Quantcast

മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ സിപിഎമ്മില്‍ എതിര്‍പ്പ്

MediaOne Logo

Sithara

  • Published:

    5 Jun 2018 4:11 PM GMT

പൊലീസിനെ നിയന്ത്രിക്കേണ്ടിവരുമെന്ന് സിപിഎം നേതൃത്വം മുന്നറിയിപ്പ് നൽകി

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനശൈലിക്കെതിരെ സിപിഎമ്മിൽ എതിർപ്പുയരുന്നു. ആഭ്യന്തര വകുപ്പിന്റെ പാർട്ടിവിരുദ്ധ നടപടികളും മുഖ്യമന്ത്രിയുടെ ഒറ്റയാൾപോക്കുമാണ് വിമർശനത്തിനിടയാക്കിയത്. പൊലീസിനെ നിയന്ത്രിക്കേണ്ടിവരുമെന്ന് സിപിഎം നേതൃത്വം മുന്നറിയിപ്പ് നൽകി.

ദേശീയഗാന വിവാദത്തിലും പൊതുപ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ വിഷയത്തിലുമുളള ആഭ്യന്തരവകുപ്പിന്റെ നിലപാട് പാർട്ടി നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടാകാത്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതോടെയാണ് പോലീസിനെയും ആഭ്യന്തര വകുപ്പിനെയും പരസ്യമായി വിമർശിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുളളവർ രംഗത്തെത്തിയത്.

വിമർശം പോലീസിനെതിരെയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻറ പ്രവർത്തനശൈലികളോടുളള എതിർപ്പാണ് പരോക്ഷമായി നേതാക്കൾ പ്രകടിപ്പിക്കുന്നത്. പൊലീസ് വഴിവിട്ട് പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിയന്ത്രിക്കേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പരസ്യ പ്രതികരണം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്.

എൽഡിഎഫ് സർക്കാറിന് പ്രഖ്യാപിത പോലീസ് നയമുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടിയേരി ബാലകൃഷ്ണനും മുന്നറിയിപ്പ് നൽകി. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് പാർട്ടിസെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. നേരത്തെ വി എസ് അച്യുതാനന്ദനും എം എ ബേബിയും പോലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

TAGS :

Next Story