമാണ് ഇപ്പോള്‍ നാളീകേരത്തിനുള്ളത്. എന്നാല്‍ 25 രൂപക്കാണ് കേരാഫെഡിന്‍റെ സംഭരണം. സംഭരണ കേന്ദ്രങ്ങളിലേക്ക് അക്കൌണ്ടന്‍റ്മാരേയും സഹായികളേയും ദിവസ വേതന വ്യവസ്ഥയിലായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചിരുന്നത്. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടാന്‍ കൃഷിവകുപ്പ് ഡയറക്ടറാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.ഇവരെ കൂട്ടത്തോടെ പിരിച്ചു വിടാനുള്ള തീരുമാനം നാളീകേര സംഭരണത്തിന് തിരിച്ചടിയാകുമെന്നാണ് ആക്ഷേപം.
സംഭരിച്ച നാളീകേരത്തിന്‍റെ വില കുടിശിക ഇനത്തില്‍ ലക്ഷങ്ങളാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ഇതു സംബന്ധിച്ച കണക്കുകള്‍ കൈകാര്യം ചെയ്യുന്നത് അക്കൌണ്ടന്‍റുമാരും. ബദല്‍ സംവിധാനമൊന്നും ഏര്‍പ്പെടുത്താതെ ഇവരെ പിരിച്ചു വിടുന്നതില്‍ കര്‍ഷകര്‍ക്കും ആശങ്കയുണ്ട്.
Adjust Story Font
16