നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ സുഹൃത്ത് ചാര്‍ളി കൂട്ടുപ്രതി
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ സുഹൃത്ത് ചാര്‍ളി കൂട്ടുപ്രതി
കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ കോയമ്പത്തൂരിലെ സുഹൃത്ത് ചാര്‍ളിയെയും കൂട്ടുപ്രതിയാക്കും. കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. പ്രതികളുടെ ചോദ്യം ചെയ്യല്‍ ആലുവയില്‍ തുടരുകയാണ്.
മുഖ്യപ്രതി പള്‍സര്‍ സുനിയും കൂട്ടാളികളും പിടിയിലായി ദിവസങ്ങളായിട്ടും ഇതുവരെയും കേസിലെ മുഖ്യ തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തത് പൊലീസിനെ വലക്കുകയാണ്. ചോദ്യം ചെയ്യലിനോട് ശരിയായി പള്‍സര്‍ സുനി പ്രതികരിക്കാത്തത് സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് തടസമാകുന്നുമുണ്ട്. സംഭവശേഷം പള്‍സര്‍ സുനി കൂട്ടാളികളെ ഒഴിവാക്കി കണ്ടത് ആരെയാണെന്ന് ഇതുവരേയും കൃത്യമായ മറുപടി പൊലീസിന് ലഭിച്ചിട്ടില്ല. പ്രതി പോയതെന്ന് കരുതുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതില്‍ നിന്ന് കിട്ടിയ മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളുമെല്ലാം പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി കൈമാറി. കോയമ്പത്തൂരില്‍ പള്‍സര്‍ സുനിക്ക് സഹായം ചെയ്തുകൊടുത്ത ചാര്‍ളിയെ കണ്ടെത്താന്‍ ഇതുവരേയും പൊലീസിനായിട്ടില്ല.
പള്‍സര്‍ സുനിയുമായി തെളിവെടുപ്പിനായി പൊലീസ് എത്തുന്നതറിഞ്ഞ് മുങ്ങിയ ചാര്‍ളിയെ കേസില്‍ കൂട്ടുപ്രതിയാക്കും. ഇവര്‍ തങ്ങിയ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണും മറ്റ് വസ്തുക്കളും ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡുമെല്ലാം ചാര്‍ളിയെ സുനി ഏല്‍പ്പിച്ചിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്.
Adjust Story Font
16